കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന് മാര്‍ച്ച് 2017ല്‍ അവസാനിച്ച നാലാം പാതത്തില്‍ മികച്ച വളര്‍ച്ച. 

ഇരുചക്ര വാഹന വായ്പയുടെയും കോര്‍പ്പറേറ്റ് ലെന്‍ഡിംഗ് പോര്‍ട്ട്ഫോളിയോയുടെയും പിന്‍ബലത്തില്‍ 1400 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. 

നാലാം പാതത്തിലെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തിലെ 6.86 കോടി രൂപയില്‍നിന്ന് 11.12 കോടി രൂപയിലേക്ക് ഉയര്‍ന്നു. അതായത് 62 ശതമാനം വളര്‍ച്ച. മൊത്ത വരുമാനം 63.40 കോടി രൂപയില്‍നിന്ന് 79.80 കോടിയായും വര്‍ദ്ധിച്ചു. 

കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:10 അനുപാതത്തില്‍ ബോണസ് ഷെയറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനം 284.20 കോടി രൂപയാണ്. അതിന് മുന്‍പുള്ള വര്‍ഷത്തില്‍ ഇത് 228.49 കോടി രൂപയായിരുന്നു. 24 ശതമാനത്തിന്റെ വളര്‍ച്ചയാണ് മുത്തൂറ്റ് ക്യാപിറ്റല്‍ ആകെ വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആകെ ചെലവ് 193.04 കോടിയില്‍നിന്ന് 23 ശതമാനം വര്‍ദ്ധിച്ച് 238.01 കോടി രൂപയില്‍ എത്തി. നികുതി കിഴിച്ചുള്ള ലാഭം 2015-16 ലെ 22.85 കോടി രൂപയില്‍നിന്ന് 32 ശതമാനം വളര്‍ച്ചയോടെ 30.09 കോടി രൂപയിലെത്തി. ലോണ്‍ വിതരണത്തില്‍ ഉണ്ടായ ശക്തമായ മുന്നേറ്റമാണ് ലാഭത്തിലും പ്രതിഫലിച്ചത്.