ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് അപ്രതീക്ഷിതമായി പലകാര്യങ്ങളും കാണേണ്ടിവന്നു. ഇതാ ആ ഗണത്തിലേയ്ക്ക് ഒന്നുകൂടി. 

രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഉപഭോഗം നവംബര്‍ മാസത്തില്‍ 12 ശതമാനം വര്‍ധിച്ചു!

അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് ജനങ്ങള്‍ പെട്രോള്‍ പമ്പുകളിലെത്തി ഇന്ധനമടിച്ച് ആശ്വസിച്ചത്!

പെട്രോള്‍ വില്പനയില്‍ 14.25 ശതമാനവും ഡീസല്‍ വില്പനയില്‍ 10.45 ശതമാനവുമാണ് വര്‍ധനവുണ്ടായത്. 

വിമാന ഇന്ധന വില്പനയിലുമുണ്ടായി വര്‍ധന. അത് എട്ട് ശതമാനത്തിലൊതുങ്ങിയെന്നുമാത്രം. അതേസമയം, മണ്ണെണ്ണയുടെ ഉപഭോഗത്തില്‍ കുത്തനെ ഇടിവുമുണ്ടായി. സബ്‌സിഡി മണ്ണെണ്ണ വിതരണം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെയാണ് 32 ശതമാനത്തോളം ഇടിവുണ്ടാകാനിടയാക്കിയത്.