കൊച്ചി: അമേരിക്കന്‍ ഐ.ടി. കമ്പനിയായ കോഗ്‌നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് (സി.ടി.എസ്) ന്റെ എറണാകുളം ഇന്‍ഫോപാര്‍ക്കിലുള്ള ക്യാംപസില്‍നിന്ന് നിര്‍ബന്ധിത രാജിക്കിരയായത് 200 ഓളം പേര്‍. 

ആഗോള അടിസ്ഥാനത്തില്‍ കമ്പനിയില്‍നിന്ന് 10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ജീവനക്കാരെ ഒഴിവാക്കുന്നത്. ജോലി പ്രകടനത്തില്‍ മികവ് കാണിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് കമ്പനി എച്ച്. ആര്‍. വിഭാഗം ജീവനക്കാരോട് നിര്‍ബന്ധമായി രാജി ആവശ്യപ്പെടുന്നത്. ജോലി രാജി വെയ്ക്കുന്നവര്‍ക്ക് കമ്പനി നല്‍കുന്നത് നാല് മാസത്തെ ശമ്പളമാണ്. 

അതേസമയം കമ്പനി മാനേജ്മെന്റിന്റെ പിരിച്ചുവിടലില്‍ പ്രതിഷേധിച്ച് എച്ച്ആര്‍ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജോലി രാജി വെച്ചതായി വിവരമുണ്ട്. കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജ്മെന്റ് സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് രാജിയെന്നാണ് സൂചന. എന്നാല്‍, ഇതേക്കുറിച്ച് സ്ഥിരീകരണംലഭിച്ചിട്ടില്ല. 

സി.ടി.എസിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ പ്രോഗ്രാം അസോസിയേറ്റ്, അനലിസ്റ്റ് വിഭാഗത്തില്‍പ്പെടുന്ന ആളുകളെയാണ് കമ്പനി ഒഴിവാക്കുന്നത്. ഫോര്‍ത്ത് ബക്കറ്റ് എന്ന ഗ്രേഡിലാക്കി പ്രോജക്ടുകള്‍ നല്‍കാതെയാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടം ഒഴിവാക്കല്‍ അരംഭിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം നൂറോളം പേര്‍ക്കാണ് കൊച്ചിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. നിര്‍ബന്ധിത രാജി ആയതിനാല്‍ കോടതിയെ സമീപിക്കാനോ മറ്റോ സാധിക്കുകയില്ല. 

പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞത് അനുസരിച്ചാണെങ്കില്‍ എച്ച്.ആര്‍ റൂമിലേക്ക് വിളിപ്പിച്ച് നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്നും ഇന്ന് തന്നെ രാജി വെയ്ക്കണമെന്നും ആവശ്യപ്പെടുകയാണ് ചെയ്തത്. അന്ന് തന്നെ കമ്പനിയുടെ ഇമെയില്‍ ലോഗിന്‍ ആക്സസുകള്‍ ഒഴിവാക്കുകയും രാജി വെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

ഇതേക്കുറിച്ച് പുറത്ത് സംസാരിച്ചാല്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി കിട്ടില്ലെന്ന ഉപദേശവും എച്ച്.ആറില്‍നിന്ന് നല്‍കാറുണ്ടത്രേ. ഐ.ടി. കമ്പനികളിലെ എച്ച്.ആര്‍. വിഭാഗങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും കമ്പനിക്കെതിരെ സംസാരിക്കുന്നവര്‍ക്ക് പിന്നീട് ഒരു കമ്പനിയിലും ജോലി കിട്ടില്ലെന്ന അവസ്ഥയാണുള്ളതെന്നും പിരിച്ചുവിടപ്പെട്ടയാള്‍ പറഞ്ഞു. 

ആഗോള അടിസ്ഥാനത്തില്‍ സി.ടി.എസിന് വലിയ പ്രോജക്ടുകള്‍ നഷ്ടപ്പെട്ടതിന്റെ ഭാഗമായാണ് സി.ടി.എസ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. 10,000 ജീവനക്കാരെ ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സ്വന്തം ടീമില്‍നിന്ന് രണ്ടു പേരെ എങ്കിലും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മാനേജ്മെന്റിന്റെ ഭാഗത്ത്നിന്നും മാനേജര്‍മാക്ക് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആളുകളെയാണ് എച്ച്.ആര്‍. വിഭാഗം രാജിവെയ്പ്പിക്കുന്നത് എന്നാണ് വിവരം. എന്നാല്‍, ഇതിനൊന്നും യാതൊരുവിധ രേഖകളുമില്ല. രണ്ടാം ഘട്ട പിരിച്ചുവിടല്‍ ആരംഭിച്ച സാഹചര്യത്തില്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2 വില്‍ സ്ഥിതിചെയ്യുന്ന സിടിഎസ് യൂണിറ്റിലെ ജീവനക്കാര്‍.