ബെംഗളൂരു: ഇൻഫോസിസിന്റെ സ്ഥാപകരിൽ പ്രമുഖനും മുൻ സി.ഇ.ഒ.യുമായ നന്ദൻ നിലേകനി (62) യെ കമ്പനിയുടെ തലപ്പത്തു തിരിച്ചു കൊണ്ടുവന്നേക്കും. മുൻ ചെയർമാൻ നാരായണ മൂർത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് വിശാൽ സിക്ക സി.ഇ.ഒ. സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി രാജിവച്ചിരുന്നു.

ഒരു ഡസനോളം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇക്കാര്യം ആവശ്യപ്പെട്ട് ഇൻഫോസിസിന്റെ ഡയറക്ടർ ബോർഡിന് കത്തയച്ചിട്ടുണ്ട്. നിലേകനിയെ കമ്പനിയുടെ ഡയറക്ടർ ബോർഡിലേക്ക് ക്ഷണിച്ച് അനുയോജ്യമായ സ്ഥാനം നൽകണമെന്നാണ് മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഉൾപ്പെടുന്ന നിക്ഷേപകർ ആവശ്യപ്പെട്ടിരിക്കുന്നത്. 

കമ്പനിയുടെ ഇടപാടുകാർക്കും ഓഹരിയുടമകൾക്കും ജീവനക്കാർക്കും ഒരുപോലെ സ്വീകാര്യനായ വ്യക്തിയാണ് നിലേകനിയെന്നും കത്തിൽ പറയുന്നു. അദ്ദേഹത്തെ കമ്പനിയുടെ തലപ്പത്ത് തിരിച്ചുകൊണ്ടുവരണമെന്ന് പ്രോക്‌സി അഡ്വൈസറി സേവനമൊരുക്കുന്ന ഐ.ഐ.എ.എസ്. എന്ന കമ്പനിയും കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുൻ ചെയർമാൻ നാരായണ മൂർത്തി നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് കഴിഞ്ഞയാഴ്ച സിക്ക രാജിവച്ചത്. ഇതോടെ കമ്പനിയുടെ ഡയറക്ടർ ബോർഡ് മൂർത്തിക്കെതിരെ തിരിഞ്ഞു. ഇതെത്തുടർന്ന് തന്റെ ഭാഗം വിശദീകരിക്കാൻ മൂർത്തി ബുധനാഴ്ച നിക്ഷേപക സ്ഥാപനങ്ങളെ വീഡിയോ കോൺഫറൻസിങ്ങിന് വിളിച്ചിരുന്നു.

എന്നാൽ, ബുധനാഴ്ച അനാരോഗ്യം ചൂണ്ടിക്കാട്ടി യോഗം മാറ്റുകയായിരുന്നു. നിലേകനിയെ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് മൂർത്തി യോഗം തത്കാലത്തേക്ക് മാറ്റിയതെന്ന് സൂചനയുണ്ട്. 

2002 മാർച്ച് മുതൽ 2007 ഏപ്രിൽ വരെ നന്ദൻ നിലേകനി ഇൻഫോസിസിന്റെ സി.ഇ.ഒ. പദവിയിലുണ്ടായിരുന്നു. പിന്നീട് വൈസ് ചെയർമാനായി. ‘ആധാർ’ എന്ന ഏകീകൃത തിരിച്ചറിയൽ കാർഡിന് രൂപം നല്കാനുള്ള ദൗത്യവുമായി 2009-ലാണ് അദ്ദേഹം ഇൻഫോസിസ് വിട്ടത്.