രാജേഷ് എന്റെ ക്ലാസിലെ വളരെ നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു. പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടി ഐ.എ.എസ്. എന്ന ആഗ്രഹവുമായാണ് സാമ്പത്തികശാസ്ത്രം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ഡിഗ്രിക്ക് ചേർന്നത്. ഐ.എ.എസ്. എടുക്കാനുള്ള കഴിവും ഞാൻ ആ വിദ്യാർഥിയിൽ കണ്ടു. എന്നാൽ ഡിഗ്രി അവസാനവർഷ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കാമ്പസ് പ്ലേസ്‌മെന്റിലൂടെ ഒരു ഷെഡ്യൂൾഡ് ബാങ്കിൽ അവന് ജോലി ലഭിച്ചു. 

പക്ഷേ, ഞാൻ അവനോട് പറഞ്ഞു: ‘‘നിനക്ക് ഈ 20-ാമത്തെ വയസ്സിൽ ഒരു ജോലി കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ, അതിനെക്കാളേറെ ദുഃഖവുമുണ്ട്. കാരണം നീ ഒരു ബാങ്കിൽ ക്ലാർക്ക് ആകേണ്ടവനല്ല’’. 
 
‘‘ഞാൻ പബ്ളിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം എടുത്തിട്ട് സിവിൽ സർവീസ് പരീക്ഷ എഴുതിക്കൊള്ളാം’’ എന്നു പറഞ്ഞ് കോളേജിലെ പ്ലേസ്‌മെന്റ് ഓഫീസറായിരുന്ന എന്നെ അവൻ സമാധാനിപ്പിച്ചു. പിന്നീട് ബാങ്കിൽ അസിസ്റ്റന്റ് മാനേജരായും തുടർന്ന് മാനേജരായും ജോലി ചെയ്യുന്നു. പബ്ളിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര പഠനത്തിന് ചേർന്നെങ്കിലും ബാങ്കിലെ ജോലിത്തിരക്കു മൂലം പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള പ്രതിഭകളുടെ എണ്ണം നമ്മുടെ നാട്ടിൽ ഇപ്പോൾ വർധിച്ചുവരികയാണ്. 

കാമ്പസ് പ്ലേസ്‌മെന്റുകളുടെ കാലമാണിത്. വിവിധ വിഷയങ്ങളും കോളേജുകളും തിരഞ്ഞെടുക്കുന്നതുതന്നെ ജോലിസാധ്യതകളും കൂടി പരിഗണിച്ചാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ ‘യുെനസ്കോ’ യുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യംതന്നെ അറിവും തൊഴിലും നേടുക എന്നതുതന്നെയാണ്. കാരണം തൊഴിൽ, വരുമാനവും വിലാസവും നൽകുന്നു. 
 
എന്നാൽ, യുവത്വത്തിൽ തൊഴിലിനാണോ ഉന്നത വിദ്യാഭ്യാസത്തിനാണോ പ്രാമുഖ്യം നൽകേണ്ടത് എന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ന് ഉയരുന്നുണ്ട്. ഇവിടെ ചില ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. 
 
ഒന്നാമതായി, നിങ്ങളുടെ കുടുംബത്തിന് ഇപ്പോൾ സാമ്പത്തിക പിന്തുണ ആവശ്യമുണ്ടോ എന്നതാണ് മുഖ്യ പരിഗണനയാവേണ്ടത്. വീട് സാമ്പത്തികമായി ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെങ്കിൽ, തീർച്ചയായും എത്രയും പെട്ടെന്ന് കുടുംബത്തെ സാമ്പത്തിക പരാധീനതയിൽ നിന്ന് കരകയറ്റുക എന്നത് മക്കളുടെ ലക്ഷ്യമാവണം. മാത്രവുമല്ല, വിദ്യാഭ്യാസ ലോൺ ഉണ്ടെങ്കിൽ അതും വേഗത്തിൽ സ്വന്തമായി അടച്ചുതീർക്കുകയാണ് ഉചിതം. 

പണം അടിസ്ഥാനപരമായി ഒരു പദാർത്ഥമാകയാൽ അത് കൈകാര്യം ചെയ്യാനുള്ള പക്വത ഉണ്ടാവുമ്പോൾ മാത്രം ലഭിക്കുന്നതാണ് നല്ലത്. പലപ്പോഴും പണം കരസ്ഥമാക്കാനും ഉപയോഗിക്കാനുമുള്ള വെമ്പൽ ഇളംപ്രായത്തിലുണ്ടാവും. ഈ പ്രായത്തിലുള്ള ചില മോഹങ്ങളുടെ സ്വാധീനമാണ് പലരേയും മറ്റു നിഷിദ്ധ പ്രവണതകളിലേക്ക് നയിക്കുന്നത്. ഭക്ഷണം, മൊബൈൽ, ബ്രാൻഡഡ് ഉത്പന്നങ്ങൾ, മറ്റ് സുഖസൗകര്യങ്ങൾ എന്നിവയോട് ഉണ്ടാവുന്ന അതിമോഹത്താൽ നിഷേധശക്തികളുടെ കരവലയത്തിൽ പെട്ടുപോവുന്നവരും നിരവധിയാണ്. കാരണം യുവത്വത്തെ നശിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അവരുടെ കൈയിൽ ആവശ്യത്തിലധികം പണം നൽകുന്നതാണ്. 

കിട്ടിയ ജോലി വേണ്ടെന്നുവച്ചാൽ പിന്നീട് നല്ല ജോലി ആഗ്രഹിക്കുമ്പോൾ കിട്ടിയില്ലെങ്കിലോ എന്ന ആശങ്കയും ഇവിടെ പ്രധാനപ്പെട്ട ചിന്തയാണ്. ‘ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടേയിരിക്കുക’ എന്നതാണ് കരണീയമായിട്ടുള്ളത്.  ഇപ്പോൾ പല രംഗത്തും പ്രഗത്ഭരായവരെ തേടി നടക്കുകയാണ്.  എംപ്ലോയബിലിറ്റിയാണ് പ്രധാനം. അതിന് സജ്ജമാക്കുന്ന വിദ്യാഭ്യാസമാണ് സ്വീകരിക്കേണ്ടത്. 
 
രണ്ടോ മൂന്നോ വർഷം ജോലി ചെയ്തുകഴിഞ്ഞ് തുടർവിദ്യാഭ്യാസം തേടുന്നവരും ഉണ്ട്. അതും നല്ല പ്രവണതയാണ്. കാരണം സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് ഉന്നത വിദ്യാഭ്യാസം നേടുന്നതിന്റെ ത്രില്ലും ഉണ്ടാവും. മാതാപിതാക്കൾക്ക് സാമ്പത്തികഭാരം ഇല്ലാതാവും എന്ന സവിശേഷതയും ഇതിനുണ്ട്. 
 
യു.ജി.സി. പോലുള്ള സംവിധാനങ്ങൾ അധ്യാപക പാക്കേജുകൾ ആകർഷണീയമാക്കുന്നത് കഴിവുള്ള വിദ്യാർഥികളെ ഉന്നതപഠനം, ഗവേഷണം, അധ്യാപനം എന്നീ രംഗങ്ങളിലേക്ക് ആകർഷിക്കാൻ വേണ്ടി ക്കൂടിയാണ്. അതുകൊണ്ട്, ഒരു ബിരുദംകൊണ്ട് അവസാനിക്കേണ്ട പ്രതിഭയല്ല നിങ്ങൾ എന്ന് മനസ്സിലാക്കി ഗവേഷണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ സാധിക്കണം. 
 
വ്യവസായികളും സംരംഭകരും രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലാണ്. ഈ സത്യം മനസ്സിലാക്കി, ഈ മേഖലയിലേക്ക് യുവത്വം ആകർഷിക്കപ്പെടണം. ഈ രംഗത്ത് വിജയികൾ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നവരല്ല. മറിച്ച്, ചെയ്യുന്ന കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നവരാണ്
 ‘എനിക്ക് യുവത്വത്തിൽ എല്ലാം നഷ്ടപ്പെട്ടു, പണം മാത്രം ഉണ്ടാക്കി’ എന്ന് പിന്നീട് വിലപിക്കാൻ ഇടവരരുത്. 22-ാമത്തെ വയസ്സിൽ ജോലിയിൽ പ്രവേശിക്കുന്നവർ 35-ാമത്തെ വയസ്സിൽ നഷ്ടസ്വപ്നങ്ങളെയോർത്ത് പരിതപിക്കുന്നത് കാണാൻ ഇടവന്നിട്ടുണ്ട്. 
 
മാതാപിതാക്കൾ തങ്ങൾക്ക് ലഭിക്കാതെ പോയതെല്ലാം മക്കളിലൂടെ സാധിക്കണമെന്ന വ്യഗ്രതയിൽ മക്കളെ ഉപയോഗിക്കരുത്. ‘ഫലപ്രദമായ പേരന്റിങ്‌ എന്നത് അവരിൽ പണമല്ല, മറിച്ച് സ്വപ്നങ്ങൾ നിറയ്ക്കുന്നതാണ്.’ 
 
ഓർക്കുക, ‘എല്ലാവർക്കും ഒരു ടൈം സോൺ ഉണ്ട്.’ ഒബാമ 55-ാം വയസ്സിൽ പ്രസിഡന്റ് സ്ഥാനത്തു നിന്ന് വിരമിച്ചപ്പോൾ ട്രംപ് തന്റെ എഴുപതാം വയസ്സിൽ അമേരിക്കയുടെ പ്രസിഡന്റായി. ‘നമ്മുടെ ടൈം സോണിനായി കാത്തിരിക്കുക... ശരിയായ ഉപയോഗത്തിന് നല്ലത്, പാകമാവുന്നതിനു മുമ്പ് പഴുക്കാതിരിക്കുന്നതാണ്.’