ലണ്ടൻ: വിലയിടിവ് തടയാൻ അസംസ്‌കൃത എണ്ണ ഉത്‌പാദനം വെട്ടിക്കുറയ്ക്കാൻ വിയന്നയിൽ ചേർന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ തീരുമാനം. പുതിയ തീരുമാനത്തെ  

 തുടർന്ന് ബുധനാഴ്ച അസംസ്കൃത എണ്ണവില ബാരലിന് 50 ഡോളറിന് മുകളിലെത്തി. 2008-ന് ശേഷം  ഇതാദ്യമായാണ് ഉത്‌പാദനം കുറയ്ക്കാൻ എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിക്കുന്നത്. സെപ്റ്റംബറിൽ അൽജീരിയയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ഉത്‌പാദനം പരിമിതപ്പെടുത്താൻ ധാരണയിലെത്തിയിരുന്നു.

പ്രതിദിന ഉല്പാദനം 33.64 ദശലക്ഷം ബാരലിൽ നിന്ന്് 32.5-33 ദശലക്ഷം ബാരലായി കുറയ്ക്കാനായിരുന്നു അന്ന് ധാരണ.   ബുധനാഴ്ച യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ അംഗീകരിച്ചതായാണ് വിവരം. പ്രതിദിന ഉത്‌പാദനം 32.5 ദശലക്ഷം ബാരലാക്കി നിജപ്പെടുത്തണമെന്ന ആവശ്യം യോഗത്തിൽ ഒപെക് അംഗ രാജ്യമായ അൽജിയേഴ്സ് ബുധനാഴ്ചത്തെ  യോഗത്തിൽ ഉന്നയിച്ചു. സൗദിയും ഇതേ നിലപാട് സ്വീകരിച്ചു. 

ഒപെക് അംഗങ്ങളല്ലാത്ത റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്‌പാദനത്തിൽ പ്രതിദിനം ആറ്‌ ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

മുമ്പ്‌ നടന്ന ഒപെക് യോഗങ്ങളിൽ സൗദിക്കും  ഇറാനും ഏകാഭിപ്രായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രതിദിന ഉല്പാദനത്തിൽ  10 ലക്ഷം ബാരൽ വരെ കുറവു വരുത്തുന്നതിനെ ഇറാനും അനുകൂലിച്ചിരുന്നു. റിയാദും ഉല്പാദനം കുറയ്ക്കുന്നതിനെ അനുകൂലിച്ചു. 
ഒപെക് രാജ്യങ്ങളുടെ പുതിയ തീരുമാനത്തോടെ ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം കൊണ്ട് അഞ്ചാഴ്ചത്തെ ഉയരത്തിലെത്തിയിരിക്കുകയാണ്.

ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വിലയിൽ നാല്‌ ശതമാനം ഇടിഞ്ഞിരുന്നു. എണ്ണ ഉല്പാദനം കുറയ്ക്കുന്ന കാര്യത്തിൽ സൗദി അറേബ്യയും ഇറാനും ഇറാഖും തമ്മിൽ തർക്കമാണെന്ന വാർത്തകളുടെ  അടിസ്ഥാനത്തിലായിരുന്നു വിലയിടിവ്.2014 മുതലാണ് അസംസ്കൃത എണ്ണ വില ഗണ്യമായി ഇടിഞ്ഞു തുടങ്ങിയത്.