ദുബായ്: ഒരു ബില്യൻ ദിർഹം (2000 കോടി രൂപ) മുതൽമുടക്കിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാളിന് ദുബായ് സിലിക്കൺ ഒയാസിസിൽ തറക്കല്ലിട്ടു. 23 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പണിയുന്ന സിലിക്കൺ മാൾ എന്ന പേരിൽ ഉയരാൻ പോകുന്ന വാണിജ്യ വിനോദ കേന്ദ്രം ദുബായിയുടെ പ്രധാന കേന്ദ്രമായി മാറും.
    
യു.എ.ഇ. സിവിൽ ഏവിയേഷന്റെയും എമിറേറ്റ്‌സ് എയർലൈൻസിന്റെയും ചെയർമാനായ ശൈഖ് അഹമദ് ബിൻ സയീദ് അൽ മക്തൂമാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. 

ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റിയുടെ കീഴിലുള്ള ഫ്രീസോൺ ടെക്‌നോളജി പാർക്കിന്റെ ചെയർമാൻ കൂടിയായ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമിനൊപ്പം െവെസ് ചെയർമാനും സി.ഇ.ഒ.യുമായ ഡോ. മൊഹമ്മദ് അൽസറൂണി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
    
ദുബായി എക്സ്‌പോ 2020-ന്റെ പ്രാരംഭമായാണ് പുതിയ മാളും സജ്ജമാകുന്നത്. 2020 ആദ്യ പാദത്തിൽ തന്നെ മാൾ പ്രവർത്തന സജ്ജമാകും. 2020 ഒക്ടോബറിലാണ് എക്സ്‌പോ തുടങ്ങുന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിൽ ഉയരാൻ പോകുന്ന ലുലു ഹൈപ്പർമാർക്കറ്റും ഡിപ്പാർട്‌മെന്റ് സ്റ്റോറുമായിരിക്കും പുതിയ മാളിന്റെ പ്രധാന ആകർഷണം. 

മുന്നൂറിലേറെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 70,000 ചതുരശ്ര അടിയിൽ വിനോദ കേന്ദ്രങ്ങൾ, 12 സിനിമാ സ്‌ക്രീനുകൾ, അമ്പതിലേറെ ഭക്ഷണശാലകൾ എന്നിവയും മാളിലുണ്ടാകും. മൂവായിരം കാറുകൾക്കായി മേൽക്കൂരയുള്ള പാർക്കിങ് സംവിധാനവും ഉണ്ടാകും.സൗരോർജം ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന വിധത്തിലായിരിക്കും നിർമാണം. 

    സിലിക്കൺ ഒയാസിസിന്റെ ഹൈടെക് പാർക്കിൽ ഇതുപോലൊരു സംരംഭത്തിന് ലുലു ഗ്രൂപ്പിനെ തിരഞ്ഞെടുക്കാനായതിൽ അതിയായ  സന്തോഷമുണ്ടെന്ന് ഡോ. മുഹമ്മദ് അൽസറൂണി പറഞ്ഞു.  ദുബായിയുടെ ഏറ്റവും മികച്ച ഷോപ്പിങ് കേന്ദ്രമാക്കി സിലിക്കൺ മാളിനെ മാറ്റിയെടുക്കാൻ ലുലു ഗ്രൂപ്പ് എല്ലാ ശ്രമവും നടത്തുമെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.