സാമ്പത്തിക രംഗത്തുണ്ടായ പരാജയം മൂലം കൂട്ട ആത്മഹത്യ ചെയ്യാനൊരുങ്ങി പുറപ്പെട്ട അനീഷിന്റെ കുടുംബത്തിന്റെ അവസ്ഥ ഏറെ ചിന്തിപ്പിക്കുന്നതാണ്. അദ്ദേഹം കോട്ടയത്ത് സ്വന്തമായി സ്റ്റേഷനറി കട നടത്തുകയായിരുന്നു.  ദിവസപ്പലിശ ഈടാക്കുന്നവരിൽ നിന്ന് ഇടയ്ക്കിടയ്ക്ക് ഇയാൾ കച്ചവട ആവശ്യങ്ങൾക്കായി പണം കടമെടുക്കുമായിരുന്നു. ആ നാട്ടിലെ എല്ലാ കച്ചവടക്കാർക്കും ഈ പതിവുണ്ടായിരുന്നു.

ദിവസവും അതിന്റെ മുതലും പലിശയും പണം നൽകുന്നവർ വാങ്ങിച്ചുകൊണ്ടുപോവുകയും പതിവായിരുന്നു. എന്നാൽ ചില ദിവസങ്ങളിൽ കടയിൽ കച്ചവടം കുറവായതിനാൽ പലിശ മാത്രം നൽകുന്ന ഇടപാടുമുണ്ടായിരുന്നു. ജീവിതച്ചെലവിന്റെ ബാഹുല്യം നിമിത്തം പലിശ പോലും  നൽകാനാവാത്ത ദിവസങ്ങളുമുണ്ടായിരുന്നു. പിന്നീട് കടം ദിനംപ്രതി വർദ്ധിച്ചു. ഒടുവിൽ കുടുംബം ഒന്നാകെ കൂട്ട ആത്മഹത്യ ചെയ്യാമെന്നു തീരുമാനിച്ച് തമിഴ്‌നാട്ടിലേക്ക് കുടുംബസമേതം പുറപ്പെട്ടു.

ട്രെയിനിൽ വച്ച് ഇവരെ പരിചയപ്പെട്ട ഒരു വ്യക്തി കാര്യങ്ങൾ മനസ്സിലാക്കി കൗൺസിലിങ്ങിന് എറണാകുളത്ത് എത്തിച്ചു. അവരുടെ കദനകഥ കേട്ട് ഞാനുൾപ്പെടെ എല്ലാവരും അസ്വസ്ഥരായി. ഒരു പുരുഷൻ മറ്റുള്ളവരുടെ മുന്നിൽ വച്ച് പൊട്ടിക്കരയുന്നത് ആദ്യമായാണ് ഞാൻ കാണുന്നത്.  വേദന മൂലം കണ്ണുനിറയുന്നവരെയും വിങ്ങിപ്പൊട്ടി വേദന കടിച്ചമർത്തുന്നവരെയും ചില മരണവീടുകളിലും രോഗാവസ്ഥയിലും കണ്ടിട്ടുണ്ട്.

ഇവരുടെ പ്രശ്നത്തിൽ ഏറ്റവും ശ്രദ്ധേയമായി കണ്ടത് അയാളുടെ ഭാര്യക്ക്‌ ഈ കടത്തെക്കുറിച്ച് ഒരു അറിവുമില്ലായിരുന്നു എന്നതാണ്. എന്നോടൊന്നും പറഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ മക്കളെ സി.ബി.എസ്.ഇ. സ്കൂൾ സിലബസിലൊന്നും പഠിപ്പിക്കില്ലായിരുന്നു. അതിന്റെ കാരണമായി അയാൾ പറഞ്ഞു: ഞാനോ വിഷമിച്ചാണ് നടക്കുന്നത്.

എന്തിനാ അവളും കൂടി വിഷമിക്കുന്നത് എന്നു ചിന്തിച്ചു. അച്ഛനും അമ്മയും നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന ഓമനത്തം തുളുമ്പുന്ന രണ്ടു മക്കളും തമ്മിൽ അമിത സ്നേഹമുണ്ടായിരുന്നതു കൊണ്ടാണ് ഒന്നിച്ചു മരിക്കാമെന്നു തീരുമാനിച്ചത്. അവർക്കാകെ എട്ടു ലക്ഷത്തിന്റെ കടമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അത് ഏകദേശം ഇരുപതു പേരോടായിരുന്നു. അവരിൽ ഓരോരുത്തരായി വീട്ടിൽ എപ്പോഴും പണം ചോദിച്ച് വന്നുകൊണ്ടിരുന്നു. പലരിൽ നിന്നും ഇരുപത്തയ്യായിരവും അമ്പതിനായിരവുമൊക്കെയാണ് വാങ്ങിയിരുന്നത്. പലിശയിനത്തിൽ അതിന്റെ ഇരട്ടിയിലേറെ അവർക്ക് തിരിച്ചുകൊടുത്തിട്ടുമുണ്ട്. തത്‌കാലം ഒരു പ്രസ്സിൽ ജോലി വാങ്ങിക്കൊടുത്ത് അവരുടെ ജീവിതം പുനരാരംഭിക്കാനുള്ള പരിശ്രമങ്ങൾക്കു തുടക്കം കുറിച്ചു. 

സാമ്പത്തിക വിനിമയ രംഗത്തെ കടത്തിൽ  മുങ്ങിത്താഴുന്നവരുടെ എണ്ണം ഏറുകയാണ്. കടക്കെണിയിൽ പെട്ട് തകർന്നവർക്കറിയാം, കടത്തിന്റെ ആദ്യഘട്ടത്തിൽ തിരിച്ചും മറിച്ചും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നു. ഒരു അഡ്ജസ്റ്റ്‌മെന്റുകൾക്കും പിടിച്ചുനിർത്താനാവാത്ത ഒരു ഘട്ടമെത്തും. സാധ്യതകൾ എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ നിന്നുതന്നെ ഒളിച്ചോടേണ്ട അവസ്ഥയിൽ എത്തിച്ചേരാതിരിക്കാൻ ഒരു ഫിനാൻഷ്യൽ കൺസൾട്ടന്റിനെ സമീപിക്കുന്നത് ഉചിതമായിരിക്കും. 

എന്താണ് ഫിനാൻഷ്യൽ കൺസൾട്ടൻസി  
വികസിത രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുള്ളതും നമ്മുടെ നാട്ടിൽ അധികം വളർന്നിട്ടില്ലാത്തതുമായ ഒരു സാമ്പത്തിക ശാഖയാണ് ഫിനാൻഷ്യൽ കൺസൾട്ടൻസി. വ്യക്തിപരമായ ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ജീവിതത്തിന്റെ സാമ്പത്തിക പ്ലാൻ ചെയ്യുന്നവരാണ്. ഇവർ ഒരു വ്യക്തിക്ക് അനുയോജ്യമായ ജോലി, തൊഴിൽ സാഹചര്യങ്ങൾ, ബിസിനസ് മേഖലകൾ തുടങ്ങിയവ കണ്ടെത്തിക്കൊടുക്കാൻ സഹായിക്കുന്നു.

അവധിക്കാല വിനിയോഗം വരെ ഇപ്രകാരമുള്ള സർവീസുകളുടെ സഹായത്തോടെയാണ് വിദേശീയർ ചെയ്യുന്നത്. വ്യക്തിപരമായും കുടുംബപരമായും ഫിനാൻഷ്യൽ കൺസൾട്ടൻസി ആവശ്യമാണ്. റിട്ടയർമെന്റ് പ്ലാൻ മുതൽ വിൽപ്പത്രം എഴുതുന്നതുവരെ സാമ്പത്തികാസൂത്രണം ചെയ്യാൻ  ഇവർ സഹായിക്കുന്നു.

ശാരീരികാരോഗ്യത്തിന് ഡോക്ടർ, മാനസിക പ്രശ്നങ്ങൾക്ക് മനഃശാസ്ത്രജ്ഞൻ, നികുതി സംബന്ധിച്ച പ്രശ്നങ്ങൾക്ക് ടാക്സ് കൺസൾട്ടന്റ്, സാങ്കേതികവിദ്യാ രംഗത്ത് ടെക്‌നിക്കൽ കൺസൾട്ടന്റ്, വിവാഹ ആവശ്യങ്ങൾക്ക് ബ്രോക്കർമാർ, വിവിധ ബ്യൂറോകൾ,  മനുഷ്യവിഭവശേഷി രംഗത്ത് എച്ച്. ആർ. കൺസൾട്ടന്റ്, കോർപറേറ്റ് ഫിനാൻസ് കൺസൾട്ടന്റ്, ലോജിസ്റ്റിക് കൺസൾട്ടൻസികൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നമുക്ക് വിവിധ കൺസൾട്ടൻസി സർവീസുകളുണ്ട്.

വിദ്യാഭ്യാസ, കരിയർ രംഗത്തും ഇപ്പോൾ കൺസൾട്ടൻസി  സർവീസ് വളർന്നുവരുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്ന തസ്തികയും ഉണ്ട്. 

ഫിനാൻഷ്യൽ കൺസൾട്ടന്റ് ഇൻഷുറൻസ് ഏജന്റ് അല്ല എന്നും മനസ്സിലാക്കണം. റിയൽ എസ്റ്റേറ്റ്,  ഓഹരി നിക്ഷേപം തുടങ്ങിയവയുടെ ഏജന്റുമല്ല. ഇവരോരുത്തരും അവരുടെ മേഖലയിൽ വ്യാപാര നേട്ടം ചെയ്യുന്നതിനായിരിക്കും പരിശ്രമിക്കുന്നത്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തരാണ് ഫിനാൻഷ്യൽ കൺസൾട്ടന്റ്. അവർ സേവനത്തിനുള്ള ഫീസ് മാത്രം ഈടാക്കുന്നവരും മറ്റൊരു ബിസിനസ് ശാഖയുടെ ഏജന്റുമാരായി പ്രവർത്തിക്കാത്തവരുമായിരിക്കണം. വിവിധ ലോണുകളുടെ നിജസ്ഥിതി മനസ്സിലാക്കിത്തരാൻ പ്രാപ്തരുമായിരിക്കണം. 

നിങ്ങൾക്ക് ഈ രംഗത്ത് അറിവും അനുഭവസമ്പത്തും താത്‌പര്യവുമുണ്ടെങ്കിൽ സംരംഭമായി ഒരു ഫിനാൻഷ്യൽ കൺസൾട്ടൻസി സ്ഥാപനം തുടങ്ങാനാവും. വ്യക്തിപരമായും ഗ്രൂപ്പായും ആരംഭിക്കാവുന്നതാണ്. ഒരു തൊഴിൽ, വരുമാനം എന്നതിനേക്കാൾ വലിയ ഒരു സേവന മേഖലയാണിത്. അമിത ലാഭം കൊയ്യാനും ചൂഷണം ചെയ്യാനും തുടങ്ങിയാൽ സ്ഥാപനത്തിന്റെ ആയുസ്സ് ഹ്രസ്വമായിരിക്കും. ഇതും ഒരു ബിസിനസ്‌ മേഖലയായതിനാൽ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.