.ടി. പഠനത്തിനുശേഷം സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച അലക്‌സി എന്ന യുവാവിന് ആദ്യം കിട്ടിയ അസൈൻ‌മെന്റ് വിമാനത്തിലെ യാത്രക്കാർക്ക് സീറ്റ് നിശ്ചയിച്ച് ലഭിക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയർ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു.

അതുമായി ബന്ധപ്പെട്ട കോഡുകൾ നിർമിച്ച് കംപ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിക്കുന്നത് തുടക്കത്തിൽ ആവേശമായിരുന്നെങ്കിലും പിന്നീട് അതിൽ വിരസത അനുഭവപ്പെടാൻ തുടങ്ങി. ജോലിയിലെ മുഖ്യ ആകർഷണം മാസാവസാനം ലഭിക്കുന്ന ശമ്പളവും വാർഷിക ഇൻക്രിമെന്റും മറ്റ് അലവൻസുകളും ആയിരുന്നു.  വിദ്യാഭ്യാസലോണും മറ്റ് സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കേണ്ടത് അനിവാര്യമായതിനാൽ ജോലിയിൽ തുടരുവാൻ അവ നിർബന്ധിത കാരണങ്ങളായി മാറി. 

ഒരിക്കൽ എയർപോർട്ടിൽ താൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള സാഹചര്യമുണ്ടായി. യാത്രക്കാരിൽ പലരും അവർക്ക് ഏറെ ഇഷ്ടമുള്ള വിൻഡോ സീറ്റ് ലഭ്യമാക്കുന്നതിൽ താത്‌പര്യം കാണിക്കുന്നതു കണ്ടു. യാത്രക്കാർ അവരുടെ മുൻഗണനകൾ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിലും സോഫ്റ്റ് വെയർ അത് കൃത്യമായി മനസ്സിലാക്കി ചെയ്യുന്നതു കണ്ടു.

ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് സീറ്റ് അടുത്തടുത്ത് കിട്ടുന്നതും മക്കളെ തന്റെ അടുത്തു തന്നെ ഇരുത്തി യാത്ര ചെയ്യുന്നതിൽ ആ കുടുംബത്തിലെ അമ്മ സന്തോഷിക്കുന്നതും കാണുവാനിടവന്നു. അപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷവും അഭിമാനവും സോഫ്റ്റ്‌വെയർ നിർമാണവുമായുള്ള എന്റെ ചിന്തകൾ മാറ്റിമറിച്ചു. താൻ പണിയെടുക്കുന്നത് ജീവനില്ലാത്ത കുറെ യന്ത്രങ്ങളോടല്ല അതിനുമപ്പുറത്ത് ഒരു വിശാലമായ മാനം തന്റെ തൊഴിലിന് ഉണ്ടെന്നും മനസ്സിലായി. 

എന്തിനാണ് ഒരുവൻ ജോലി ചെയ്യുന്നത് എന്ന് ചോദിച്ചാൽ അടിസ്ഥാനപരമായി അത് പണസമ്പാദനത്തിനും മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടിയാണ് എന്നതാണ് മറുപടി. വിദ്യാർഥിയായിരിക്കുന്ന കാലത്ത് മാളുകളിൽ കയറി ഇഷ്ടപ്പെട്ട സാധനങ്ങളുടെ വില കേട്ട് എങ്ങനെയെങ്കിലും പഠിക്കണം, ജോലി മേടിക്കണം എന്നിട്ട് അതൊക്കെ വാങ്ങണമെന്ന ചിന്ത പഠിക്കാനുള്ള ആവേശം നൽകിയെന്ന് വിദ്യാർഥികൾ പറയാറുണ്ട്. എന്നാൽ പണസമ്പാദനം മാത്രമാണോ തൊഴിലിന്റെ ലക്ഷ്യം.  

ഏതൊരു തൊഴിലിനോട് ചേർന്നും വലിയ ജനകീയമാനമുണ്ട്. തന്റെ ജോലി അപരനിലേക്ക് എത്തിച്ചേരുന്നതാണെന്നും അതിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാവുന്ന സന്തോഷത്തിന്റെ ആത്മനിർവൃതിയാണ് ഏറെ പ്രധാനപ്പെട്ടതെന്നും മനസ്സിലാക്കുന്നത് ജോലിയെ കൂടുതൽ സ്നേഹിക്കാനുപകരിക്കും. ഇത് ഏറ്റവും അധികമായി അനുഭവിക്കാൻ സാധിക്കുന്നവരാണ് ഡോക്ടറും അദ്ധ്യാപകരും വക്കിലും.

അതുകൊണ്ട് ഇവരുടെ ജോലിയെ സേവനവിഭാഗത്തിൽപ്പെടുത്തുന്നു. എന്നാൽ ഇത് അവരുടെ മാത്രം കുത്തകയല്ല. രാഷ്ട്രീയക്കാരനും സാമൂഹ്യ പ്രവർത്തകനും കംപ്യൂട്ടർ ഓപ്പറേറ്ററും മരപ്പണിക്കാരനും തയ്യൽക്കാരനും എന്നിങ്ങനെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരും തൊഴിലിന്റെ ഈ ജനകീയമാനം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ  ഏതൊരു ജോലിയും സൃഷ്ടിപരമാവുകയും സ്വന്തം തൊഴിലിന്റെ മഹത്വം മനസ്സിലാവുകയും ചെയ്യും. 

എബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായ ഉടൻ െസനറ്റ് ഹാളിൽ തന്റെ ആദ്യ പ്രസംഗം ചെയ്യാനായി എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ അസന്തുഷ്ടനായ ഒരു സെനറ്റ് അംഗം അദ്ദേഹത്തെ പ്രകോപിപ്പിക്കുവാനായി ഇപ്രകാരം പറഞ്ഞു: ‘’താങ്കൾ വലിയ ഔദ്ധത്യം ഒന്നും പ്രദർശിപ്പിക്കേണ്ട. താങ്കൾ ഒരു ചെരുപ്പുകുത്തിയുടെ മകനാണ് എന്ന കാര്യം ഓർക്കുക’’. എബ്രഹാം ലിങ്കൺ ശാന്തനായി, ഇപ്രകാരം മറുപടി പറഞ്ഞു: ‘‘ശരിയാണ്. എന്റെ അച്ഛൻ ഒരു നല്ല ചെരുപ്പുകുത്തിയായിരുന്നു. ഏറ്റവും നല്ല ചെരുപ്പുകളാണ് അദ്ദേഹം ഉണ്ടാക്കിയിരുന്നത്. ഒരിക്കൽ അദ്ദേഹത്തിന്റെ  െെകയിൽ നിന്ന് ചെരുപ്പു വാങ്ങിയവർ വീണ്ടും മറ്റൊരിടത്തും പോകാതെ അദ്ദേഹത്തെ തന്നെ തേടി വരുമായിരുന്നു. 

എന്റെ അച്ഛന് അദ്ദേഹത്തിന്റെ തൊഴിലിനോടുണ്ടായിരുന്ന അത്രയും പ്രതിബദ്ധതയും ആത്മാർത്ഥതയും എനിക്ക് അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.’’ അദ്ദേഹം ഇപ്രകാരം പ്രസംഗം തുടർന്നപ്പോൾ ആര് ഇളിഭ്യനായി എന്ന് പറയേണ്ട കാര്യമില്ലല്ലോ. 

തൊഴിലിന്റെ സൃഷ്ടിപരതയാണ് നമ്മൾ മനസ്സിലാക്കേണ്ടത്. തൊഴിൽ വസ്തുക്കൾ നിർമിക്കുന്നു. വസ്തുക്കൾ പണം നിർമിക്കുന്നു. ഉത്‌പാദനത്തിന്റ വർദ്ധന സാമ്പത്തിക അഭിവൃദ്ധിക്ക് നിദാനമാവുന്നു. ഉത്‌പാദിപ്പിക്കപ്പെട്ടവയിൽ ദൃശ്യവും സ്പർശനാത്മകവുമായതിനെ വസ്തുക്കളായും അല്ലാത്തവയെ സേവനമായും പരിഗണിക്കുന്നു. രണ്ടിനും മൂല്യമുള്ളതുകൊണ്ട് വില നിശ്ചയിക്കുന്നുവെന്നതാണ് അതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം. 

ഒരു തയ്യൽക്കാരനെക്കുറിച്ച് ഒരു വ്യക്തി ഇപ്രകാരം അഭിപ്രായപ്പെട്ടു: ‘’എന്നെ ഏറ്റവും കൂടുതൽമനസ്സിലാക്കുന്നത് എന്റെ തയ്യൽക്കാരനാണ്. കാരണം ഓരോ പ്രാവശ്യവും അയാൾ എന്റെ അളവുകൾ പുതുതായി എടുക്കുന്നു. 

മറ്റുള്ളവർക്കാകട്ടെ എന്നെക്കുറിച്ച് മുൻവിധികളാണ്’’. ഈ പ്രസ്താവന ഒരു തയ്യൽക്കാരന്റെ തൊഴിൽ സവിശേഷത വെളിപ്പെടുത്തുന്നു. അതുകൊണ്ട് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന്റെ മാനവിക മുഖം കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ടത്. ഓർക്കുക, ഇന്ന് നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്താനാവുന്നില്ലെങ്കിൽ സാഹചര്യം മാറുന്നതുകൊണ്ടു മാത്രം സന്തോഷമുണ്ടാകാൻ പോകുന്നില്ല.