snapdealന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീൽ മറ്റേതെങ്കിലുമൊരു കമ്പനിക്ക്‌ വിറ്റൊഴിയാൻ ഉടമകളൊരുങ്ങുന്നു. ഇതിനായി എതിരാളികളായ ഫ്ലിപ്കാർട്ട്, പേടിഎം എന്നിവയുമായി സ്നാപ്ഡീലിന്റെ ഉടമകളായ ജാസ്പർ ഇൻഫോടെക് ചർച്ചകൾ ആരംഭിച്ചു. അതേസമയം, ഓഹരി വില്പന സംബന്ധിച്ച ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് സ്നാപ്ഡീൽ നൽകുന്ന വിശദീകരണം. 

സ്നാപ്ഡീലിൽ 90 കോടി ഡോളറി (ഏതാണ്ട് 6,000 കോടി രൂപ) ന്റെ മൂലധന നിക്ഷേപം നടത്തിയിരിക്കുന്ന ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്കാണ് ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. സോഫ്റ്റ്ബാങ്കിൽ നിന്നുൾപ്പെടെ 176 കോടി ഡോളറിന്റെ മൂലധന നിക്ഷേപം (ഏതാണ്ട് 11,700 കോടി രൂപ) സ്നാപ്ഡീൽ ഇതുവരെ നേടിയിട്ടുണ്ട്. 

ഇടപാട് വേഗത്തിൽ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഫ്ളിപ്കാർട്ടുമായും പേടിഎമ്മുമായും ഒരേസമയം ചർച്ച നടത്തുന്നത്. ഏറ്റവും ആദ്യം ആരു വാങ്ങാൻ സന്നദ്ധമാകുന്നുവോ അവർക്കാവും കമ്പനി വിൽക്കുക. പേടിഎം ആണ് സ്നാപ്ഡീലിനെ സ്വന്തമാക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്നതെന്നാണ് റിപ്പോർട്ട്. പേടിഎമ്മിലെ മുഖ്യ ഓഹരിയുടമകളായ ആലിബാബയ്ക്കും സ്നാപ്ഡീലിനെ ഏറ്റെടുക്കുന്നതിൽ എതിർപ്പില്ല.

ചുരുങ്ങിയത് 150 കോടി ഡോളർ (ഏതാണ്ട് 10,000 കോടി രൂപ) ആണ് സ്നാപ്ഡീലിന്റെ ഓഹരിയുടമകൾ പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ ദൈനംദിന പ്രവർത്തനത്തിനു ഫണ്ടിന്റെ അഭാവമുള്ളതിനാൽ, സോഫ്റ്റ്ബാങ്ക് അടിയന്തരമായി അഞ്ചു കോടി ഡോളർ (330 കോടി രൂപ) ഹ്രസ്വകാല വായ്പയായി സ്നാപ്ഡീലിനു ലഭ്യമാക്കും. ഇ-കൊമേഴ്‌സ് രംഗത്ത് മത്സരം ശക്തമായതോടെ, മിക്ക കമ്പനികളും പ്രതിസന്ധിയിലാണ്. ഭൂരിഭാഗം കമ്പനികളുടെയും നഷ്ടം പെരുകിക്കൊണ്ടിരിക്കുകയാണ്.