ഡിമാന്റ് കുറയുകയും യു.എസ് ജോബ്ഡാറ്റ ഉയരുകയും ചെയ്തതോടെ സ്വര്‍ണത്തിന് ശനിദശ തുടങ്ങി. 

യുഎസ് സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലായതോടെ അടുത്ത ഫെഡ് റിസര്‍വ് യോഗം പലിശ നിരക്കുകള്‍ ഉയര്‍ത്തുമോയെന്നതിനെ ആശ്രയിച്ചിരിക്കും ഇനി സ്വര്‍ണത്തിന്റെ വില. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം സ്വര്‍ണത്തിന്റെ ഡിമാന്റില്‍ വന്‍കുറവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അന്താരാഷ്ട്ര വിപണിയില്‍ രണ്ടാഴ്ചയായി സ്വര്‍ണവില താഴോട്ടാണ്. ട്രോയ് ഔണ്‍സിന് 1,289 ഡോളറായിരുന്നു ഏപ്രില്‍ 16ലെ വില. മെയ് അഞ്ച് ആയപ്പോഴേയ്ക്കും 1,229 ഡോളറായി താഴുകയാണുണ്ടായത്. 

ആഭ്യന്തര വിപണിയിലാണെങ്കില്‍ പത്ത് ഗ്രാമിന് 29,514ആയിരുന്നു ഏപ്രില്‍ 18ന്. അതേസമയം, മെയ് അഞ്ചിന് ക്ലോസ് ചെയ്ത വില 28,070 രൂപയാണ്. അടുത്തയാഴ്ചയോടെ വില 27,500 ലെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍. 

ചൈനീസ് ട്രേഡ് ബാലന്‍സ്, രാജ്യത്തെ ഓഹരി വിപണിയിലേയ്ക്ക് വിദേശ നിക്ഷേപത്തിന്റെ വരവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി, രാജ്യത്തെ വ്യവസായികോത്പാദന സൂചിക തുടങ്ങിയ ആഭ്യന്തര-അന്താരാഷ്ട്ര ഘടകങ്ങളാകും അടുത്തയാഴ്ച സ്വര്‍ണ വിപണിയെ സ്വാധീനിക്കുക. 

മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതും അതുപോലെതന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതും ഒരുപോലെ സ്വര്‍ണവിലയെ ബാധിച്ചേക്കാം.