crudeലണ്ടൻ: എണ്ണ ഉത്പാദക, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അടുത്തയാഴ്ച യോഗം ചേരാനിരിക്കെ ക്രൂഡ് ഓയിൽ വില മൂന്ന് ആഴ്ചത്തെ ഉയർന്ന നിലയിലെത്തി.

ഒപെക് യോഗത്തിൽ ഉത്പാദനം വെട്ടിക്കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നതാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്. ഒരു ബാരൽ ബ്രെന്റ് ക്രൂഡിന് 47.82 ഡോളറായിരുന്നു തിങ്കളാഴ്ചത്തെ വില. ഡോളർ ദുർബലമായതും എണ്ണവില കൂടാൻ കാരണമായി.

നവംബർ ഒന്നിനു ശേഷമുള്ള ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. അവധി വിലയും ഉയർന്നിട്ടുണ്ട്. ആവശ്യത്തിലധികം ലഭ്യതയുണ്ടായതാണ് എണ്ണവില ആഗോള തലത്തിൽ ഇടിഞ്ഞത്.

എന്നാൽ വില പിടിച്ചുനിർത്താനായി ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തിൽ ഉത്പാദക രാജ്യങ്ങൾക്കിടയിൽ ഏകാഭിപ്രായമുണ്ടാക്കാനായിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഇത് എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ.

ഇടഞ്ഞുനിന്നിരുന്ന ഇറാനും ഒപെകിൽ അംഗമല്ലാത്ത റഷ്യയുമെല്ലാം പുതിയ ധാരണ അംഗീകരിച്ചേക്കും. ഉത്പാദനം മരവിപ്പിക്കുന്നതിൽ ഒരു തടസ്സവും മുന്നിൽ കാണുന്നില്ലെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതികരിച്ചത്. ഇറാന് ഇക്കാര്യത്തിൽ ഇളവ് നൽകുമെന്ന്  ഒപെക് കഴിഞ്ഞ ആഴ്ച  പ്രഖ്യാപിച്ചിരുന്നു. ഉത്പാദനം കുറയ്ക്കുന്നതിനു പകരം പരിധി നിശ്ചയിക്കുകയായിരിക്കും ചെയ്യുക.

ഇറാന്റെ നിലപാടായിരുന്നു എണ്ണ ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ നേരത്തെ ഒപെക്കിന് പ്രതിബന്ധമായിരുന്നത്. വളരെക്കാലത്തെ വ്യാപാര നിരോധനത്തിനു ശേഷം വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഇക്കാരണത്താലാണ് അവർക്ക് ഇളവുകൊടുക്കാൻ തീരുമാനമായത്.

ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് കയറ്റുമതി തകർന്ന ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളെയും ഉത്പാദനം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നുള്ള ധാരണയിൽ നിന്ന് ഒഴിവാക്കും. ഈ രാജ്യങ്ങളിൽ ഉത്പാദനം കൂടുന്നതിന് ആനുപാതികമായി സൗദി അറേബ്യയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഉത്പാദനം കുറയ്ക്കാനാണ് തീരുമാനം.