നിക്ക് വീട്ടിൽനിന്ന് ലഭിക്കേണ്ട ഓഹരി കുറഞ്ഞുപോയി എന്ന് സ്വാതിക്ക് എപ്പോഴും പരാതിയാണ്. സർക്കാർ സർവീസിൽ ക്ലാർക്കായാണ് അവൾ ജോലി ചെയ്യുന്നത്. വീട്ടിൽ മൂന്നു പെൺമക്കളാണുള്ളത്. മൂന്നുപേരെയും ഒരുവിധം ഭംഗിയായി മാതാപിതാക്കൾ കല്യാണം കഴിച്ചയച്ചു.  

സ്വന്തം അച്ഛനെക്കുറിച്ചാണ് സ്വാതിയുടെ പരാതി. സഹോദരങ്ങൾക്ക് കൊടുത്തതുപോലെ തനിക്കു ലഭിച്ചില്ല എന്നതായിരുന്നു അവളുടെ വിഷമം. അതിന്റെ കാരണവും അവൾ കണ്ടെത്തി. ‘എന്റെ ഭർത്താവ് പാവമാണ് അതിയാന് കണക്കു പറഞ്ഞ് ചോദിച്ചുമേടിക്കാൻ അറിയാൻ പാടില്ല. മാതാപിതാക്കൾ അറിഞ്ഞ് തരട്ടെ എന്നാണ് ഭർത്താവിന്റെ പക്ഷം. അങ്ങനെയൊന്നുമുള്ള വിചാരമൊന്നും തന്റെ അച്ഛനമ്മമാർക്കില്ല’ എന്നാണ് സ്വാതി പറയുന്നത്. 

ഒരു വശത്ത് സ്ത്രീധനമെന്ന സമ്പ്രദായത്തെ നമ്മൾ എതിർക്കുമ്പോഴും പിതൃസ്വത്ത് ഒരു അവകാശമായി മക്കൾ കാണുന്നു.  മാതാപിതാക്കളുടെ സ്വത്ത് മക്കളുടെ അവകാശമോ? ഭിന്നാഭിപ്രായമുള്ള വിഷയമാണിത്. ഫാമിലി പ്രോപ്പർട്ടി ആക്ടുകളും അതിന്റെ വിവിധ ഭേദഗതികളും നിലവിലുണ്ട്.  വിവിധ ജാതിവ്യവസ്ഥകൾക്കും സംസ്കാരത്തിനും പാരമ്പര്യത്തിനും ഇക്കാര്യത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്. പരമ്പരാഗതമായി നിലനിന്നിരുന്ന പല കീഴ്‌വഴക്കങ്ങളും ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. 

ഈ മാറ്റത്തിന്റെ ഒരു പ്രധാന കാരണം സാമ്പത്തികശാസ്ത്രത്തിലെ ഡ്യുയലിസം അഥവാ ദ്വന്ദവ്യവസ്ഥിതി എന്ന സിദ്ധാന്തമാണ്. ഒരു പ്രദേശത്ത് നിലവിലുള്ള സംസ്കാരത്തിലേക്കും സാമ്പത്തിക വ്യവസ്ഥിതിയിലേക്കും മറ്റൊരു സംസ്കാരം സന്നിവേശിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ദ്വന്ദാവസ്ഥയാണ് ഡ്യുയലിസം. സാമൂഹ്യ ഡ്യുയലിസം, സാമ്പത്തിക ഡ്യുയലിസം സാങ്കേതികവിദ്യാ ഡ്യുയലിസം, അന്താരാഷ്ട്രാ ഡ്യുയലിസം,  എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങൾ ഈ ദ്വന്ദാവസ്ഥയ്ക്കുണ്ട്. 

ഡോ. എ.എച്ച്. ബൊയേക്ക് എന്ന ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് സാമൂഹ്യ ഡ്യുയലിസത്തെ മനോഹരമായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു വിദേശ സംസ്കാരം ഒരു രാജ്യത്ത് നിലനിൽക്കുന്ന തനതായ സംസ്കാരത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുമ്പോൾ സാമ്പത്തിക സമവാക്യങ്ങൾ വ്യത്യാസപ്പെടും. അതോടെ തലമുറകളുടെ സാമ്പത്തിക ചിന്തയ്ക്കു തന്നെ വ്യത്യാസം വരുന്നു. ഒരു വശത്ത് അത്യന്താധുനികം എന്ന് വിളിക്കാവുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും മറുവശത്ത് പാരമ്പര്യത്തനിമ നിലനിർത്തുന്ന ഇടപെടലുകളും സംജാതമാകുന്നു. അതുകൊണ്ട് തന്നെയാണ് ഈ അവസ്ഥയെ ഡ്യുയലിസം എന്ന് വിളിക്കുന്നത്. 
 
നമ്മുടെ സമൂഹങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെയും മാറ്റത്തിന്റെയും സങ്കീർണവും  ശക്തവുമായ കാറ്റ് എല്ലാവരുടെയും നിലപാടുകളെയും ജീവിതശൈലികളെയും മാറ്റുകയാണ്. നിലനിൽക്കുന്ന ബന്ധങ്ങളും പരിപാലിച്ചുപോരുന്ന പ്രതിബദ്ധതകളും ജീവിതത്തിന്റെ ദ്രുതതാളത്തിൽ തൂത്തെറിയപ്പെടുകയാണ്. സമ്പത്തിന്റെയും ഭൗതികസുഖസൗകര്യങ്ങളുടെയും വർദ്ധനയും വിദേശകുടിയേറ്റങ്ങളും അതിന്റെ പരിണിതഫലങ്ങളും സാമൂഹ്യ ഡ്യുയലിസത്തിലേക്കെത്തിക്കുന്നു. 

നമുക്ക് മുമ്പുണ്ടായിരുന്നതും ഇപ്പോഴും ഒരു പരിധിവരെ നിലനിൽക്കുന്നതും മക്കൾക്കുവേണ്ടി കാര്യമായി കരുതുന്ന അവസ്ഥാവിശേഷമായിരുന്നു.  എന്നാൽ നിങ്ങളുടെ സ്വത്തൊന്നും എനിക്കാവശ്യമില്ല എന്റെ ജീവിതമാണ് എനിക്ക് വലുത് എന്ന് ചിന്തിക്കുന്ന തലമുറ വളർന്നുവരുന്നുണ്ട്. മാതാപിതാക്കളിൽനിന്ന് എത്ര കിട്ടിയാലും മതിവരാത്ത മക്കളുടെ മറ്റൊരു തലവുമുണ്ട്.

കാലത്തിന്റെ ഈ മാറ്റം കണ്ട് ആർക്കുവേണ്ടിയാണ് തങ്ങൾ ഇത്രയുംനാൾ ജീവിച്ചത് എന്ന് മനസ്സിലാകാതെ പഴയ തലമുറ പകച്ചുപോവുന്ന കാഴ്ചയും കാണാം. മാതാപിതാക്കളുടെ കാലം കഴിഞ്ഞിട്ട്  വേണം കിട്ടിയ വിലയ്ക്ക് ഉള്ളത് വിൽക്കാൻ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇതിനിടയിലും സ്ഥായിയായ അനേകം കുടുംബ ബന്ധങ്ങൾ നിലനിൽക്കുന്നുവെന്നതും ആശ്വാസകരമാണ്.

മാതാപിതാക്കൾ മക്കൾക്കായി ഒത്തിരി സമ്പാദിക്കുന്നതും നൽകുന്നതും ഇന്നത്തെ സാമ്പത്തിക ചുറ്റുപാടിൽ അഭിലഷണീയമല്ല. അടിസ്ഥാന വിദ്യാഭ്യാസവും ജീവിതാരംഭം കുറിക്കാനുള്ള ചവിട്ടുപടിയും മക്കൾക്ക് നൽകണം.  അത് ജന്മം  നൽകിയതിന്റെ ഉത്തരവാദിത്വമാണ്. ബാക്കി അവർ അദ്ധ്വാനിച്ചാണ് ഉണ്ടാക്കേണ്ടത്.

പൂർവികസ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പല വീടുകളിലും കുടുംബാംഗങ്ങൾ തമ്മിൽ സ്വരച്ചേർച്ചയുണ്ടാവാറില്ല. വളരെ സ്നേഹത്തോടും കരുതലോടും കൂടി ജീവിച്ച സഹോദരങ്ങൾ പോലും ഈ വിഷയം വരുമ്പോൾ തമ്മിൽ അകലുന്നത് സ്വാഭാവിക കാഴ്ചയാണ്. അതുമായി ബന്ധപ്പെട്ട ചില പ്രായോഗിക സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. 
 
മക്കൾക്കിടയിൽ മാതാപിതാക്കൾക്ക് വിവേചനം പാടില്ല. ലിംഗഭേദമില്ലാതെ സമഭാവനയിൽ ഉള്ളത് പങ്കുവയ്ക്കുവാൻ പരിശ്രമിക്കുക. ഒരുപക്ഷേ സാമ്പത്തികമായി പരാധീനതയുള്ളവർക്കും എന്തെങ്കിലും വികലതയുള്ളവർക്കും കൂടുതൽ നൽകുന്ന മാതാപിതാക്കളും ഉണ്ട്. ഇതിനെ സാമ്പത്തിക ശാസ്ത്രത്തിൽ പക്ഷപാതപരമെന്നല്ല വികേന്ദ്രീകൃത നീതിയെന്നാണ് (Distributive Justice)  വിളിക്കുന്നത്. ഉള്ളതെല്ലാം നൽകിയതിനുശേഷം വഴിയാധാരമായി മക്കളാൽ പരിത്യജിക്കപ്പെട്ട ജീവിതങ്ങളും ചുറ്റുപാടുമുണ്ടെന്ന് ഓർക്കണം. 
 
മാതാപിതാക്കൾ സന്തോഷത്തോടെ നൽകുന്നതേ മക്കൾക്ക് ഉതകാറുള്ളു എന്നതും വാസ്തവമാണ്. മാത്രവുമല്ല സമ്പത്ത് കൊടുത്ത് ആരെയും മക്കളെപ്പോലും തൃപ്തരാക്കാൻ പറ്റില്ല. കുട്ടിക്കാലത്ത് ‘എന്റെ അച്ഛൻ... എന്റെ അമ്മ’ എന്ന് പറഞ്ഞ് വഴക്കിട്ടവർ മാതാപിതാക്കൾക്ക് പ്രായമാവുമ്പോൾ ‘അവർ എന്റേതുമാത്രമല്ലല്ലോ നിന്റേതുംകൂടിയല്ലേ’ എന്നുപറഞ്ഞ് മാതാപിതാക്കളെയും വീതം വച്ച് നമ്മുടെ ചുറ്റുവട്ടത്തുതന്നെ വഴക്കിട്ടുകൊണ്ടേയിരിക്കുന്നു.