കൊച്ചി: രാജ്യത്തെ ഇ-കൊമേഴ്‌സ് വിൽപ്പനയുടെ ഉത്സവകാലമായ ദീപാവലിക്ക് ഏതാണ്ട് ഒരു മാസം അവശേഷിക്കെ വൻ ഓഫറുകളുടെ വെടിക്കെട്ടുമായി പ്രമുഖ കമ്പനികൾ. കടുത്ത മത്സരം നിലനിൽക്കുന്ന വിപണിയിൽ പുതിയ തന്ത്രങ്ങളുമായി ഉപഭോക്തൃ അടിത്തറ വിപുലമാക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടും അമേരിക്കൻ കമ്പനിയായ ആമസോണിന്റെ ഇന്ത്യൻ സംരംഭമായ ആമസോൺ ഇന്ത്യയും.

ബുധനാഴ്ച ഇവർ അങ്കം കുറിക്കുമ്പോൾ പോരാടാൻ സ്നാപ്ഡീലും പേടിഎമ്മുമുണ്ട്. സ്നാപ്ഡീലിന്റെതാണ്  ഏറ്റവും ദൈർഘ്യമേറിയ ഉത്സവകാല വിൽപ്പന. 20 മുതൽ 25 വരെയാണിത്. 

പണമടയ്ക്കാൻ കൂടുതൽ എളുപ്പമായ മാർഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഇത്തവണത്തെ സവിശേഷത.  ഇക്കുറി ഇ-കൊമേഴ്സ് കമ്പനികളുടെയെല്ലാം കൂടിയുള്ള മൊത്ത വിൽപ്പന ലക്ഷ്യം 10,880 കോടി രൂപയാണെന്നാണ് റെഡ്‌സീർ കൺസൾട്ടിങ്ങിന്റെ വിലയിരുത്തൽ.

20 മുതൽ 24 വരെയാണ് ഫ്ലിപ്കാർട്ടിന്റെ ‘ബിഗ് ബില്യൻ ഡെയ്‌സ്’ വിൽപ്പന. 90 ശതമാനം വരെ വിലക്കിഴിവാണ് വാഗ്ദാനം. ‘ഇപ്പോൾ വാങ്ങൂ പണം പിന്നീട്’ എന്ന ഓഫറാണ് ഇത്തവണത്തെ പുതുമ. ഡെബിറ്റ് കാർഡ് ഇടപാടിന്‌ തവണ വ്യവസ്ഥയ്ക്കുള്ള അവസരവുമുണ്ട്. ഇതിന്‌ നാല് ബാങ്കുകളുമായി ധാരണയായി. ടി.വി., ഫ്രിഡ്ജ്, സ്‌പ്ലിറ്റ് എ.സി., വാഷിങ് മെഷീൻ എന്നിവയ്ക്ക് 70 ശതമാനം വരെയാണ് വിലക്കിഴിവ്. ബിഗ് സ്‌ക്രീൻ ടി.വി.ക്ക് 70,000 രൂപ വരെയുള്ള വിലക്കിഴിവാണ് മറ്റൊരു പ്രധാന ആകർഷണം. വിൽപ്പനയിൽ 60 ശതമാനം വളർച്ചയാണ് പ്രതീക്ഷ.

ആമസോൺ ഇന്ത്യയുടെ ഉത്സവകാല വിൽപ്പന 21 മുതൽ 24 വരെയാണ്. എന്നാൽ പ്രൈം ഉപയോക്താക്കൾക്ക് 20 മുതൽ പ്രത്യേക അവസരമുണ്ട്. ഫാഷൻ, അടുക്കള ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്.

മൊബൈൽ ഫോൺ, ഇലക്‌ട്രോണിക്സ്, അപ്ലയൻസസ് എന്നിവയ്ക്ക് 40 മുതൽ 60 ശതമാനം വരെയാണ് വിലക്കിഴിവ്. കൂടാതെ ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കാഷ് ബാക്കും ഉണ്ട്. പരമാവധി 500 രൂപയാണ് ഇങ്ങനെ ലഭിക്കുക. പ്രധാനമായും ഫാഷൻ, സൗന്ദര്യവർധക-ആരോഗ്യ ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ആമസോണിന്റെ സ്വന്തം ബ്രാൻഡായ ആമസോൺ ബേസിക്‌സിൽ 60 ശതമാനം വിലക്കിഴിവുണ്ട്.

പേടിഎമ്മിന്റെ ‘മേരാ കാഷ്ബാക്ക് സെയിൽ’ സെപ്റ്റംബർ 20 മുതൽ 23 വരെയാണ്.