മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഭാരതി എന്റര്‍പ്രൈസസ് 7,000 കോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കും.

ഭാരതി എയര്‍ടെലിന്റെ മൂന്ന് ശതമാനം ഓഹരി ഉള്‍പ്പടെ കുടുംബ സ്വത്തിന്റെ പത്ത് ശതമാനമാണ് നീക്കിവെയ്ക്കുക. ഭാരതി ഫൗണ്ടേഷനാണ് ഭാരതി കുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

വിദ്യാഭ്യാസ രംഗത്തായിരിക്കും ഫൗണ്ടേഷന്‍ പ്രധാനമായും ഇടപെടുക. സത്യഭാരതി യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപിക്കും. 

ഭാവിയിലെ സാങ്കേതിക സാധ്യതകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഓഗ്മെന്റഡ് റിയാല്‍റ്റി തുടങ്ങിയ മേഖലകളിലാകും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കോഴ്‌സുകള്‍ സംഘടിപ്പിക്കുക. ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തലാണ് ഇക്കാര്യം അറിയിച്ചത്. 

ഇതാദ്യമായല്ല രാജ്യത്തെ കോടീശ്വരന്മാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നീക്കിവെയ്ക്കുന്നത്. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി, ഭാര്യ രോഹിണി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ബയോകോണ്‍ എം.ഡി കിരണ്‍ മജുംദാര്‍, ശോഭ ഡവലപ്പേഴ്‌സിന്റെ പിഎന്‍സി മേനോന്‍ തുടങ്ങിയവര്‍ സമ്പത്തിന്റെ ഒരുഭാഗം സാമൂഹ്യസേവനത്തിനായി വിനിയോഗിക്കുന്നവരാണ്.