വധിക്കാലം വരവായി. കുട്ടികൾ അമിതസന്തോഷത്തിലാണ്. പരീക്ഷാക്കാലത്തിന്റെ പിരിമുറുക്കവും കുറ്റപ്പെടുത്തലുകളും അവസാനിച്ചു. സ്വാതന്ത്ര്യത്തിന്റെയും ആഹ്ളാദത്തിന്റെയും നാളുകളിലേക്ക് പ്രവേശിക്കാനുള്ള സമയമായി. കുട്ടികളുടെ തന്നെ ഭാഷയിൽപറഞ്ഞാൽ ഇനി ‘അടിച്ചുപൊളിക്കണം’.

എന്നാൽ മാതാപിതാക്കൾ ഏറെ ആകാംക്ഷയിലാണ്. കാരണം മക്കളുടെ ഊർജത്തിനൊപ്പം തുള്ളുവാനുള്ള ശാരീരികവും മാനസികവുമായ കരുത്ത് അവർക്കില്ല. മാത്രവുമല്ല ഈ അവധിക്കാലത്ത് കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നും നിശ്ചയമില്ലാതെ കുഴയുന്നവരും ധാരാളമുണ്ട്. ഓർക്കുക, കുട്ടികൾ നിങ്ങൾക്ക് കൈകാര്യം ചെയ്യുവാനുള്ള വസ്തുക്കളല്ല അവർ വ്യക്തികളാണ്.

നല്ല വ്യക്തികളായി വളരുകയും വേണം. അതിന് ആവശ്യമായ രീതിയിൽ ഈ അവധിക്കാലത്തെ മെനയണം. അവധിക്കാലം നേട്ടങ്ങളുടെ കാലമായി മാറണം, അഥവാ മാറ്റണം. കളി, ചിരി, വിനോദം, വിജ്ഞാനം എന്നിങ്ങനെ വ്യത്യസ്തചേരുവകളാൽ ഈ അവധിക്കാലം സമൃദ്ധമാവണം.
 
ഹോളിഡേ ഇക്കണോമിക്‌സ് വളർന്നുവരുന്ന സാമ്പത്തികശാസ്ത്രമേഖലയാണ്. ഒരുവശത്ത്  ഓവർടൈം കൂടി പണിയെടുക്കുന്നതിനെക്കുറിച്ചും  മറുവശത്ത് വിശ്രമവേളകളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയുള്ള ഉത്‌പാദനക്ഷമതയുടെ വർദ്ധനയെക്കുറിച്ചുമുള്ള സംവാദങ്ങൾ സാമ്പത്തികശാസ്ത്രമേഖലയിൽ ഇന്ന് ധാരാളമായുണ്ട്.

നൊേബൽസമ്മാനജേതാവും  ഭാരതീയ സാമ്പത്തികശാസ്ത്രജ്ഞനുമായ  അമർത്യാസെന്നിന്റെ കാര്യപ്രാപ്തി സിദ്ധാന്തമനുസരിച്ച് മനുഷ്യവിഭവശേഷിയുടെ കാര്യക്ഷമമായ ഉപയോഗത്തിനുചിതമായ വിധത്തിൽ ഒഴിവുസമയങ്ങളും വിശ്രമവേളകളും ഉപയോഗിക്കുന്നത് ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കുന്നു. എന്നാൽ വിവിധ രാജ്യങ്ങൾ തങ്ങളുടെ സാംസ്കാരികവും സാമൂഹ്യവും വ്യവസ്ഥാപിതവുമായ വിവിധ സംവിധാനങ്ങളെ മുൻനിർത്തിയാണ്  വിശ്രമവേളകളെ വിലയിരുത്തുന്നത്. 

വികസിതരാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ നോക്കുന്ന സമയമാണ് വേനൽ അവധിക്കാലം. പ്രത്യേകിച്ച് സാമ്പത്തികമേഖലയിൽ ടൂറിസത്തിലൂടെയും മറ്റും ധാരാളം നേട്ടങ്ങൾ കൊയ്യാൻ അവർ പദ്ധതി ചെയ്യുന്നു. അത് മനസ്സിലാക്കി വിമാന സർവീസുകളും വലിയ ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു.  

ഈ ദിവസങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. നിരക്കിൽ മാത്രമല്ല ടൂറിസം മേഖലയുടെ പരസ്യങ്ങളിലൂടെ ചില പ്രദേശങ്ങളിലേക്കുള്ള യാത്രയെയും അവർ പ്രോത്സാഹിപ്പിക്കുന്നു. അവധിക്കാല യാത്രകൾ വലിയ നിക്ഷേപമാണ്. സൈറ്റ് സീയിംഗ് കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്. കുട്ടികൾക്ക് വേണ്ടി മാത്രമല്ല അനുബന്ധവ്യവസായങ്ങളുടെ വളർച്ചയ്ക്കും ഇത് ആവശ്യമാണ്. ഓരോരുത്തരുടേയും സാമ്പത്തികസ്ഥിതി  അനുവദിക്കുന്നതുപോലെയാവണം യാത്രകൾ സംഘടിപ്പിക്കേണ്ടത്.

ലോണെടുത്ത് യാത്ര പോവുന്നവരുണ്ട്. ഇതിനായി ചെലവാകുന്ന തുക ഒരിക്കലും നഷ്ടമല്ല, മറിച്ച് ഒരു നിക്ഷേപം തന്നെയാണ്. വിദേശീയർ നമ്മുടെ നാട്ടിലേക്ക് ടൂറിസ്റ്റുകളായി വരുന്നത് പണമുണ്ടായിട്ടല്ല, കുറച്ച് നാൾ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പണം പിന്നീട് യാത്രകൾക്കായി മാറ്റി വയ്ക്കുന്നതാണ്. 

മറ്റൊരു ശ്രദ്ധേയമായ മേഖല സമ്മർ കോച്ചിങ്‌ ക്യാമ്പുകളാണ്. പാഠ്യേതര പരിശീലനത്തിനുള്ള സമയമാണിത് അവധിക്കാലം പല കാര്യങ്ങളും പഠിക്കാൻ ഉപയോഗിക്കണം. പാഠപുസ്തകപഠനമല്ല മറിച്ച് സ്പോർട്‌സ്, ഗെയിംസ്, പ്രസംഗം, സംഗീതം, ചിത്രകല തുടങ്ങിയവയ്ക്കുപകരിക്കുന്ന വിവിധങ്ങളായ അവധിക്കാല പഠന കളരികളുണ്ട്. കൂടാതെ വ്യക്തിത്വവികസനം, നേതൃത്വപരിശീലനം, പ്രകൃതിപഠനക്യാമ്പുകൾ തുടങ്ങിയവ നടത്തുന്ന സംവിധാനങ്ങളുണ്ട്.

യോഗ, നീന്തൽ തുടങ്ങിയ ശാരീരികാരോഗ്യത്തിനു പറ്റിയതും   തിരഞ്ഞെടുക്കണം. വയലിൻ, ഗിറ്റാർ, കീബോർഡ് തുടങ്ങിയ വാദ്യസംഗീതോപകരണങ്ങളുടെ പഠന ത്തിലും കലാപരമായ വളർച്ച മാത്രമല്ല ലക്ഷ്യമാക്കേണ്ടത്. പിൽക്കാലത്ത് ഒരുപക്ഷെ മറ്റൊരു സ്റ്റീഫൻ ദേവസ്സി നിങ്ങളുടെ ഭവനത്തിൽനിന്ന് ഉണ്ടായിക്കൂടെന്നില്ലല്ലോ. 

എന്നാൽ സമ്മർക്കാല കോച്ചിങ്‌ക്യാമ്പുകൾ കേവലം പണക്കൊയ്ത്തിനായി മാത്രവും ധാരാളമായി ഉണ്ടാവുന്നുണ്ട്.  അതുകൊണ്ട് കൃത്യമായി അന്വേഷിച്ചതിനുശേഷമെ മക്കളെ ചേർക്കാവൂ. കാരണം വലിയ ബിസിനസ് മേഖലയായി ഈ രംഗം മാറിക്കഴിഞ്ഞു. എങ്ങനെയെങ്കിലും അവിടെ കൊണ്ടുവിട്ടാൽ മതി എന്ന മാതാപിതാക്കളുടെ ചിന്തയും ശരിയല്ല. അതുപോലെതന്നെ വീട്ടിൽനിന്ന് അത്രയും ദിവസം പോയിക്കിട്ടട്ടെ എന്ന മനോഭാവത്തിൽ അയയ്ക്കരുത്. 

നിക്ഷേപത്തിൽ സമയത്തിന് മുൻഗണനയുണ്ടാവണം സമയവും പണം പോലെ തന്നെ നല്ല വിഭവമാണ്. കുട്ടികളോടൊത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കേണ്ട സമയമാണിത്. ഇന്നത്തെ  കുട്ടികളിൽ പണ്ടുള്ളതിനേക്കാളേറെ സഹിഷ്ണുതയുടെ നിലവാരം കുറഞ്ഞുവരികയാണ്. അത് അവരുടെ മനഃശക്തിയെയും വിഷമങ്ങൾ അഭിമുഖീകരിക്കാനുള്ള കരുത്തിനെയും തളർത്തുന്നു.  ഒരു പ്രശ്‌നം വരുമ്പോൾ ജീവിതത്തിൽനിന്നുതന്നെ ഒളിച്ചോടാൻ തയ്യാറാവുന്നു. അതുകൊണ്ട് പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ മക്കളുടെ ജീവിതം കൈവിട്ടുപോവരുത് എന്നാഗ്രഹിക്കുന്നവർ ഇപ്പോൾ അൽപം നഷ്ടം സഹിക്കുവാൻ തയ്യാറാവുക. 

പുഴയെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരിക്കൽ തൊടുന്ന വെള്ളത്തെ വീണ്ടും തൊടാനാവില്ലല്ലോ എന്ന തത്ത്വചിന്താപരമായ ഈരടികൾ ഇന്ന് അപ്രായോഗികമായിക്കൊണ്ടിരിക്കുന്നു. കാരണം പുഴയുടെ ഒഴുക്ക് മാറിപ്പോയെന്ന് മാത്രമല്ല നിശ്ചലമാവുകയും ചെയ്യുന്നു. എന്നാൽ  ബാല്യകൗമാരങ്ങളെക്കുറിച്ച് ഈ കവിതാശകലം ശരിയാണ്. തിരിച്ചുപിടിക്കാനാവാവത്തവിധം കൈവിട്ടുപോവുന്ന ഒന്നാണ് കുട്ടിക്കാലം. വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുപോവണമെന്ന് ആഗ്രഹമുള്ളവർ നിരവധിയുണ്ട്. ഇതിനൊക്കെ എവിടുന്നാ സമയമെന്ന് വിലപിച്ചിരിക്കാതെ ഇപ്പോൾ അവധിക്കാല സാമ്പത്തികശാസ്ത്രത്തിലേക്ക് പ്രവേശിക്കാനുള്ള സമയമാണ്.