മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 31 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബാരലിന് 67.29 ഡോളറിന് മുകളിലാണിപ്പോള്‍.

ഒരു വര്‍ഷത്തിനിടെ 40 ശതമാനമാണ് അസംസ്‌കൃത എണ്ണവില കൂടിയത്. 2016 നവംബര്‍ അവസാനം ബാരലിന് 48 ഡോളറായിരുന്ന വിലയാണ് 67 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്.

ഉത്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചതാണ് വിലകൂടാന്‍ പ്രധാനകാരണം. 

വിലകുതിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ സമ്മര്‍ദത്തിലായി. കമ്പനികളുടെ ലാഭത്തെ വിലവര്‍ധന കാര്യമായി ബാധിക്കും. ഇത് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധനയ്ക്കും ഇടയാക്കും.

ക്രൂഡ് വില കുതിച്ചതോടെ ബിഎസ്ഇ ഓയില്‍ ആന്റ് ഗ്യാസ് സൂചികയിലെ എണ്ണക്കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ പിന്നിലായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നഷ്ടത്തിലായപ്പോള്‍ ബിപിസിഎല്‍ മാത്രമാണ് പിടിച്ചുനിന്നത്. 

2018 അവസാനത്തോടെ എണ്ണവില ബാരലിന് 80 ഡോളറിലേയ്ക്ക് കുതിച്ചേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.