ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് മുന്നോട്ടുള്ള പ്രയാണത്തിന്റെ അടുത്ത പടിയായി തലപ്പത്ത് വന്‍ മാറ്റങ്ങള്‍ വരുത്തി. കമ്പനിയുടെ സഹ സ്ഥാപകനും നിലവില്‍ സി.ഇ.ഒ.യുമായ സച്ചിന്‍ ബന്‍സാലിനെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഉയര്‍ത്തി. മറ്റൊരു സഹ സ്ഥാപകനായ ബിന്നി ബന്‍സാലായിരിക്കും പുതിയ സി.ഇ.ഒ. ഇതുവരെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു ബിന്നി. 

സി.ഇ.ഒ. ആയി നിയമിതനായതോടെ ബിന്നിയായിരിക്കും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ ഉത്തരവാദിത്വവും അദ്ദേഹത്തിനായിരിക്കും. ഫ്‌ലിപ്കാര്‍ട്ടിന്റെ വിവിധ ബിസിനസ് വിഭാഗങ്ങളായ കൊമേഴ്‌സ്, ഇ കാര്‍ട്ട്, മിന്ത്ര എന്നിവ ബിന്നിയുടെ മുമ്പാകെയായിരിക്കും ഇനി റിപ്പോര്‍ട്ട് ചെയ്യുക. മറ്റ് വകുപ്പുകളും അദ്ദേഹത്തിന് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഫ്‌ലിപ്കാര്‍ട്ടിന്റെ നേതൃത്വത്തിന് ഉപദേശങ്ങള്‍ നല്‍കുകയും പുതിയ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തുകയുമാണ് സച്ചിന്‍ ബന്‍സാലിന്റെ ചുമതല. 

നിലവില്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ (1500 കോടി ഡോളര്‍) മൂല്യം കണക്കാക്കുന്ന ഫ്‌ലിപ്കാര്‍ട്ട്, പ്രഥമ പബ്ലിക് ഓഫറിലൂടെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായാണ് തലപ്പത്തെ അഴിച്ചുപണി. 

ഡല്‍ഹി ഐ.ഐ.ടി.യിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ സച്ചിനും ബിന്നിയും ചേര്‍ന്ന് 2007-ലാണ് ഫ്‌ലിപ്കാര്‍ട്ടിന് തുടക്കമിട്ടത്. ഇ-കൊമേഴ്‌സ് രംഗത്തെ ആഗോള കമ്പനിയായ ആമസോണില്‍ സഹ പ്രവര്‍ത്തകരായിരുന്നു ഇരുവരും. അവിടം വിട്ടാണ് രണ്ടുപേരും ചേര്‍ന്ന് ഫ്‌ലിപ്കാര്‍ട്ടിന് തുടക്കമിട്ടത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ മുന്‍നിരക്കാരായി വളര്‍ന്ന ഫ്‌ലിപ്കാര്‍ട്ട് പിന്നീട് ഫാഷന്‍ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്പനക്കാരായ മിന്ത്ര ഉള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങളെ ഏറ്റെടുത്തു. 

മിന്ത്രയുടെ സഹ സ്ഥാപകനും ചെയര്‍മാനുമായിരുന്ന മുകേഷ് ബന്‍സാലാണ് ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹം ആ സ്ഥാനത്ത് തുടരും. മൂന്ന് പേരുടെയും അവസാന പേര് ബന്‍സാല്‍ എന്നാണെങ്കിലും ഇവര്‍ സഹോദരങ്ങളോ ബന്ധുക്കളോ അല്ല.