മുംബൈ: ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ രാജ്യത്ത് 6,000 കോടി രൂപയുടെ നിക്ഷപം നടത്തും.

മുംബൈയ്ക്കടുത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിനോടനുബന്ധിച്ചുള്ള പ്രത്യക സാമ്പത്തിക മേഖലയില്‍ 200 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റ് സ്ഥാപിച്ചായിരിക്കും പ്രവര്‍ത്തനം. 

ഇതിലൂടെ 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തതായി കേന്ദ്ര ഷിപ്പിങ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. 

ആപ്പിളിന്റെ ഐഫോണ്‍ ഉള്‍പ്പടെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഏറ്റവുംകൂടുതല്‍ നിര്‍മിക്കുന്ന തയ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. ഷവോമി, നോക്കിയ, ജിയോണി തുടങ്ങിയ ഫോണുകളും കമ്പനി ഇന്ത്യയില്‍ നിര്‍മിക്കും. 

പോര്‍ട്ട് ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്ലാന്റ് നിര്‍മിക്കുന്നതിന് 30 ഓളം കമ്പനികളില്‍നിന്ന് അപേക്ഷ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഈ സോണിലൂടെ മൊത്തം രണ്ട് ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാവുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. 700 ഏക്കര്‍ വിസ്തൃതിയാണ് ഈ സാമ്പത്തിക മേഖലയിലുള്ളത്.