ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസിന്റെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് വിശാൽ സിക്ക അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധി അവസാനിക്കുന്നില്ല.

സിക്കയുടെ രാജിയെത്തുടർന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയെ ശക്തമായി അപലപിച്ചുകൊണ്ട് കമ്പനിയുടെ ഡയറക്ടർ ബോർഡ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് തന്റെ വാദങ്ങൾ ഉന്നയിക്കാൻ നാരായണ മൂർത്തി ബുധനാഴ്ച നിക്ഷേപകരെ കാണും. 

സിക്കയുടെ രാജിയെത്തുടർന്ന് ഇൻഫോസിസിന്റെ ഓഹരി വില വൻതോതിൽ ഇടിഞ്ഞിരുന്നു. കമ്പനിയുടെ വിപണിമൂല്യത്തിൽ മൂന്നു വ്യാപാര ദിനങ്ങൾ കൊണ്ട് ഏതാണ്ട് 34,000 കോടി രൂപയുടെ ഇടിവുണ്ടായി.  കമ്പനിയുടെ ഏതാണ്ട് 58 ശതമാനം ഓഹരികളും നിക്ഷേപക സ്ഥാപനങ്ങളുടെ കൈവശമാണ്. ഈ സാഹചര്യത്തിലാണ് മൂർത്തി ബുധനാഴ്ച നിക്ഷേപകരെ കാണുന്നത്. 

സിക്കയുടെ ഭരണത്തിൽ ഇൻഫോസിസ് കൈക്കൊണ്ട പല തെറ്റായ തീരുമാനങ്ങളും ഉയർത്തിക്കാട്ടിയായിരിക്കും മൂർത്തി നിക്ഷേപകരുമായി സംവദിക്കുക. കമ്പനിയിൽ നിന്നു പിരിഞ്ഞുപോയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജീവ് ബൻസാലിന് ഭീമമായ തുക നഷ്ടപരിഹാരം നൽകിയതാണ് ഒരു വർഷം മുമ്പ് മൂർത്തി ആദ്യമായി ഉയർത്തിക്കൊണ്ടുവന്നത്.

ഇസ്രയേലി ടെക്‌നോളജി കമ്പനിയായ ‘പനായ’യെ ഏറ്റെടുക്കാൻ വൻ തുക ചെലവഴിച്ചതും ആരോപണ വിധേയമായി. ഇതേക്കുറിച്ച് പുറത്തെ ഏജൻസിയെക്കൊണ്ട് അന്വേഷണവും നടത്തി. സി.ഇ.ഒ., സി.എഫ്.ഒ. എന്നിവർ ഉയർന്ന ശമ്പളം പറ്റിയതും മൂർത്തിയുടെ വിമർശനത്തിന് കാരണമായി.

ഒത്തുതീർപ്പിന്റെ ഭാഗമായി മൂർത്തിയുടെ ആവശ്യപ്രകാരം മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന രവി വെങ്കടേശനെ ഇൻഫോസിസിന്റെ കോ-ചെയർമാനായി നിയമിക്കുകയും ഡി.എൻ. പ്രഹ്ലാദിനെ ഡയറക്ടർ ബോർഡ് അംഗമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുകൊണ്ടും തൃപ്തിപ്പെടാൻ മൂർത്തി തയ്യാറായില്ല.വിശാൽ സിക്ക ചീഫ് ടെക്‌നോളജി ഓഫീസർ (സി.ടി.ഒ.) സ്ഥാനത്തിന് മാത്രം അനുയോജ്യനാണെന്നും സി.ഇ.ഒ. പദവിക്ക് പറ്റിയ ആളല്ലെന്നും ഏറ്റവുമൊടുവിൽ പറഞ്ഞു. ഇതോടെയാണ് സിക്ക പൊടുന്നനെ രാജിവച്ചത്.
 
സിക്കയുടെ രാജിയുടെ പശ്ചാത്തലത്തിൽ, രവി വെങ്കിടേഷ് ചൊവ്വാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ് ലിയെ സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്.