മുംബൈ:  ടിസിഎസ്, ഇന്‍ഫോസിസ് ഉള്‍പ്പടെയുള്ള സോഫ്റ്റ് വെയര്‍ ഭീമന്മാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.

എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവ ക്ലൗഡ് ബിസിനസ് മേഖലയില്‍ രാജ്യത്ത് ഏറെ മുന്നേറിയതാണ്‌ ഗൂഗിളിനെ ആശങ്കപ്പെടുത്തുന്നത്. 

നിലവില്‍ രാജ്യത്തെ ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച 38 ശതമാനമാണ്. വളര്‍ച്ചയുടെ തോത് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.  

ഈമേഖലയില്‍ കൂടുതല്‍ ആളുകളെ കമ്പനിയുടെ ഭാഗമാക്കി കുതിപ്പിന് കരുത്ത് പകരുമെന്നും ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുടെ തലവന്‍ മോഹിത് പാണ്ഡെ അറിയിച്ചു. 

പുതിയ സെര്‍വറുകളും നെറ്റ്വര്‍ക്കുകളും, ഡാറ്റാ സെന്ററുകളും സ്ഥാപിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ 30 ബില്ല്യണ്‍ ഡോളറാണ് ചെലവഴിച്ചത്. 

ലോകത്താകമാനം പത്ത് ക്ലൗഡ് കമ്യൂണിറ്റിയാണ് ഗൂഗിളിനുള്ളത്. ഈ വര്‍ഷം ഇന്ത്യയില്‍ ക്ലൗഡ് കമ്യൂണിറ്റി ആരംഭിക്കും.  

ഗൂഗിളിന്റെ പ്രധാന എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവര്‍ക്ക് ഇന്ത്യയില്‍ പബ്ലിക് ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ സ്വന്തമായുള്ള സാഹചര്യത്തിലാണ് ഗൂഗിളും മുന്നോട്ടുവരുന്നത്. 

ഗൂഗിളിന്റെ പ്രധാന വിപണിയായ ഇന്ത്യയില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ എന്‍ജിനീയറിംഗ് ടീം, പ്രൊഫഷണല്‍ സര്‍വീസ്, നെറ്റ്വര്‍ക്ക് തുടങ്ങിയ മേഖലയില്‍ വന്‍ നിക്ഷേപം നടത്താനുള്ള തയാറെടുപ്പിലാണ് ഗൂഗിളെന്നും പാണ്ഡെ പറഞ്ഞു.
 
ഇന്ത്യയിലെ അടിസ്ഥാന സൗകര്യം വികസനം അതിവേഗത്തിലാണ്. ഇന്റര്‍നെറ്റിന്റെ നിരക്ക് കുറയുന്നതും കോര്‍പ്പറേറ്റ് മേഖലയുടെ കുതിപ്പും മുന്‍കൂട്ടി കണ്ടാണ് ക്ലൗഡ് സേവനം ലഭ്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.