‘പണം ഇന്നു വരും നാളെ പോകും’ എന്ന പഴഞ്ചൊല്ല് നമുക്ക് സുപരിചിതമാണ്. അതുകൊണ്ട് കൈയും കെട്ടിയിരുന്നാൽ പണമുണ്ടാവില്ല എന്നും നമുക്കറിയാം. അതറിഞ്ഞ് കൃത്യമായി ആസൂത്രണം ചെയ്ത് പണമുണ്ടാക്കിയ വ്യവസായ പ്രമുഖനാണ് റെയ്‌മണ്ടിന്റെ ഉടമയായിരുന്ന വിജയ്‌പത് സിംഘാനിയ. സ്വന്തം പേരിൽത്തന്നെ വിജയം കൊത്തിവെച്ചിട്ടുള്ള വ്യക്തി. അദ്ദേഹം റെയ്‌മണ്ട്് എന്ന വസ്ത്രനിർമാണ വ്യാപാരസ്ഥാപനത്തിന്റെ സ്ഥാപകനും ഉടമസ്ഥനും ഭാരത സർക്കാർ പത്മഭൂഷൺ ബഹുമതിയും നൽകി ആദരിച്ച വ്യക്തിയുമാണ്.      

 മുംബൈയിലുള്ള കെ.കെ. ഹൗസ് എന്ന 36 നില കെട്ടിടത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തെക്കുറിച്ച്   ഈ അടുത്ത കാലത്ത് അത്ര സുഖകരമല്ലാത്ത സാമ്പത്തിക വാർത്തകളാണ്‌ മാധ്യമലോകത്ത് കേൾക്കുന്നത്. വാർധക്യ നാളുകളിൽ മുംബൈയിലെ ഒരു വാടകവീട്ടിൽ കഴിഞ്ഞുകൊണ്ട് തന്റെ പുത്രനോട് ജീവനാംശത്തിനായി കേസ് പറഞ്ഞുകൊണ്ടിരിക്കുകയാണ് സിംഘാനിയ.

തന്റെ കൈവശമുണ്ടായിരുന്ന 1000 കോടി ഓഹരികൾ മകന് നൽകിയെന്നാണ് അദ്ദേഹം പറയുന്നത്. പ്രശ്നം കോടതിക്കു പുറത്തുവെച്ച് തീർപ്പാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തന്റെ കെട്ടിടത്തിലെ രണ്ടു നിലയെങ്കിലും തനിക്ക് വിട്ടുകിട്ടണമെന്നും പ്രതിമാസം ജീവനാംശം ലഭിക്കണമെന്നും അദ്ദേഹത്തിന്റെ വക്കീൽ വാദിക്കുന്നു. അതോടൊപ്പം വാർധക്യസഹജമായ വിവിധ രോഗങ്ങളും ഒറ്റപ്പെടലും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുമുണ്ട്.

 മാതാപിതാക്കൾ മക്കൾക്ക് സ്വത്ത് നൽകുന്നത് മക്കളുടെ അവകാശമായാണ് പരിഗണിക്കുന്നത്. എന്നാൽ മക്കൾ മാതാപിതാക്കൾക്ക് നൽകുന്ന പരിചരണവും പണവും ഔദാര്യമായി പരിഗണിക്കപ്പെട്ടുതുടങ്ങിയോ? മക്കളുടെ മുന്നിൽ കൈ നീട്ടേണ്ടിവരിക എന്നത് വാർധക്യത്തിലെ ഏറ്റവും ദയനീയമായ അവസ്ഥയാണ്. കാരണം മക്കൾ നൽകുന്നതിന് കണക്കുണ്ട്.

വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ കഥകൾക്ക് രണ്ടു വശങ്ങളുണ്ടാവാം. മക്കളോടൊപ്പം സഹകരിച്ചുപോവാതെ വാശിമൂലം ഒറ്റപ്പെട്ടുപോവുന്നവർ, സ്വന്തം സുപരിചിതാന്തരീക്ഷത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള വിമുഖതയുള്ളവർ, സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്താണെങ്കിൽ അതേക്കുറിച്ച് എപ്പോഴും പഴംപുരാണം പോലെ ആവർത്തിച്ചു പറഞ്ഞ് മക്കൾക്ക് അരോചകമാകുന്നവർ, പ്രായമായതിനു ശേഷം ബിസിനസിൽ എടുക്കുന്ന തീരുമാനങ്ങൾ ന്യൂ ജനറേഷന് പിടിക്കാത്തതുമൂലം മാറ്റിനിർത്തപ്പെട്ടവർ, പുതിയ തലമുറയുടെ ബിസിനസ് രീതികൾ കണ്ട് മനസ്സ് തളർന്നവർ എന്നിങ്ങനെ വ്യത്യസ്ത വാർധക്യ വിശേഷങ്ങൾ ബിസിനസ് രംഗത്ത് ചുറ്റുപാടും കാണാം.

 സാമ്പത്തികശാസ്ത്രത്തിൽ ട്രേഡ് സൈക്കിൾ അഥവാ വ്യപാരചക്രം എന്നാരു സിദ്ധാന്തമുണ്ട്. സൈക്കിൾ എന്ന പദം വ്യതിയാനം എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കെയ്ൻസ് അതിനെ സമൃദ്ധി, മാന്ദ്യം, വിഷാദം, വീണ്ടെടുക്കൽ എന്നിങ്ങനെ നാലു ഘട്ടങ്ങളായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവിടെ വിഷാദമെന്നത് മാനസികമല്ല, സാമ്പത്തികവിഷമകരമായ അവസ്ഥയാണ്. ഒരു ഉയർച്ചയ്ക്ക് ഒരു താഴ്ചയുണ്ട് എന്നു പറയുമ്പോലെ വ്യത്യസ്തവും ആവർത്തിച്ചുള്ളതുമായ കാരണങ്ങളാൽ  സാമ്പത്തികലോകം വിവിധ വ്യതിയാന ഒഴുക്കിലൂടെ കടന്നുപോവുന്നു.

 ഈ സൈക്കിൾ വ്യക്തിപരമായ സാമ്പത്തികക്രമത്തിലും സംഭവിക്കുന്നതായി കണ്ടെത്താനാവും. നല്ല സാമ്പത്തികാവസ്ഥയിൽ വളരുന്ന മക്കൾ വിദ്യാഭ്യാസത്തിനും മറ്റും പ്രാധാന്യം അധികം നൽകാതെ പിന്നീട് ജീവിതത്തിൽ തകർന്നുപോവുന്നു. എന്റെ ഉപ്പാപ്പന് ഒരു ആനയുണ്ടായിരുന്നു എന്നും പറഞ്ഞ് ഇന്ന് ജീവിക്കാൻ കഴിയാതെ പോയവരായി അവർ മാറുന്നു. മറുവശത്ത് പട്ടിണിയിൽ നിന്ന്‌ വളർന്നുവന്ന് ഉയർച്ചയുടെ കൊടുമുടികൾ കീഴടക്കിയവർ ധാരാളമുണ്ട്. ഈ വ്യതിയാന അവസ്ഥകളെ മനസ്സിലാക്കുകയും അതനുസരിച്ച് ക്രമീകരിക്കാനുള്ള ആർജവം സൃഷ്ടിക്കുകയുമാണ് വേണ്ടത്.


വയോജന ശാക്തീകരണം
മാറിമാറിക്കൊണ്ടിരിക്കുന്ന ഈ ചംക്രമണ വ്യവസ്ഥിതിയിൽ ഏറ്റവും അനിവാര്യമായിരിക്കുന്നത് വയോജന സാക്ഷരതയ്ക്കുതകുന്ന ശാക്തീകരണമാണ്. കഴിഞ്ഞുപോയ ഇന്ന​െലകളുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളിൽ കഴിയുന്നവർക്ക് ജീവിതം ആഘോഷമാക്കാനുതകുന്ന സംവിധാനങ്ങളും പരിശീലന പരിപാടികളുമുണ്ടാവണം.

 ഉത്സവനാളുകളിൽ മക്കളുടെ സന്തോഷം കണ്ട് നിർവൃതിയടയുന്നവരാണ് ഇക്കൂട്ടർ. റസിഡന്റ്‌സ് അസോസിയേഷനുകൾക്ക്  ഗ്രാൻഡ്‌ പേരന്റ്‌സ് ഡേ പോലുള്ള ആഘോഷങ്ങളും സംഘടിപ്പിക്കാവുന്നതാണ്.

എന്തിനെയും നേരിടാൻ തയ്യാറാവുകയും സജ്ജരാക്കുകയും ചെയ്യുക എന്നതാണ് വയോജന സാക്ഷരതയുടെ കാതൽ. സമ്പത്തിലും പട്ടിണിയിലും ഒരേ മനസ്സോടെ  ജീവിക്കാനാവുക എന്നത് പറയാനെളുപ്പമാണ്.  പണം വർധിക്കുമ്പോൾ ജീവിതനിലവാരം ഉയർത്താൻ എളുപ്പമാണ് എന്നാൽ വരുമാനം കുറയുമ്പോൾ താഴ്ന്ന ജീവിതസൂചികയിലേക്ക് മാറുക ഏറെ ശ്രമകരമാണെന്നതാണ് യാഥാർഥ്യം.

ചികിത്സയും രോഗവും വരുത്തുന്ന ഒറ്റപ്പെടലും വേദനയും പങ്കുെവക്കാൻ ഇടമുണ്ടാവേണ്ടതും അത്യാവശ്യമാണ്. അവർ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കുമ്പോൾ ക്ഷമയും ദയയും കാണിക്കുക എന്നതിലാണ് പുതുതലമുറയുടെ മഹത്ത്വം കുടികൊള്ളുന്നത്. കാരണം നമ്മൾ കുട്ടികളായിരുന്നപ്പോൾ അവർ ഏറെ ക്ഷമ പ്രകടിപ്പിച്ചവരാണ്.

 സ്വപ്നങ്ങളുള്ളവരായി മാറണം എന്നതാണ് മറ്റൊരു പ്രതിവിധി. കാരണം വയസ്സാവുമ്പോഴല്ല സ്വപ്നങ്ങളില്ലാതാവുന്നത് മറിച്ച് സ്വപ്നങ്ങളില്ലാതാവുമ്പോഴാണ് വയസ്സാവുന്നത്. വിക്ടർ ഹ്യൂഗൊ പറയുമ്പോലെ ചെറുപ്പക്കാർക്ക് 40 വയസ്സ് എന്നത് പ്രായമായ അവസ്ഥയും പ്രായമായവർക്ക് 50 വയസ്സ് എന്നത് ചെറുപ്പവുമാണ്. മരണം മുന്നിൽവന്നു നിൽക്കുമ്പോഴും ഞാൻ പ്രൊഫൈൽ പടമൊന്ന് മാറ്റിക്കോട്ടെ എന്ന് പറയാനാവുന്ന ലാഘവത്വത്തിലേക്ക് അവരെ എത്തിക്കുന്നതാണ് ഇവരുടെ ശാക്തീകരണം.