ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ റിലയന്‍സ് ജിയോ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ അസംബ്ലിങ് യൂണിറ്റുകള്‍ തുടങ്ങുന്നു.

ചെന്നൈയില്‍ ഇതിനകം യൂണിറ്റ് പ്രവര്‍ത്തനംതുടങ്ങി. തിരുപ്പതിയില്‍ ഉടനെ തുടങ്ങുമെന്നാണ് അറിയുന്നത്. നിലവിലെ ആവശ്യം പരിഗണിച്ചാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ കമ്പനി അസംബ്ലിങ് യൂണിറ്റ് ആരംഭിക്കുന്നത്. 

ഭൂമി ലഭിച്ചുകഴിഞ്ഞാല്‍ 12മാസത്തിനകം തിരുപ്പതി യൂണിറ്റ് പ്രവര്‍ത്തനംതുടങ്ങുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ആന്ധ്ര സര്‍ക്കാര്‍ കരാറിലെത്തിയിട്ടുണ്ട്.

തിരുപ്പതിക്കുസമീപം 150 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്ത് ഇലക്ട്രോണിക് മാനുഫാക്ചറിങ് പ്ലാന്റ്‌ നിര്‍മിക്കാനാണ് പദ്ധതി. 15,000 കോടി രൂപയാണ് ഇതിനുവേണ്ടി മുതല്‍ മുടക്കുക. ഈ പ്ലാന്റില്‍ മൊബൈല്‍ ഫോണുകളും സെറ്റ് ടോപ്പ് ബോക്‌സുകളുമാണ് നിര്‍മിക്കുക. 

ചെന്നൈ യൂണിറ്റ് തുടങ്ങുന്നതിനുമുമ്പായി ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത 60 ലക്ഷം ഫീച്ചര്‍ ഫോണുകള്‍ ജിയോ രാജ്യത്ത് വിതരണം ചെയ്തിരുന്നു.