couple
പ്രതീകാത്മക ചിത്രം

ഒരു വസ്തുക്കച്ചവടത്തിന് ദാമ്പത്യത്തെ തകർക്കാനാവുമോ? സാധിക്കുമെന്നാണ് ആധുനിക ദാമ്പതാനുഭവങ്ങൾ തെളിയിക്കുന്നത്. അജിത്തും ദിവ്യയും വളരെ സന്തോഷപൂർവം ജീവിച്ചിരുന്ന ഉദ്യോഗസ്ഥ ദമ്പതിമാരായിരുന്നു. എന്നാൽ പെട്ടെന്നാണ് അവരുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങൾ കടന്നുവന്നത്.

അച്ഛന്റെ നിർദേശപ്രകാരം അജിത്ത് തന്റെ മാതാപിതാക്കൾ താമസിക്കുന്നതിന് സമീപത്തായി സഹോദരന്റെ സ്ഥലത്തിനോട് ചേർന്നുകിടക്കുന്ന ഒരു സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകി. പിന്നീട്  കച്ചവടസമയമായപ്പോൾ ദിവ്യയുടെ സ്വർണവും കൂടി പണയംവയ്ക്കുവാൻ തീരുമാനിച്ചു. അപ്പോഴാണ് ദിവ്യ ഈ വസ്തുഇടപാടിന്റെ കാര്യം അറിയുന്നത്.

സ്വർണത്തോട് ഒട്ടും താത്‌പര്യമില്ലാത്തതിനാൽ അത് നൽകുന്നതിൽ ദിവ്യക്ക് താത്‌പര്യക്കുറവൊന്നുമില്ല. പക്ഷേ ദിവ്യക്ക് ആ സ്ഥലവും പ്രദേശവും അവിടെ വീടു പണിയുന്നതും താത്‌പര്യമില്ല. മാത്രവുമല്ല, ആരോഗ്യകരവും നിലനിൽക്കുന്നതുമായ ബന്ധങ്ങൾക്ക് അൽപ്പം അകലം നല്ലതാണെന്നാണ് ദിവ്യയുടെ വാദം.

ഇതിനെത്തുടർന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളാൽ ഇപ്പോൾ അവരുടെ ജീവിതം കുറച്ചുനാളുകളായി സ്വരച്ചേർച്ചയില്ലാതായി. സാമ്പത്തികകാര്യങ്ങളുൾപ്പെടെ എന്തു സംസാരിച്ചാലും ദിവ്യക്ക് അജിത്തിൽ വിശ്വാസമില്ലാതായി മാറി. എവിടെയാണ് നമുക്ക് താളപ്പിഴകളുണ്ടാവുന്നത്? 

 ഭാര്യാഭർത്താക്കന്മാർ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവരായതുകൊണ്ട് വ്യത്യസ്തമായ അഭീഷ്ടങ്ങളും താത്‌പര്യവുമായിരിക്കും രണ്ടുകൂട്ടർക്കുമുള്ളത്. രണ്ടുപേരും ഒത്തിരി അഡ്ജസ്റ്റ് ചെയ്യുന്നതുകൊണ്ടു മാത്രമാണ് പല ദാമ്പത്യങ്ങളും ഇന്ന് കാണപ്പെടുന്നത്. വിവാഹമോചനങ്ങൾ പെരുകുന്നുവെന്നത് നമുക്കിപ്പോൾ വാർത്തയല്ല.

എന്നാൽ പല വിവാഹമോചനങ്ങളുടെയും പിന്നിലെ വില്ലൻ സാമ്പത്തികവുംകൂടിയാണ് എന്നതാണ് നമ്മുടെ വിഷയം. ഒന്നിച്ചു നീന്തിക്കയറണമോ അതോ മുങ്ങിത്താഴണമോ എന്നത് ഓരോത്തരുടെയും തീരുമാനമാണ്. ഒന്നുകിൽ നമുക്ക് ഈ വഞ്ചിയെ മുക്കാം അല്ലെങ്കിൽ മാന്യമായി തുഴഞ്ഞ് അക്കരെയെത്തിക്കാം. ഇതുമായി ബന്ധപ്പെട്ട ചില സാമ്പത്തികകാര്യങ്ങൾ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. 
 
പുരുഷൻ അന്നദാതാവും (breadwinner) സ്ത്രീ കുടുംബിനിയും (homemaker) എന്ന  കുടുംബസംവിധാനത്തിൽ നിന്ന് നമ്മൾ ഏറെ മാറി. രണ്ടുപേരും അന്നദാതാക്കളായി. സാമ്പത്തികകാര്യങ്ങളിൽ രണ്ടുപേർക്കും പങ്കാളിത്തവും ഉത്തരവാദിത്വവുമുണ്ടായി.  പരിഭവമില്ലാതെ, പരാതികളില്ലാതെ കുടുംബം നോക്കേണ്ടവളാണ് സ്ത്രീ എന്ന ചിന്ത ഇന്ന് അസ്ഥാനത്തായി. എങ്ങനെയായാലും കുഴപ്പമില്ല എന്നുപറഞ്ഞ് സാമ്പത്തികകാര്യങ്ങളിൽ ഇടപെടാൻ താത്‌പര്യമില്ലാത്ത ചെറിയ ഒരു ശതമാനം സ്ത്രീകൾ ഇന്നുമുണ്ട്.

അവർക്ക് അത്രയും മാത്രമേ സാധിക്കുകയുമുള്ളു. എന്നാൽ ഇന്ന് വീട്ടമ്മയാണെങ്കിലും ഭൂരിപക്ഷം സ്ത്രീകളും സാമ്പത്തിക ഇടപാടുകൾ തന്നോടുംകൂടി ആലോചിച്ചിട്ട് നടത്തണമെന്നാഗ്രഹിക്കുന്നവരാണ്. നല്ലൊരു ശതമാനം പുരുഷന്മാരും ഇന്ന് ജീവിതപങ്കാളിയോട് ആലോചിച്ചു മാത്രം കാര്യങ്ങൾ ചെയ്യുന്നവരുമാണ്. 
    
സാമ്പത്തികശാസ്ത്രം ഉടലെടുത്തതുതന്നെ ഗാർഹിക സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ചേർന്നുകൊണ്ടാണ്. കുടുംബവും കുടുംബബന്ധങ്ങളും എന്നും പരിണാമവിധേയമായിട്ടുള്ള വിഷയമാണ്. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള പ്രയാണത്തിൽ  കാലത്തിന്റെ കാലൊച്ച മനസ്സിലാക്കി കുടുംബബന്ധങ്ങൾ ക്രമീകരിച്ചില്ലെങ്കിൽ ഒരിക്കൽ  ഇവിടെ സുദൃഢമായ കുടുംബബന്ധങ്ങളുണ്ടായിരുന്നുവെന്നത് ചരിത്രപുസ്തകത്തിലെ പഠനവിഷയം മാത്രമാവും.  

അതുകൊണ്ട് മാതാപിതാക്കൾ മക്കളുടെ ജീവിതത്തിലേക്ക് അനാവശ്യമായ ഇടപെടലുകൾ നടത്താതിരിക്കുക. കഴിഞ്ഞ തലമുറയിലെ മാനദണ്ഡങ്ങൾവച്ച് പുതിയ തലമുറയെ അളക്കാതിരിക്കുക.  
    
അച്ഛൻ അമ്മയോട് ചോദിക്കാതെ സാമ്പത്തിക ഇടപാടുകൾ നടത്തുകയും അമ്മ യാതൊരു പരിഭവുമില്ലാതെ അനുസരിക്കുന്നതും കണ്ടുവളർന്ന മകന് പറ്റുന്ന അബദ്ധങ്ങൾ നിരവധിയാണ്. സ്വയം പര്യാപ്തതയുടെ അഹങ്കാരംമൂലം കുടുംബം നശിപ്പിക്കുന്ന സ്ത്രീകളുമുണ്ട്. സമത്വത്തെക്കാളേറെ പരസ്പരപൂരകത്വത്തിലാണ് ബന്ധങ്ങളുടെ മനോഹാരിത നിലനിൽക്കുന്നത്.  

ഭാര്യാഭർത്താക്കന്മാർ പരസ്പരം വഴക്കടിച്ച് പിരിയുമ്പോൾ അനാഥമാക്കപ്പെടുന്ന ബാല്യങ്ങളുടെ അവസ്ഥ ദയനീയമാണ്. കുടുംബം ഒരു സ്ത്രീക്ക് ഏറ്റവും വലുതാവുമ്പോഴും അത് ഉപേക്ഷിച്ചു പോരേണ്ടിവരുന്ന വിധത്തിലുള്ള ആന്തരിക സംഘർഷങ്ങൾ പേറുന്ന അനേകം സ്ത്രീജീവിതങ്ങളും നമുക്കു ചുറ്റുമുണ്ട്. ഇതെല്ലാം സമൂഹാരോഗ്യത്തിന് ഭാവിയിൽ വലിയ വിപത്തും സാമ്പത്തികപ്രശ്നവുമായിരിക്കും. 
    
ഞാൻ ഒരു ഫെമിനിസ്റ്റല്ല. ഹ്യൂമനിസ്റ്റാണ്. ഒരു സ്ത്രീവാദി എന്നതിനേക്കാൾ മനുഷ്യവാദിയായതുകൊണ്ടാണ് കുടുംബ സാമ്പത്തികശാസ്ത്രത്തിലെ പരിണാമങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നത്. ഒരു പരസ്പരാശ്രിത സാമ്പത്തികവ്യവസ്ഥിതിയാണ് ഉടലെടുക്കേണ്ടത്. ഇവിടെ ആരും പൂർണമായി അടിമകളും സ്വതന്ത്രരുമല്ല. ലോകചരിത്രത്തിലൊരിടത്തും അടിമ അതിന്റെ ഉടമയെ സ്നേഹിച്ചിട്ടില്ല. അനുസരിച്ചിട്ടേയുള്ളു. കാരണം അത് നിലനില്പിന്റെ പ്രശ്നമായിരുന്നു. എന്നാൽ ഇന്ന് അതിരുകവിഞ്ഞ വ്യക്തിചിന്തയും  ഉപയുക്തതാവാദവും ബന്ധങ്ങളെ പൊളിച്ചെഴുതുകയാണ്. 
 
ഗാർഹിക സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾ സാമൂഹ്യ സമ്പദ്‌വ്യവസ്ഥയിലും വിഷയമാണ്. അത് ഉത്‌പാദനം, ഉപഭോഗം, വിനിമയം തുടങ്ങി ബിസിനസ് മേഖലയെയും സ്വാധീനിക്കും. മാത്രവുമല്ല,  ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തിൽ സാമൂഹ്യസുരക്ഷാ തലങ്ങളിലും അനാഥമാക്കപ്പെടുന്ന ജീവിതങ്ങൾ സർക്കാരിന്റെ ബാധ്യതയായി മാറും.

വികസിതരാജ്യങ്ങളിൽ വരുമാനത്തിന്റെ ഏറിയ പങ്കും സാമൂഹ്യ സുരക്ഷയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. അതുകൊണ്ട് കുടുംബബന്ധങ്ങളിലെ പുതിയ സമവാക്യങ്ങൾ ഒരു സാമൂഹ്യശാസ്ത്രവിഷയം മാത്രമല്ല അത് സാമ്പത്തികശാസ്ത്രവിഷയവും കൂടിയാണ്.  ഓർക്കുക, നമ്മുടെ അബദ്ധങ്ങളെ അനുഭവം എന്നു വിളിക്കരുത്.