ണ്ണ ഉത്‌പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഒന്നരയാഴ്ച മുമ്പ്‌ വിയന്നയിൽ ഒത്തുകൂടിയത് നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നോട്ട് അസാധുവാക്കൽ ചർച്ചയിൽ മുഴുകിയ നമുക്ക്‌ ഒപെക് എടുത്ത കടുത്ത തീരുമാനങ്ങൾ പ്രധാന വാർത്തയുമായില്ല. 

എണ്ണ വിലയിടിവ് തടയാൻ പ്രതിദിനം 12 ലക്ഷം ബാരലിന്റെ  ഉത്‌പാദനം വെട്ടിക്കുറയ്ക്കാനാണ്‌ അംഗരാജ്യങ്ങൾ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെ പൂർത്തീകരണമാണ് വിയന്നയിൽനിന്ന് തീരുമാനമായി ഇറങ്ങിയത്. തീരുമാനം പുറത്തുവന്നയുടൻ എണ്ണവില ബാരലിന് എട്ടുശതമാനം ഉയർന്നു.

വരുന്നത് കടുത്ത സാമ്പത്തിക ബാധ്യത  
നോട്ട് അസാധുവാക്കലിന്റെ അന്തരീക്ഷത്തിൽ ചുറ്റിത്തിരിയുന്ന നമുക്ക്‌ കടുത്ത സാമ്പത്തികബാധ്യത വരുത്തുന്നതാണ് ഒപെക്കിന്റെ തീരുമാനം. തീരുമാനം വന്നശേഷം ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 52.50 ഡോളറിലെത്തി. 48 ഡോളറിൽനിന്നുള്ള വിലക്കയറ്റം 12 ശതമാനമാണ്‌ ഉയർന്നത്.     ഒപെക്കിന്റെ തീരുമാനം വന്ന ആദ്യദിവസം എട്ടര ശതമാനം കണ്ട്  ബാരലിന് വില ഉയർന്നിരുന്നു. ഒപെക് രാജ്യങ്ങളിൽപ്പെടാത്ത റഷ്യ മൂന്നുലക്ഷം ബാരൽ പ്രതിദിനം കുറയ്ക്കുമെന്നറിയിച്ചതോടെയാണ് ആഘാതം ഇരട്ടിച്ചത്. 

ഡിസംബറിൽ ഉത്‌പാദനത്തിൽ കുറവുണ്ടാകുമെന്ന്‌ റഷ്യൻ ഊർജമന്ത്രി അലക്‌സാണ്ടർ നൊവാക് പറഞ്ഞതോടെ വില ഇനിയും കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രകൃതിവാതകത്തിന്റെയും വില ഉയരുകയാണ്.

മണിക്കൂറുകൾക്കുള്ളിൽ വില ബാരലിന് 48 ൽനിന്ന്‌ 52 ഡോളറിലേക്ക്‌ കടത്താനായത് ഒപെക്കിന്റെ കൂട്ടായ വിജയംതന്നെയാണ്. നവംബറിൽ ബാരലിന് 47-49 ഡോളർ നിരക്കിൽ വിറ്റഎണ്ണയാണ് ആദ്യം എട്ടും പിന്നീട് പന്ത്രണ്ടുശതമാനവും കണ്ട് കുതിച്ചത്. വില ഉയർന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും താത്‌കാലിക പ്രതിഭാസമാണെന്നും ഒപെക് പ്രസിഡന്റും ഖത്തർ ഊർജമന്ത്രിയുമായ ഡോ. മുഹമ്മദ് ബിൻ സാലേഹ് അൽ സാദ പറയുന്നുണ്ടെങ്കിലും ആഘാതം വരാനിരിക്കുകയാണ്.

ആഘാതം നമുക്ക്‌
ഇറക്കുമതിരാജ്യമായ ഇന്ത്യയാണ് ഉത്‌പാദനം വെട്ടിക്കുറച്ചതിലൂടെ വെട്ടിലായത്. കുതിച്ചുകയറുന്ന എണ്ണവിലയനുസരിച്ച്‌ നമ്മുടെ പോക്കറ്റ് ചോരും. 

പ്രതിസന്ധിയിൽനിന്ന്‌ കരകയറാൻ എണ്ണയുത്‌പാദക രാജ്യങ്ങളെടുത്ത തീരുമാനം പണപ്പെരുപ്പത്തിന്റെ കാലത്തേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോവുക. നോട്ട്‌ അസാധുവാക്കലിലൂടെ പണപ്പെരുപ്പത്തോത് വളരെ കുറഞ്ഞുനിൽക്കുകയായിരുന്നു. 

2008 ന് ശേഷം ആദ്യമായിട്ടാണ് എണ്ണയുത്‌പാദനം വെട്ടിക്കുറയ്‌ക്കാൻ  ഒപെക് രാജ്യങ്ങൾ കൂട്ടായ തീരുമാനമെടുത്തത്. ഇറാനാണ് നമ്മുടെ പ്രധാന എണ്ണദാതാവ്. ഒക്ടോബറിൽ പ്രതിദിനം 7,59,700 ബാരൽ എണ്ണയാണ് (ക്രൂഡോയിൽ) ഇന്ത്യയിലേക്ക് ഇറാനെത്തിച്ചത്. 

സൗദി അറേബ്യയായിരുന്നു അതുവരെ മുന്നിൽ നിന്നത്. ഇതേ കാലയളവിൽ 7,17,000 ബാരൽ എണ്ണയാണ് പ്രതിദിനം സൗദി അറേബ്യ നമുക്ക്‌ അയയ്ക്കുന്നത്. 2013-2015 കാലത്ത് പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നേരിട്ട ഇറാൻ അതിൽനിന്ന്‌ മോചിതമായതോടെയാണ് ഇന്ത്യയുമായി അടുത്തത്. 

എസ്സാർ ഓയിലാണ് ഇറാൻ എണ്ണ ഇറക്കുമതി ചെയ്യുന്നത്. നമ്മുടെ എണ്ണ ഉപഭോഗം കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 

2016 ജനുവരി മുതൽ ഒക്ടോബർ വരെ 57 ശതമാനത്തോളം ഇറക്കുമതി ഗൾഫ് രാജ്യങ്ങളിൽനിന്ന്‌ കൂടിയതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. രണ്ടായിരത്തിനു ശേഷം നമ്മുടെ പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപഭോഗം കുത്തനേ കൂടിയിരിക്കുകയാണ്.

കണക്കുകൾപ്രകാരം 2015 നെ അപേക്ഷിച്ച 2016ൽ ഉപഭോഗത്തിൽ  10.9 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 165.5 മില്യൺ മെട്രിക് ടണ്ണിൽനിന്ന്‌ 183.5 മില്യൺ മെട്രിക് ടണ്ണിന്റെ ഉപഭോഗമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.

2040 ആകുമ്പോഴേയ്ക്കും ഇന്ത്യയിൽ പ്രതിദിനം ഒരുകോടി ബാരലിന്റെ ഉപഭോഗമാണ് ഒപെക് കാണുന്നത്. ആഗോള എണ്ണ ഉപഭോഗം പ്രതിദിനം പതിനൊന്നുകോടി ബാരലിലെത്തുമെന്നും ഒപെക് സെക്രട്ടറി ജനറൽ മുഹമ്മദ് സനൂസി ബർകിൻഡോ പറയുന്നു. സാമ്പത്തിക വളർച്ചയിൽ അഞ്ചിരട്ടി വർധനയാണ് 2040 ൽ രാജ്യത്തുണ്ടാവുക. ജനസംഖ്യാ വർധന ഇന്ത്യയിൽ 2040 ൽ 160 കോടിയിലെത്തുമെന്നും  ഒപെക് കണക്കുകൂട്ടുന്നു. 

എതിർപ്പുകൾ ദുർബലമായി
ഇറാനും ഇറാഖും ഉത്‌പാദനം വെട്ടിക്കുറയ്ക്കുന്നതിനെ അവസാനനിമിഷംവരെ എതിർക്കുമെന്നാണ് നിരീക്ഷകർ കരുതിയത്. അങ്ങനെവന്നാൽ ഒപെക് തീരുമാനം പുറത്തിറങ്ങില്ലെന്നാണ് സമൂഹം കണ്ടത്. കഴിഞ്ഞ രണ്ടുവർഷത്തോളം പാശ്ചാത്യ ഉപരോധത്തിൽ കഴിഞ്ഞിരുന്ന ഇറാന് നഷ്ടപ്പെട്ട എണ്ണവിഹിതം തിരിച്ചുപിടിക്കണമെന്ന ഊർജമന്ത്രി ബിജാൻ സംഗനേഹിന്റെ വാക്കുകൾ കരുത്തും പകർന്നിരുന്നു.

ഇറാന് പഴയതോതിലുള്ള ഉത്‌പാദനം തുടരാനുള്ള അനുമതി നൽകിയതോടെ എതിർപ്പ്‌ ദുർബലപ്പെട്ടു. ഇറാൻ കൂടി ഉത്‌പാദനം കുറയ്ക്കണമെന്ന നിലപാട് സൗദി അറേബ്യ മയപ്പെടുത്തിയതും യോജിച്ച  തീരുമാനത്തിന് വഴിതുറക്കുകയായിരുന്നു. ഐ.എസിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന ഇറാഖ് ഉത്‌പാദനം കുറയ്ക്കാൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ ഇറാഖ് പ്രതിദിനം 2.1 ലക്ഷം  കുറച്ച്‌ 44 ലക്ഷം ബാരലാക്കി ഉത്‌പാദനം നിയന്ത്രിക്കാൻ തീരുമാനമെടുത്തതോടെ കാര്യങ്ങൾ ഒപെക്കിന്റെ വരുതിയിലായി.

ഷെയ്ൽ വർധിക്കണം
ഒപെക്കിന്റെ തീരുമാനങ്ങളിൽനിന്ന്‌ നമുക്ക്‌ ആശ്വസിക്കണമെങ്കിൽ അമേരിക്ക കനിയണം. അന്താരാഷ്ട്ര വിപണിയെ പിടിച്ചുകെട്ടാൻ യു.എസ്. ഷെയ്‌ലിന്റെ ഉത്‌പാദനം കൂട്ടണം. യു.എസിലെ നോർത്ത്‌ ഡക്കോട്ടയിൽ ഷെയ്‌ൽ ഉത്‌പാദനം കൂട്ടിക്കഴിഞ്ഞാൽ ഒപെക്കിന്റെ തീരുമാനം വലിയ തിരിച്ചടിയാകില്ല. ഷെയ്‌ലിന്റെ ഉത്‌പാദനച്ചെലവ് ബാരലിന് 15 ഡോളർ കുറഞ്ഞത് അനുകൂലഘടകമായി നമുക്ക്‌ കാണാം. 

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫിനാൻസ് ഡയറക്ടർ എ.കെ. ശർമ്മ പറയുന്നത്‌ നോക്കുക: ‘യു.എസ്. ഷെയ്‌ൽ ഉത്‌പാദനം കൂട്ടിയാൽ ഒപെക്കിന്റെ തീരുമാനത്തിന്റെ പ്രസക്തി കുറയും. വിപണിയിലെ എണ്ണ വിതരണം സാധാരണ നിലയിലാകും’.

കുറയുന്നത് പ്രതിദിനം 18 ലക്ഷം ബാരൽ
പതിനാലംഗ കൂട്ടായ്മയായ ഒപെക്കിൽ ഓരോ അംഗരാജ്യവും കുറയ്‌ക്കേണ്ട വിഹിതത്തിനെക്കുറിച്ചുള്ള ചർച്ചകളാണ് തീരുമാനം മൂന്നുമാസം വരെ നീളാൻ കാരണമായത്. അൽജീറയിൽ സെപ്റ്റംബറിൽ നടന്ന യോഗത്തിൽ ഒപെക്കിന്റെ പ്രതിദിന ഉത്‌പാദനം 3.25 മുതൽ 3.30 കോടി ബാരലിലേക്ക്‌ എത്തിക്കാനാണ്  തീരുമാനമെടുത്തത്. 

ഒപെക് രാജ്യങ്ങൾ ചേർന്ന്‌ 11 ലക്ഷം ബാരലും ഒപെക് ഇതര രാജ്യങ്ങളായ റഷ്യ ഉൾപ്പെടെയുള്ളവർ ആറുലക്ഷം ബാരലും കുറയ്ക്കണമെന്നായിരുന്നു ചർച്ച. ഒാരോ അംഗരാജ്യവും കുറയ്‌ക്കേണ്ട വിഹിതത്തിന്റെ ചർച്ചകളിൽ ഭിന്നസ്വരം ഉയർന്നത് ഒപെക്കിന് തലവേദനയുണ്ടാക്കിയിരുന്നു. 

ഇറാൻ, ഇറാഖ്, ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ഉത്‌പാദന നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. സ്വീകാര്യമായ തീരുമാനത്തിന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് ഒരുമിച്ചൊരു തീരുമാനം പുറത്തിറങ്ങിയത്. തീരുമാനപ്രകാരം പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടാവുക.

ഇതിൽ 12 ലക്ഷം ബാരൽ ഒപെക്കിന്റെയും ശേഷിക്കുന്ന ആറുലക്ഷം ഒപെക് ഇതര രാജ്യങ്ങളുടേയുമാണ്. സൗദി അറേബ്യ 4.86 ലക്ഷം ബാരലിന്റെ കുറവാണ് പ്രതിദിനം വരുത്തുന്നത്. 

 1.01 കോടി ബാരലായി പ്രതിദിന ഉത്‌പാദനം സൗദി നിജപ്പെടുത്തും. യു.എ.ഇ. 1.39 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട ഇറാന്റെ പ്രതിദിന ഉത്‌പാദനം 38 ലക്ഷം ബാരലായി നിജപ്പെടുത്താൻ തീരുമാനമെടുത്തു.

pmrejimon@gmail.com