licമുംബൈ: പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. 2016 ഡിസംബർ 31-ലെ കണക്കനുസരിച്ച് കൈകാര്യം ചെയ്യുന്നത് 24.42 ലക്ഷം കോടി രൂപയുടെ ധനകാര്യ ആസ്തി. മുൻ വർഷം ഇതേ കാലയളവിലെ 21.64 ലക്ഷം കോടിയെ അപേക്ഷിച്ച് 12.81 ശതമാനം വളർച്ചയാണിത്. 

ആറ്‌ പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി കമ്പനി പ്രവർത്തനഫലം പുറത്തുവിടാൻ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ എൽ.ഐ.സി. ചെയർമാൻ വി.കെ. ശർമയാണ് കണക്കുകൾ വ്യക്തമാക്കിയത്. 

മൊത്തം പ്രീമിയം വരുമാനം നടപ്പ്‌ സാമ്പത്തികവർഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് 12.43 ശതമാനം ഉയർന്ന് 1,45,031 കോടി രൂപയായി. പുതിയ പ്രീമിയം വരുമാനമാകട്ടെ 40 ശതമാനം ഉയർന്നു. 

ഓഹരി വിപണിയിൽ ഈ സാമ്പത്തിക വർഷത്തെ നിക്ഷേപ ലക്ഷ്യം 50,000 കോടി രൂപയായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 60,000 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 39,705 കോടി രൂപയാണ് എൽ.ഐ.സി. ഓഹരി കമ്പോളത്തിൽ നിക്ഷേപിച്ചത്.

നടപ്പ്‌ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് 16,000 കോടി രൂപയുടെ ലാഭമെടുക്കൽ നടത്തി. മുൻ വർഷം ഇതേ കാലത്ത് 9,500 കോടി രൂപയുടെ ലാഭമെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യൻ ഓഹരി കമ്പോളത്തിലെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമാണ് എൽ.ഐ.സി.