infosysബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസ് ഓഹരിയുടമകൾക്ക് ‘സമ്മാനം’ നൽകാനൊരുങ്ങുന്നു. 
ലാഭവീതമായോ ഓഹരികളുടെ ബൈ-ബാക്ക് പ്രക്രിയയിലൂടെയോ 13,000 കോടി രൂപ നൽകാനാണ് ഡയറക്ടർ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. 

ഇൻഫോസിസിന് ഏതാണ്ട് 600 കോടി ഡോളറിന്റെ (ഏതാണ്ട് 40,000 കോടി രൂപ) കരുതൽ ധനമുണ്ട്. ഓഹരിയുടമകളിൽ നിന്ന് ഓഹരികൾ മടക്കിവാങ്ങുന്ന ബൈ-ബാക്ക് പ്രക്രിയയിലൂടെയാവും 13,000 കോടി രൂപയിൽ നല്ലൊരു പങ്ക് ചെലവഴിക്കുക. അതിനൊപ്പം, പ്രത്യേക ലാഭവീതവും പരിഗണനയിലുണ്ട്.

അതേസമയം, 13,000 കോടി രൂപയുടെ ബൈ-ബാക്ക് വളരെ കുറവാണെന്ന് ഇൻഫോസിസിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
 
ഇൻഫോസിസിന്റെ എതിരാളികളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.), കോഗ്നിസന്റ് എന്നിവ ഈയിടെ ബൈ-ബാക്ക് ഓഫർ പ്രഖ്യാപിച്ചിരുന്നു. ടി.സി.എസ്. 16,000 കോടി രൂപയുടെ ബൈ-ബാക്കാണ് പ്രഖ്യാപിച്ചത്. കോഗ്നിസന്റാകട്ടെ, 340 കോടി ഡോളറും (ഏതാണ്ട് 22,200 കോടി രൂപ).

ഈ രംഗത്തെ ചെറു കമ്പനിയായ എച്ച്.സി.എൽ. ടെക്‌നോളജീസ് പോലും 3,500 കോടി രൂപയുടെ ഓഹരികൾ മടക്കി വാങ്ങുന്നുണ്ട്.
 
ഭീമമായ കരുതൽ ശേഖരം വികസന പ്രവർത്തനങ്ങൾക്കായോ ഏറ്റെടുക്കലുകൾക്കായോ വിനിയോഗിക്കാത്ത സാഹചര്യത്തിൽ അത് ഓഹരിയുടമകൾക്ക് വീതം വയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഓഹരികൾ മടക്കിവാങ്ങിയാൽ വിപണിയിലുള്ള ഓഹരികളുടെ എണ്ണം കുറയും. അതോടെ, പ്രതി ഓഹരി വരുമാനം (ഇ.പി.എസ്.) വൻതോതിൽ ഉയരും. ഇത്‌ ഓഹരി വിലയിൽ പ്രതിഫലിക്കുകയും ചെയ്യും.