ന്യൂഡൽഹി: മേയിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 495 കോടി ഡോളറിന്റെ (31,892.85 കോടി രൂപ) സ്വർണം. ഏതാണ്ട് മൂന്നിരട്ടിക്കടുത്ത് വർധനയാണിത്. 
സീസൺ ആയതും ഉത്സവ ആവശ്യവുമാണ് സ്വർണത്തിന്റെ ഇറക്കുമതി കൂടാൻ പ്രധാന കാരണം. ചരക്ക് - സേവന നികുതി വരുന്നതിനു മുന്നോടിയായി സ്വർണം ശേഖരിച്ചുവയ്ക്കാനുള്ള പ്രവണതയും ഇറക്കുമതി വർധിക്കാൻ കാരണമായി.

കഴിഞ്ഞ വർഷം മേയിൽ 147 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതിയായി എത്തിയതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വർണം ഇറക്കുമതി കൂടിയതിനെത്തുടർന്ന് വ്യാപാരക്കമ്മിയും ഉയർന്നു. 30 മാസത്തെ ഉയരമായ 1,384 കോടി ഡോളറായാണ് വ്യാപാരക്കമ്മി ഉയർന്നിരിക്കുന്നത്.

വെള്ളി ഇറക്കുമതിയിലും വർധനയുണ്ടായിട്ടുണ്ട്. 44.3 കോടി ഡോളറിന്റെ വെള്ളിയാണ് മേയിൽ ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 39.5 കോടി ഡോളറിന്റേതായിരുന്നു വെള്ളി ഇറക്കുമതി.

സ്വർണം ഉപയോഗത്തിൽ ചൈനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കറന്റ് അക്കൗണ്ട് കമ്മി കൂടാനുള്ള ഒരു പ്രധാന കാരണം ഇന്ത്യയുടെ സ്വർണം ഇറക്കുമതിയാണ്. നിലവിൽ 10 ശതമാനമാണ് സ്വർണം ഇറക്കുമതിക്കുള്ള നികുതി. ഇത് കുറയ്ക്കാൻ ധനമന്ത്രാലയത്തോട്‌ ഈ രംഗത്തെ വ്യവസായികൾ നിരന്തരം സമ്മർദം ചെലുത്തിവരികയാണ്.