‘ശുഭയാത്ര’ എന്ന സിനിമയിൽ കടപ്പുറത്തിരുന്ന്  മണ്ണുകൊണ്ട് സ്വപ്നഗൃഹം പണിയുന്ന നായികാ നായകന്മാരായ ജയറാമും പാർവതിയും പ്രേക്ഷകരുടെ ഹൃദയം കവരുന്നുണ്ട്. സ്വന്തമായി ഒരു വീടില്ലാത്തതിന്റെ വേദന പേറുന്നവർക്ക് ആ സിനിമ ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്നതായിരുന്നു. വീട് എന്ന സ്വപ്നമില്ലാത്ത മലയാളിയില്ല. വിദേശത്ത് ജോലി ചെയ്യുമ്പോഴും ‘നാട്ടിൽ ഒരു വീട്’ എന്ന സ്വപ്നം കാത്തുസൂക്ഷിച്ച് അതിനായി അദ്ധ്വാനിക്കുന്നവർ നിരവധിയാണ്. 

നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു ശേഷവും ജി.എസ്.ടി. നടപ്പിലാക്കുന്നതിനു മുമ്പുമായി അവതരിപ്പിക്കപ്പെട്ട ബജറ്റിൽ ഭവന നിർമാണവുമായി ബന്ധപ്പെട്ട ഏറെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളുമുണ്ട്. നോട്ട് അസാധുവാക്കലിനെ തുടർന്ന് ബാങ്കുകൾ ഭവനവായ്പാ പലിശനിരക്ക് കുറച്ചു. അതുകൊണ്ട് വായ്പയെടുത്ത് സ്വന്തമായി വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണിത്. പലിശനിരക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫ്ലെക്സിബിൾ പലിശനിരക്ക് സ്വീകരിച്ചാൽ അതനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും. നിലവിൽ ലോൺ എടുത്തിട്ടുള്ളവർക്കും പലിശനിരക്ക് കുറഞ്ഞതായി വിവിധ ബാങ്കുകൾ ഫോൺ സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.  

വീട് പണിയാനുള്ള മുഴുവൻ തുകയും കൈയിൽ സമാഹരിച്ചു വച്ചതിനു ശേഷം പണിയുക എന്ന ചിന്ത മൗഢ്യമാണ്. മാത്രവുമല്ല കൈയിലിരിക്കുന്ന പണം മുഴുവനുമെടുത്ത് വീട് പണിയുന്നതും വിഡ്ഢിത്തമാണ്. കുറച്ചു പണം സമാഹരിക്കുകയും ബാക്കി വിവിധങ്ങളായ മാർഗങ്ങളിലൂടെ വായ്പയായി കണ്ടെത്തുകയുമാണ് അഭികാമ്യം. ചെലവ് കുറഞ്ഞ ഭവന നിർമാണം അടിസ്ഥാന ആവശ്യമായി അംഗീകരിക്കണമെന്നുള്ള ആശയം വിവിധ നിർമാണ കമ്പനികൾ ഉന്നയിക്കുന്നുണ്ട്. 

വീട് പലർക്കും പലതാണ്. ചിലർക്ക് പൊങ്ങച്ചത്തിനുള്ളത്. ചിലർക്ക് ഉപയോഗത്തിനുള്ളത്. ഒരു സാധാരണക്കാരൻ വീട് പണിയുമ്പോൾ രണ്ട്‌ മുറി, അടുക്കള എന്ന് ചിന്തിക്കുന്നു. ഒരു വക്കീലോ ഡോക്ടറോ വിട്‌ വയ്ക്കുമ്പോൾ ഒരു ഓഫീസ് മുറിയും കൂടി അത്യാവശ്യമാവുന്നു. ഒരു മന്ത്രിയുടെ വീടാണെങ്കിൽ ധാരാളം സന്ദർശന മുറികൾ ആവശ്യമാണ്. ഇങ്ങനെ വീട് പലർക്കും പല രീതിയിലാണ് ആവശ്യമായിരിക്കുന്നത്. അതിനാൽ കോപ്പിയടിക്കാതെ അവനവന് എന്താണ് ആവശ്യമെന്ന് കണ്ടറിഞ്ഞുവേണം ഭവന നിർമാണത്തിന് മുതിരേണ്ടത്. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്താൻ തോന്നുന്നിടമാവണം വീട്. 

ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന ലോൺ പല തരത്തിലുള്ളതാണ്. പണിതീർത്ത വീട് വാങ്ങാൻ വിലയുടെ 85 ശതമാനം വരെ നൽകുന്നു. വീട് പണിയാൻ ആവശ്യമായ സ്ഥലം മേടിക്കാൻ മാത്രമായും വ്യവസ്ഥകൾക്കനുസൃതമായ ലോൺ സംവിധാനം ബാങ്കുകൾക്കുണ്ട്. വീട് നിർമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ വായ്പാ തുക പല ഘട്ടങ്ങളായി നൽകുന്ന സംവിധാനമാണുള്ളത്. പണിത വീട് നവീകരിക്കാൻ, ഫർണിച്ചർ തുടങ്ങിയവ വാങ്ങാൻ എന്നിങ്ങനെ ആവശ്യക്കാരന്റെ മനഃശാസ്ത്രമനുസരിച്ച് വിവിധ ഹോം ലോൺ പാക്കേജുകളുമായി ബാങ്കുകളും ഫിനാൻസ് കമ്പനികളും മത്സരിച്ച് രംഗത്തുണ്ട്. 

വീട് വാങ്ങാൻ വായ്പ അനുവദിക്കുന്നതിന്റെ പ്രധാന അളവുകോൽ തിരിച്ചടയ്ക്കാനുള്ള കഴിവാണ്. തിരിച്ചടവിനെ വിവിധ ഇൻസ്റ്റാൾമെന്റായി നിജപ്പെടുത്തുന്നതിനെ ഇ.എം.ഐ. എന്ന് വിളിക്കുന്നു. തുടക്കത്തിൽ എല്ലാവരും െെകയിലുള്ള പണംകൊണ്ട് പണിയും. പിന്നീട് പണിതത്  ശരിയായില്ല അല്ലെങ്കിൽ പോരായ്മകൾ ഉണ്ട് എന്ന് മനസ്സിലാകുന്നു. സ്ത്രീകൾ എന്നും പരാതിപ്പെട്ടിയുമായി രംഗത്തെത്തും. കാരണം ആദ്യം അവരുടെ താത്‌പര്യങ്ങൾക്ക് പ്രാധാന്യം നൽകില്ല. പിന്നീട് അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലാക്കി കുടുംബ സ്വസ്ഥതയും കൂടി പരിഗണിച്ച് വീട് നവീകരിക്കും. അപ്പോഴേക്കും സാമ്പത്തികം കുറച്ചുകൂടി മെച്ചപ്പെടുന്നതു മൂലം നവീകരിക്കുന്നതിനുള്ള ലോൺ എടുക്കും. ഹോം ഡെക്കറേഷൻ ലോണുകളും ലഭ്യമാണ്. 

ലോൺ എടുത്തതിന്റെ ആദ്യ വർഷങ്ങളിൽ ജീവിതച്ചെലവ് കുറയ്ക്കേണ്ടി വരും. വ്യക്തിപരമായ വായ്പകൾ, പണയങ്ങൾ എന്നിവ ആദ്യം തീർപ്പാക്കുക.  ബാങ്ക്‌ ലോണിന്റെ കാലാവധി പത്ത്, പതിനഞ്ച് എന്നിങ്ങനെ നീണ്ട വർഷങ്ങളായിരിക്കും. തിരിച്ചടവിന്റെ ആദ്യ വർഷങ്ങളിൽ ഇ.എം.ഐ. യിൽ കൂടുതലും പലിശയുടെ അടവായിരിക്കും.

അത് വളരെ ദയനീയമായ അവസ്ഥയാണ്. അതാണ് ബാങ്കിന്റെ ലാഭവും. ലോൺ കാലാവധിക്കു മുന്നേ തീർക്കുകയാണെങ്കിൽ അധിക ചാർജ് ഉണ്ടോ എന്നും അന്വേഷിക്കണം. എല്ലാം കൈപ്പിടിയിൽ ഒതുങ്ങിയില്ലെങ്കിൽ വീട് കൈവിട്ടുപോവും. വീടും ‘ഭവന’വും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്നേഹിക്കാനാണ്.

എന്നാൽ വീട് പോലുള്ള വസ്തുക്കൾ ഉണ്ടാക്കുന്നത് ഉപയോഗിക്കാനാണ്. പക്ഷേ, പ്രയോഗത്തിൽ ഇവ പരസ്പരം മാറി വസ്തുക്കളെ സ്നേഹിക്കുകയും വ്യക്തികളെ ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ട് പല വീടുകളും ഭവനങ്ങളല്ലാതായി വെറും കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമാവുന്നു. ഊഷ്മളമായ ഹൃദയ ഐക്യമാണ് വീടിനെ ഭവനമാക്കുന്നത്. 

അവസരങ്ങൾ സൂര്യോദയം പോലെയാണ്. കുറച്ച് കഴിയുമ്പോൾ അപ്രത്യക്ഷമാവുന്നു അതുകൊണ്ട് വെയിലുള്ളപ്പോൾ തന്നെ വൈക്കോൽ ഉണക്കുന്നതാണ് ഉചിതം. ആധുനിക തലമുറയ്ക്ക് വൈക്കോൽ എന്താണ് എന്ന് അറിയുമോ എന്ന ആശങ്കയും ഇതോടൊപ്പം ചേർത്തുവയ്ക്കുകയാണ്.