മുംബൈ: റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ പണ, വായ്പനയ അവലോകനയോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി (എം.പി.സി.) രൂപംനല്‍കുന്ന നയം ബുധനാഴ്ച വൈകീട്ടാണ് പ്രഖ്യാപിക്കുക. 

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താന്‍ പണനയസമിതി തുനിയില്ലെന്നാണ് കരുതുന്നത്.    കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം ഒരുവര്‍ഷം പിന്നിട്ടതിനുശേഷം നടക്കുന്ന ആദ്യ അവലോകന യോഗത്തില്‍ പലിശനിരക്ക് കുറയ്ക്കുന്നതിന് കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍, പണപ്പെരുപ്പനിരക്കും അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറയാത്തതും കണക്കിലെടുക്കുമ്പോള്‍ പലിശ കുറയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക് എന്നാണ് അറിയുന്നത്.