ഐ.ടി. കമ്പനിയായ ഇൻഫോസിസിന് നിലവിലുള്ളതിന്റെ പത്ത് മടങ്ങ് വളരാൻ ശേഷിയുണ്ടെന്ന് കമ്പനിയുടെ കോ-ചെയർമാൻ രവി വെങ്കടേശൻ.

ഡിജിറ്റൽ, മെഷീൻ എന്നിവയിൽ കമ്പനിക്കുള്ള മേൽക്കൈ പ്രയോജനപ്പെടുത്തിയാൽ മുന്നിൽ അനന്തമായ അവസരങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കാര്യങ്ങൾ ശരിയായ രീതിയിൽ നടപ്പിൽ വരുത്തിയാൽ നിലവിലുള്ളതിന്റെ പത്തു മടങ്ങ് വളരാൻ ഇൻഫോസിസിനു കഴിയുമെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. 

ഐ.ടി. രംഗത്തെ നല്ല കാലം അവസാനിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയാണ് ഇൻഫോസിസ്. 

മൈക്രോസോഫ്റ്റിന്റെ ഇന്ത്യ ഡിവിഷൻ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ അദ്ദേഹം ഏതാനും മാസം മുമ്പാണ് ഇൻഫോസിസിന്റെ കോ-ചെയർമാനായി നിയമിതനായത്. ബാങ്ക് ഓഫ് ബറോഡയുടെയും ചെയർമാൻ പദവി അലങ്കരിക്കുന്നുണ്ട്.