കാമുകി കാമുകന്മാര്‍ പ്രണയപരവശരായി മാനം നോക്കി ഇരിക്കുന്ന സമയത്ത്‌ കാമുകി പറഞ്ഞു. ‘നോക്കിക്കേ, എന്തു ഭംഗിയാ ആകാശം കാണുവാൻ. നല്ല നീലിമയുള്ള ആകാശം.’ അയാൾ പ്രണയാതുരനായ്  മറുപടി പറഞ്ഞു. ‘അതിലും ഭംഗിയാ നിന്റെ കവിളിൽ നോക്കിയിരിക്കുവാൻ.’

ആ മറുപടിയുടെ നിർവൃതിയിൽ  പ്രണയാദ്രതയോടെ അവൾ അയാളുടെ കണ്ണിലേക്ക് നോക്കി.  എത്ര സമയം അവരങ്ങനെ ഇരുന്നു എന്നറിഞ്ഞില്ല. സമയത്തിന്റെ ദൈർഘ്യം കുറഞ്ഞുപോയതുപോലെ  ഇരുവർക്കും അനുഭവപ്പെട്ടു.  കാലം അവരെ ദമ്പതിമാരാക്കി. വർഷങ്ങൾക്ക് ശേഷം അതേസ്ഥലത്ത് രണ്ടുപേരും കൂടി ഇരുന്നു.

അവർ ആകാശവും കണ്ടില്ല, കവിളും കണ്ടില്ല. അവൾ പറഞ്ഞു: ‘എന്റെ ബാഗിൽനിന്ന് കാശ് വല്ലതും എടുത്തായിരുന്നോ’. അയാൾ ഒന്ന് ഇരുത്തി മൂളി. ‘അത് ഞാൻ ചിട്ടി അടയ്ക്കാൻ വേണ്ടി വച്ചിരുന്നതാ. ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ’ അവളുടെ ഗദ്ഗദം രോഷവും അലർച്ചയുമായി മാറി.  

 പ്രണയവിവാഹങ്ങൾ തെറ്റായി കണ്ടിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാൽ ഇന്ന് പ്രണയിക്കാതെ കല്യാണം കഴിക്കുന്നവരെ തമാശക്കെങ്കിലും കളിയാക്കുന്ന തരത്തിലുള്ളവരായി നമ്മൾ മാറി. സ്വന്തമായി ഇണയെ കണ്ടുപിടിക്കാനുള്ള കഴിവില്ലാത്തവരായി മുദ്രകുത്തപ്പെടുന്ന സന്ദർഭങ്ങൾ നേരിട്ടവരും ഉണ്ട്. 
 
പ്രണയങ്ങൾ ഉണ്ടാവുന്നതും വളരുന്നതും തകരുന്നതും നിത്യേന കാണുന്ന ഒരാളെന്ന നിലയിലാണ് ഞാൻ ഇതൊക്കെ കുറിക്കുന്നത്. പ്രത്യേകിച്ച് അതിന്റെ സാമ്പത്തികവശം വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലെടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് വിലപിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പ്രേമിക്കുന്ന സമയത്ത് പണം ഒരു വില്ലനായി തോന്നാറില്ല.

എന്നാൽ വിവാഹശേഷം എല്ലാ പ്രണയത്തെയും തകർക്കുന്ന വില്ലനായി പണം മാറുന്നു. ‘ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ’ എന്ന ഡയലോഗിന് വിശപ്പ് മാറ്റാനും ബാങ്ക് ലോൺ അടയ്ക്കാനും പറ്റില്ലല്ലോ. ‘കഷ്ടപ്പെട്ട് നിന്നെ ഞാൻ പോറ്റും’ എന്ന ഡയലോഗിന് ഇന്ന് പ്രസക്തിയില്ല. കാരണം ഇന്ന് എത്ര ശതമാനം സ്ത്രീകളാണ് പോറ്റപ്പെടുന്നത് എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.      
 
പ്രേമിക്കുന്ന നാളുകളിൽ ഏറ്റവും കൂടുതൽ ഒളിച്ചുകളി നടത്തുന്ന മേഖലയും പണവുമായി ബന്ധപ്പെട്ടതാണ്. കൈയിൽ പണമില്ല എന്നും പറഞ്ഞ് പെൺകുട്ടിയുടെ പണംകൊണ്ട് പഠനകാലം മുഴുവൻ കഴിയുന്നവരും,  തന്റെ കൈയിൽ ധാരാളം പണമുണ്ടെന്ന് കാണിക്കുവാനായി കടം വാങ്ങി പോക്കറ്റിൽ പണം നിറച്ച് ചെലവാക്കുന്നവരും ഉണ്ട്.

ബുദ്ധിപൂർവം തനിക്കാവശ്യമുള്ളതെല്ലാം പുരുഷനെക്കൊണ്ട് മേടിപ്പിച്ചിട്ട് ‘ചേട്ടാ നമുക്ക് എല്ലാം മറക്കാം’ എന്നുപറഞ്ഞ് ബുദ്ധിപൂർവം പിൻമാറുന്ന പെൺകുട്ടികളെയും കാണാറുണ്ട്. വലിയ റിസ്‌ക് എടുക്കാതെ കുടുംബം, ജോലി, സാമ്പത്തികഭദ്രത ഇവയൊക്കെ നോക്കി മാത്രം തീരുമാനിക്കുന്ന പ്രാക്ടിക്കൽ പ്രണയക്കാരും ഉണ്ട്. 

ജീവിതത്തിന്റെ തുടക്കത്തിൽ പണിയെടുക്കുവാനും പണമുണ്ടാക്കുവാനും ഉത്സാഹമായിരിക്കും. തങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന് കാണിക്കുവാനുമുള്ള തത്രപ്പാട് രണ്ടു കൂട്ടർക്കുമുണ്ടാവും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അവർതന്നെ പരിഹരിച്ചോളും നമ്മുടെ അടുത്തോട്ട് വരില്ലല്ലോയെന്ന് ആശ്വസിക്കുന്ന മാതാപിതാക്കളും ഉണ്ട്. പിന്നീട് പ്രശ്നങ്ങളുണ്ടാവുമ്പോൾ തങ്ങൾക്കുള്ളതും കൂടി എഴുതിക്കൊടുത്തേക്കാം, എങ്ങനെയെങ്കിലും ജീവിച്ചുപൊക്കോട്ടെ എന്ന രീതിയിൽ സ്വയം താഴുന്ന മാതാപിതാക്കളെയും കണ്ടുമുട്ടാറുണ്ട്.

മാതാപിതാക്കൾ ഇന്ന് ഏറ്റവുമധികം വിഷമിക്കുന്ന ഒരു മേഖലയും കൂടിയാണിത്. ‘എന്റെ മകന്റെ വിവാഹത്തിന്റെ നടത്തിപ്പുകാരൻ മാത്രമായിരുന്നു ഞാൻ. പെൺകുട്ടിയും തീയതിയും വിവാഹരീതികളും എല്ലാം  അവൻ നിശ്ചയിച്ചു. പണവും തന്നു. വാടകയ്ക്കെടുത്ത തൊഴിലാളിയെപ്പോലെ ഞാൻ നിന്നുകൊടുത്തു’വെന്ന് ഒരാൾ വിഷമത്തോടെ പറയുകയുണ്ടായി. 
 
ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെ മാത്രമെ മക്കൾ മാതാപിതാക്കളോടൊപ്പമുള്ളു. പുതിയ  കോഴ്‌സുകളും സൗഹൃദങ്ങളുമൊക്കെയായി ജീവിതത്തെക്കുറിച്ചുള്ള പുതിയ സമവാക്യങ്ങൾ തുന്നിച്ചേർക്കാൻ തുടങ്ങുന്നു.  ഇന്നത്തെ വിദ്യാഭ്യാസരീതികളും ജോലി സാഹചര്യങ്ങളും  പ്രോജക്ടുകളും കൂടുതൽ ടീം വർക്ക് ആവശ്യപ്പെടുന്നതാണ്. ആരോഗ്യകരമായ സൗഹൃദം വളരാനും പരസ്പര ബഹുമാനത്തിന്‌ ഉതകുന്ന വിധം സൗഹൃദങ്ങളെ വളർത്താനുമുള്ള പരിശീലനത്തിനായാണ് ഇതുപയോഗിക്കേണ്ടത്. പകരം സംഭവിക്കുന്നത് വികലമായ ബന്ധങ്ങളാണ്. 
 
വിവാഹത്തെ ‘വർക്ക്‌ഷോപ്പി’നോട് ഉപമിക്കാറുണ്ട്. ഒരാൾ വർക്ക് ചെയ്യുകയും മറ്റെയാൾ ഷോപ്പ് ചെയ്യുകയും ചെയ്യുന്നുവെന്നല്ല ഇതിന്റെ അർത്ഥം.  വിവാഹം ഒരു ജീവിത പരിശീലനകളരിയാണ്. ഒട്ടാത്ത കവിളുകളും ഒളിമങ്ങാത്ത ആകാശവും സാമ്പത്തികസുരക്ഷിതത്വത്തിന്റെ ഫലവും കൂടിയാണ് എന്ന തിരിച്ചറിവുണ്ടാവണം.

‘സ്നേഹിക്കാൻ ഒരു ഹൃദയവും താലോലിക്കാൻ രണ്ടു കരങ്ങളും മാത്രമെ എനിക്കുള്ളു’ എന്ന് കിലുക്കം സിനിമയിലെ നായകൻ പറയുമ്പോഴും അത് ജീവിതത്തിൽ മണികിലുക്കമാവില്ല.