കുവൈത്ത്: ഉത്പാദനം വെട്ടിക്കുറച്ചത് ആറുമാസം കൂടി തുടരാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും അവരോടു സഹകരിക്കുന്ന രാജ്യങ്ങളും തീരുമാനിച്ചേക്കും. ഈ രാജ്യങ്ങളിലെ മന്ത്രിമാരുടെ സംയുക്ത യോഗം ഇക്കാര്യത്തിൽ ഏതാണ്ട് ധാരണയിലെത്തിയതായാണ് അറിയുന്നത്. എന്നാൽ 100 ശതമാനം പിന്തുണയും ഉറപ്പുവരുത്തിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ.

ഉത്പാദനം വെട്ടിക്കുറച്ചത് ആഗോള വിപണിയിലുണ്ടാക്കിയ പ്രതിഫലനം വിലയിരുത്താൻ കൂടിയ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
മൊത്തം ഉത്പാദനത്തിൽ ദിവസം 12 ലക്ഷം ബാരലിന്റെ കുറവുവരുത്താൻ കഴിഞ്ഞ നവംബറിലാണ് ഒപെക് രാജ്യങ്ങൾ കൂട്ടായ തീരുമാനത്തിലെത്തിയത്. ഡിസംബർ മുതൽ ആറുമാസത്തേക്ക് ഉത്പാദനം കുറയ്ക്കാനായിരുന്നു ധാരണ. ആഗോള എണ്ണവിലയിടിവിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായിരുന്നു ഇത്. തുടർന്ന് വിലയിൽ വർധനയുണ്ടായിരുന്നു.

ആവശ്യത്തെക്കാൾ കൂടുതൽ ഉത്പാദനമുണ്ടായതോടെ ആഗോള ക്രൂഡ് വില ബാരലിന് 40 ഡോളറിനു താഴെയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ഒപെക് ചിന്തിച്ചത്. ഇടഞ്ഞുനിന്നിരുന്ന ഇറാനെക്കൂടി ഈ തീരുമാനം അംഗീകരിപ്പിക്കുന്നതിലും അവർ വിജയിച്ചു.

ക്രമേണ വില കൂടിയെങ്കിലും അമേരിക്ക കൂടുതൽ എണ്ണപ്പാടങ്ങളുമായി ഉത്പാദനം വർധിപ്പിച്ചത് ഭീഷണിയായി. ഈ സാഹചര്യത്തിൽ ഉത്പാദനം വെട്ടിക്കുറച്ചത് പിൻവലിച്ചേക്കുമോയെന്ന ആശങ്കയ്ക്കിടയിലാണ് പുതിയ തീരുമാനം.

ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം ഇപ്പോഴും സാധാരണഗതിയിലായിട്ടില്ലെന്നാണ് വിലയിരുത്തൽ. 13 രാജ്യങ്ങളാണ് ഒപെകിൽ അംഗങ്ങളായുള്ളത്. കൂടാതെ റഷ്യയുൾപ്പെടെ 11 രാജ്യങ്ങൾ കൂടി എണ്ണ ഉത്പാദനം ചുരുക്കിയ തീരുമാനത്തിൽ ഒപെക്കിനൊപ്പമുണ്ട്.