ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിങ് ശീലം സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇ-കൊമേഴ്‌സ് ശീലം പരിശോധിക്കാന്‍ അടുത്തമാസം മുതല്‍ സര്‍വേ നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍.

സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനാണ് സര്‍വേ നടത്തുക. ജൂലായില്‍ തുടങ്ങുന്ന സര്‍വേ 2018 ജൂണിലാണ് അവസാനിക്കുക. 

വിവിധ ഉത്പന്നങ്ങള്‍ ഒരോ കുടുംബങ്ങളും വാങ്ങുന്നതും അതിനുവേണ്ടി എത്രതുക ചെലവഴിക്കുന്നുവെന്നതും പഠനവിധേയമാക്കും. നഗരം, ഗ്രാമം എന്നിവിടങ്ങളില്‍നിന്നുള്ള മേഖലകള്‍ തിരിച്ചായിരിക്കും സര്‍വേ നടത്തുക. 

റെഡ്‌സീല്‍ കണ്‍സള്‍ട്ടിങ് 2016ല്‍ നടത്തിയ പഠനപ്രകാരം 2016ല്‍ 14.5 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ നടന്നത്. 

റീട്ടെയില്‍ കച്ചവടവുമായി ബന്ധപ്പെടുത്തിയാല്‍ ഇത് വളരെ കുറവാണ്. 750 ബില്യണ്‍ ഡോളറാണ് റീട്ടെയില്‍ മേഖലയില്‍ ജനങ്ങള്‍ ചെലവഴിക്കുന്നത്. 

എന്നാല്‍ അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് മേഖലയിലെ യഥാര്‍ത്ഥചിത്രം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ സര്‍വേയുടെ ലക്ഷ്യം. 

5000ത്തോളം നഗരപ്രദേശങ്ങളിലെയും 7000ത്തോളം ഗ്രാമപ്രദേശങ്ങളിലെയും 1.2 ലക്ഷം കുടുംബങ്ങളെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.