‘‘എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു ചെക്കുബുക്ക് കാണുന്നതും ഉപയോഗിക്കുന്നതും’’ -രജനിയുടെ വാക്കുകളിൽ അഭിമാനവും ഒപ്പം അത്ഭുതവുമായിരുന്നു. കേരളത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളത്തെ കടലോരപ്രദേശമായ ചെല്ലാനത്ത് നടത്തിയ ഒരു സർവേയിൽ ചോദ്യാവലി പൂരിപ്പിക്കുകയായിരുന്ന എനിക്ക് ലഭിച്ച മറുപടിയായിരുന്നു രജനിയുടെ വാക്കുകൾ. 
 
സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങിയതും പാസ്ബുക്ക്, ചെക്കുബുക്ക് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതും കുടുംബശ്രീ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് വീട്ടമ്മമാരായ  സ്ത്രീകൾക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. എന്നാൽ, ഇന്ന് സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനായപ്പോൾ അവർ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് നമ്മുടെ ബാങ്കിങ്‌ മേഖലയോടാണ്. 

സാമ്പത്തിക വികസനത്തിന്റെ അളവുകോലുകളിൽ ഏറെ പരാമർശിച്ചിട്ടില്ലാത്തതും എന്നാൽ, അതീവ പ്രാധാന്യമർഹിക്കുന്നതുമാണ് അവിടത്തെ ജനതയുടെ ബാങ്കിങ് ഹാബിറ്റ്. ‘സമ്പൂർണ ബാങ്ക് അക്കൗണ്ട്‌ സാക്ഷരത’യിലേക്കാണ് രാജ്യം നീങ്ങേണ്ടത്. ഭാരതം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ‘ലെസ് കാഷ്  ഇക്കോണമി’യിലേക്ക് നീങ്ങുമ്പോൾ ഇതിന്റെ പ്രസക്തി ഏറുകയാണ്. 

വികേന്ദ്രീകൃതമായ ഒരു സംവിധാന വ്യവസ്ഥയിലൂടെ നാട്ടിലെ സാധാരണ ആളുകൾക്കുപോലും പ്രാപ്യമായ രീതിയിൽ കാര്യക്ഷമമായി നിലനിന്നുപോന്നിരുന്ന ബാങ്കിങ് സംവിധാനമാണ് നമുക്കുള്ളത്. 
 
ഇന്ന് ഏറെ പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന ഈ മേഖലയിലെ ഏറ്റവും നൂതനമായ നടപടി ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ’, ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ ആവുന്നു എന്നതാണ്. ഈ നടപടിയിലൂടെ ഒരു ഭാരതീയ ബാങ്ക് ലോകത്തിലെ വൻകിട ബാങ്കുകളിലൊന്നാവാൻ പോവുന്നു.  

ഇതിനോടനുബന്ധിച്ച് സാധാരണജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കേണ്ട സമയമാണിത്. പല സേവനമേഖലയിലും എസ്.ബി.ഐ. നിശ്ചിത തുക ഇനിമുതൽ ചാർജ് ഈടാക്കുമെന്നും മിനിമം ബാലൻസ് തുടങ്ങിയവയുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നുമുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങൾ വൈറലാവുകയാണ്.
 
അതോടൊപ്പംതന്നെ, പോസ്റ്റ് ഓഫീസ് സൗകര്യങ്ങളുടെ ഗുണങ്ങൾ ആശ്വാസകരമായ രീതിയിലും വ്യാപിക്കുന്നുണ്ട്. മാത്രവുമല്ല, എസ്.ബി.ഐ. എടുക്കുന്ന നടപടികൾ മറ്റു ബാങ്കുകളും കൈക്കൊള്ളാനും സാധ്യതയുണ്ട്. അതുകൊണ്ട്, ഇവയുടെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത് ഇപ്പോൾ ആവശ്യമാണ്.  

ബാങ്കുകളുമായിട്ട് എനിക്കുള്ള സൈദ്ധാന്തികബന്ധം കോളേജിൽ ഡിഗ്രി വിദ്യാർഥികൾക്ക് ‘മോഡേൺ ബാങ്കിങ്’ എന്ന പേപ്പർ പഠിപ്പിക്കുന്നു എന്നതാണ്.  

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിലവിൽ വന്ന ‘ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ’, പിന്നീട് ‘സ്റ്റേറ്റ് ബാങ്ക്’ ആയതും അതിന്റെ സബ്‌സിഡിയറികളുമെല്ലാം അക്കാദമിക വിഷയമായി നിലകൊള്ളുന്നു. ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് സമ്മേളിച്ച ചില ബാങ്ക് സർവീസ് സംഘടനാ മീറ്റിങ്ങുകളിൽ വിഷയാവതരണവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ സാധിച്ചപ്പോൾ സമ്മിശ്ര വികാരങ്ങളാണ് ഞാൻ കണ്ടത്.  ഏതൊരു നയരൂപീകരണ പരിഷ്കാരത്തിന്റെ ആഘാതവും അനന്തരഫലങ്ങളും അറിയാൻ കാലമെടുക്കുമെന്നതു സത്യമാണ്. എങ്കിലും ചിലതെങ്കിലും മുൻകൂട്ടി കാണാൻ സാധിച്ചാൽ പ്രയോഗത്തിൽ ഉപകാരമായിരിക്കും. 

ആഗോളവത്‌കരണവും പ്രാദേശികവാദവും തമ്മിൽ എന്നും ആശയപരമായി സംവാദമുണ്ട്. രണ്ടിനും അതിന്റേതായ ഗുണദോഷ സമ്മിശ്രവുമുണ്ട്. ഇതു രണ്ടിന്റെയും നന്മകൾ ചേർന്നുപോവുന്ന ഒരു സംവിധാനമാണ് നമുക്കു കരണീയമായിട്ടുള്ളത്.
   
പ്രാദേശിക വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന അജണ്ടകൾ എസ്.ബി.ഐ. ചെയ്യാൻ പോവുന്നത് എപ്രകാരമായിരിക്കും എന്നതിന്റെ കാര്യത്തിൽ ഇപ്പോൾ രൂപമൊന്നുമായിട്ടില്ല. നിഷ്‌ക്രിയ ആസ്തികളാണ് ഇന്ന് ബാങ്കുകൾ നേരിടുന്ന വലിയ വെല്ലുവിളി. ഇവയും ന്യൂ ജനറേഷൻ ബാങ്കുളുടെ വളർച്ചയും അനുബന്ധമായി കണ്ടുള്ള ആസൂത്രണമാണ് വേണ്ടത്. 

ജർമനിയിൽ പണ്ട് സ്ഥിരമായ വാസസ്ഥലവും അഡ്രസും മാസവരുമാനവും ഉള്ളവരെ മാത്രമാണ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നത്. പിന്നീട് ആറര ലക്ഷത്തോളം പേർ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞവർഷം വലിയ തോതിലുള്ള ബാങ്ക് അക്കൗണ്ട് കാമ്പയിൻ നടത്തിയിരുന്നു. നിയമപരമായി അഭയാർഥിയായി രജിസ്റ്റർ ചെയ്തവർക്കുവരെ യൂറോപ്യൻ യൂണിയൻ വ്യവസ്ഥകൾക്കു വിധേയമായി ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പറ്റിയ വിധത്തിൽ നിയമം പാസ്സാക്കി.
 
കോളേജിൽ എല്ലാ വിദ്യാർഥികൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാവണമെന്ന നിഷ്കർഷയോടെ ഞങ്ങൾ എല്ലാ വർഷവും വിദ്യാർത്ഥികൾക്കായി  ബാങ്ക് അക്കൗണ്ട് യജ്ഞം സംഘടിപ്പിക്കാറുണ്ട്. അതൊക്കെ ലാഭകരമാണോ എന്നതല്ല ഇവിടെ വിഷയമാക്കേണ്ടത്. ഏതൊരു വലിയ ബാങ്കിന്റെ പ്രവർത്തനവും എല്ലാ പ്രദേശത്തും എല്ലാവർക്കുമായി സംലഭ്യമാവണം. 

എന്തുകൊണ്ടാണ് വിവാഹവേളയിൽ ഭാര്യയെ ഭർത്താവിന്റെ ഇടതുവശത്തായി നിർത്തുന്നത്  എന്ന ഭാര്യയുടെ സംശയത്തിന് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ്  മറുപടി പറഞ്ഞു:  ‘ലാഭനഷ്ട ബാലൻസ് ഷീറ്റിൽ ബാധ്യതകളെല്ലാം ഇടതുവശത്തും ആസ്തികൾ വലതു വശത്തുമായാണ്  ഞങ്ങൾ എഴുതാറുള്ളത്.’’ 

ഇങ്ങനെ എല്ലാം ലാഭനഷ്ടങ്ങളുടെ കണക്കിൽ മാത്രം കണ്ടാൽ ശരിയാവുമോ? നമ്മൾ ബാങ്കിനെ കൊള്ളയടിച്ചാൽ ജയിൽ ലഭിക്കും. ബാങ്ക് നമ്മളെ കൊള്ളയടിച്ചാൽ അവർക്ക് ബോണസ് ലഭിക്കും എന്നതാണ് വാസ്തവം. വലിയ ബാങ്കുകൾ നൽകുന്ന നേട്ടങ്ങളോടൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തനശൈലിക്കായി കാത്തിരിക്കാം.