idea vodafoneമുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഐഡിയയും ബ്രിട്ടീഷ് ടെലികോം കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും ലയിക്കാന്‍ ഔദ്യോഗികമായി ധാരണയിലെത്തി.

ജിയോയുടെ വെല്ലുവിളി നേരിടാനാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നത്.  

ഇരുസ്ഥാപനങ്ങളും ലയിക്കുന്നതോടെ വോഡാഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്ന് വീതം ഡയറക്ടര്‍മാരെ ബോര്‍ഡിലേയ്ക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യാനും ധാരണയായിട്ടുണ്ട്.

ഇതോടെ രാജ്യത്തെ മൂന്നിലൊന്ന് ഉപഭോക്താക്കള്‍ പുതിയ കൂട്ടുകെട്ടിന് കീഴിലാകും. അതായത് 40 കോടിയോളം ഉപഭോക്താക്കള്‍ ഇവരുടെ വരിക്കാരാകും. 

ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട് കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്നും വ്യവസ്ഥകളില്‍ പറയുന്നു.

ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സില്‍ വൊഡാഫോണിനുള്ള ഓഹരി പങ്കാളിത്തം ഈ ലയനത്തില്‍ ഉള്‍പ്പെടില്ല.