ഗരത്തിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ആണ് എന്റെ സുഹൃത്തുകൂടിയായ ഡോക്ടർ ഗിരിജ. വളരെ തിരക്കുപിടിച്ച ജീവിതം. ദിവസവും ശരാശരി അഞ്ചോളം ഓപ്പറേഷനുകൾ. ഒ.പി. രോഗിസന്ദർശനങ്ങളുടെ ബാഹുല്യം മൂലം ഉച്ചഭക്ഷണം എന്നത് സ്വപ്നങ്ങളിൽ മാത്രം. ഓരോ ഓപ്പറേഷനു ശേഷവും രോഗിയുടെ വിവരങ്ങൾ അറിയാൻ തന്റെ മുറിയിൽത്തന്നെ നിരവധി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാവാറുണ്ട്.

കാരണം രോഗി, ബോധം തെളിഞ്ഞ് സാധാരണഗതിയിലാവാൻ എടുക്കുന്ന സമയം ഡോക്ടർ ടെൻഷൻ അനുഭവിക്കുന്ന നിമിഷങ്ങളാണ്. ഏതുനിമിഷവും രോഗിയുടെ ഷുഗറും പ്രഷറും മാറ്റം വരികയോ ബ്ലീഡിങ് ഉണ്ടാവുകയോ ഒക്കെ ചെയ്യാം. പലതും സ്വന്തം കൈപ്പിടിയിൽ ഒതുങ്ങുന്നവയല്ലെന്ന് വിവേകത്തോടെതന്നെ അനുഭവസ്ഥരായ ഡോക്ടർമാർക്ക് അറിയാം. 

കാത്തിരിപ്പിന്റെ ദൈർഘ്യമേറിയ നിമിഷങ്ങളിൽ ചിലപ്പോൾ എന്തെങ്കിലും വായിക്കുകയോ പഠിക്കുകയോ ചെയ്യും. ചിലപ്പോൾ കൂടുതൽ റിലാക്സേഷൻ ആവശ്യമെന്ന് തോന്നുന്ന നിമിഷങ്ങളിൽ ഒരു നേരംപോക്കിന് തന്റെ ഹോബിയായ പോയിന്റിങ്ങും ഡ്രോയിങ്ങും ചെയ്യും. ഗ്ലാസ് പെയിന്റിങ്ങാണ് കൂടുതൽ ഇഷ്ടം. കാൻവാസിൽ ഇഷ്ടപ്പെട്ടവ വരയ്ക്കുന്നതും പെയിന്റ് ചെയ്യുന്നതും സ്വയം ആസ്വദിക്കുമായിരുന്നു. 

പിന്നീട് സ്വന്തം വീടിന്റെ പണി നടന്നപ്പോൾ സ്റ്റെയർകേസിന്റെ പിടിയോട് ചേർന്ന് തന്റെ മനോഹരമായ ഗ്ലാസ് പെയിന്റിങ്ങുകളുംകൂടി പിടിപ്പിച്ചു. ഗൃഹപ്രവേശന ചടങ്ങിനെത്തിയവർ ഇതെവിടെനിന്ന് വാങ്ങിയെന്നും എത്ര രൂപയായെന്നും അന്വേഷിച്ചപ്പോഴാണ് തന്റെ കരവിരുതിന്റെ ഭംഗിയും മൂല്യവും ഡോക്ടർക്ക് മനസ്സിലായത്. പിന്നീട് അത് എക്സിബിഷൻ തലത്തിലേക്കും വിപണനത്തിലേക്കും വളർന്നു. തന്റെ പ്രാഥമിക ജോലിയായ വൈദ്യരംഗത്ത് ഒട്ടും വീഴ്ച വരുത്താതെതന്നെ തന്നിലെ കലാകാരിയും ഡോക്ടർക്കൊപ്പം വളർന്നുകൊണ്ടിരിക്കുന്നു. 
 
നിങ്ങൾക്കെന്തെങ്കിലും ഹോബിയോ പാഷൻ എന്നു വിളിക്കാവുന്ന അഭിനിവേശമുള്ള എന്തെങ്കിലും ഉത്പന്നമോ ഉണ്ടോ? കലാപരമോ, കായികമോ, സാഹിത്യപരമോ, പാചകമോ എന്തുമാവാം. നിങ്ങളുടെ തനതായ സൃഷ്ടിയാവണം. അതിനെ ഉത്പന്നമാക്കുക. വിപണി നിങ്ങൾക്കായി കാത്തിരിക്കുന്നു. പണം നിങ്ങളെ തേടിയെത്തും. നിങ്ങൾ പണത്തിനു പിന്നാലെ പോവരുത്.

സ്റ്റീവ് ജോബ്‌സ് കംപ്യൂട്ടറാണ് സ്വപ്നം കണ്ടത്, പണമല്ല. ജെഫ് ബിസോസ് ആമസോൺ എന്ന ഓൺലൈൻ വ്യാപാരശേഖരമാണ് സ്വപ്നം കണ്ടത്. ഇന്ന് അവർ അനേകർക്ക് ജോലിയും ജീവിതമാർഗവും നൽകുന്നു. പണവും പിന്നാലെയെത്തുകയാണുണ്ടായത്. 
 
ഇതു വായിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ നിങ്ങളുടെ മനസ്സിലേക്ക് പലതും കടന്നുവരുന്നുണ്ട്. എടുത്തുചാടുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

1.) സ്ഥിരവരുമാനമായി മറ്റ് എന്തെങ്കിലും തൊഴിൽ തുടക്കത്തിൽ ഉണ്ടായിരിക്കണം. കാരണം ഉള്ള ജോലികളഞ്ഞ് ഹോബിയുടെ പിന്നാലെ പോയി ജീവിതം കളഞ്ഞ നിരവധി പേർ ചുറ്റുമുണ്ട്.
2.) ഇപ്പോൾ ഉള്ള തൊഴിൽമേഖലയുടെ പ്രാഥമിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്. ഇപ്പോൾ ഉള്ള തൊഴിലിൽ ഉഴപ്പുന്നവർ എന്തുചെയ്താലും അത് വിജയിക്കണമെന്നില്ല. കാരണം ഗുരുത്വം എന്നത് തൊഴിലിടങ്ങളിലെ അദ്യശ്യ കൈയൊപ്പാണ്. 
3.) തുടക്കത്തിൽ ഇത് ഒരു സ്ഥിരവരുമാനമാർഗമാകില്ല. പിന്നീട് ആയേക്കാം. ചെറുതായിട്ട് തുടങ്ങുക, പക്ഷേ സ്ഥിരതയുണ്ടാക്കുക. എല്ലാത്തിലും തലയിട്ട് ഒന്നുമാകാത്തവർ എന്ന പഴമൊഴി ഓർമിക്കുക. 
4.) ഒരുവൻ രണ്ടാമത് തിരഞ്ഞെടുക്കുന്ന തൊഴിൽമേഖല കൂടുതൽ ആസ്വാദ്യകരവും അഭികാമ്യവുമാവാറുണ്ട്. ആസൂത്രിതമായും ആകസ്മികമായും സംഭവിക്കാവുന്ന ഒരു തൊഴിൽമേഖലയാണിത്.
5.) നിങ്ങളുടെ സുഹൃത്തുക്കൾ എന്തു പറയുന്നുവെന്ന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ സിദ്ധികൾ, നേട്ടങ്ങൾ, സാധ്യതകൾ, നിങ്ങൾക്ക് മാത്രം ചെയ്യാനാവുന്നത് എന്നൊക്കെ പറയാറുള്ളത് പരിഗണിക്കുക. ഒന്നും പറയുന്നില്ലായെങ്കിൽ നിങ്ങൾ ആരോടും അവരുടെ നേട്ടങ്ങളെക്കുറിച്ച് പറയുന്നില്ലെന്ന് സാരം. 
6.) ഉത്പന്നത്തിന്റെ വിപണിസാധ്യതകൾ ആരായുക, കണ്ടെത്തുക. വാങ്ങാൻ സാധ്യതയുള്ള ഉപഭോക്താക്കളെ കണ്ടെത്തണം. തുടക്കത്തിൽ സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽപക്കത്തുള്ളവർ. എന്നിവരാകാം. എല്ലാം ഓസിനു കിട്ടണം എന്ന മനോഭാവമുള്ളവരെ സൂക്ഷിക്കുക. 
7.) നിങ്ങൾക്ക് പറ്റാത്ത കാര്യങ്ങൾ, ഉദാഹരണത്തിന് സാമ്പത്തികം, സാങ്കേതികവിദ്യ എന്നിവ മറ്റുള്ളവരെ ഏൽപ്പിക്കുക. കാരണം നിങ്ങളിലെ പ്രതിഭയ്ക്ക്‌ മാത്രമായി സമയക്രമീകരണം ഉണ്ടാവണം. 
8.) സാമൂഹികമാധ്യമങ്ങളുടെ പ്രാധാന്യം, പ്രത്യേകിച്ച് ഓൺലൈൻ വ്യാപാരം, ബ്ളോഗ്, സ്വന്തമായി ഒരു വെബ്‌സൈറ്റ് തുടങ്ങി വിവിധ സാധ്യതകൾ അന്വേഷിച്ചറിയുക.
9.) എന്നെ ആരും പരിഗണിക്കുന്നില്ല, അല്ലെങ്കിൽ എന്റെ ജീവിതം ഒരു പരാജയം തുടങ്ങിയ വിഷാദരോഗ ചിന്തയിൽ നിന്നുള്ള മോചനം ലഭിക്കാൻ ഈ മേഖല വളരെ സഹായകരമാണ്. 
10.) വിപണിമൂല്യത്തെക്കാളേറെ വ്യക്തിപരമായ സായുജ്യമാണ് പ്രധാനപ്പെട്ടത്. ഓർക്കുക, താത്പര്യമില്ലാത്ത ഒരു കാര്യത്തിനുവേണ്ടി കഷ്ടപ്പെടുന്നതാണ് പിരിമുറുക്കം അഥവാ സ്ട്രെസ്. ഇഷ്ടമുള്ള കാര്യങ്ങൾക്കായി കഷ്ടപ്പെടുന്നതിനെയാണ് പാഷൻ അഥവാ അഭിനിവേശം എന്ന് വിളിക്കുന്നത് . അതുകൊണ്ട് ഇഷ്ടപ്പെട്ടവയ്ക്കുവേണ്ടി കഷ്ടപ്പെടുക. അപ്പോൾ അത് കഷ്ടപ്പാടല്ല, ജീവിതം തന്നെയാണ്.