ന്ത്യ-ചൈന ഡോക് ലാം സംഘര്‍ഷം അതിര്‍ത്തിയില്‍മാത്രമൊതുങ്ങുന്നതല്ല. വ്യാപാര മേഖലയിലും അതിന്റെ പ്രതിഫലനം എത്തിക്കഴിഞ്ഞു.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയത്.

ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതിചെയ്യുന്നതിന്റെ രണ്ട് ശതമാനംമാത്രമാണ് ഇന്ത്യ ചൈനയിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഡോക് ലാം സംഘര്‍ഷത്തെതുടര്‍ന്നുള്ള ഇന്ത്യയുടെ നിലപാട് ചൈനയ്ക്ക് കടുത്ത തിരിച്ചടിയാകും.

ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയവ

കളിപ്പാട്ടം
സെപ്റ്റംബര്‍ ഒന്നുമുതല്‍ നിയന്ത്രണം നിലവില്‍വന്നതോടെ ചൈനയില്‍നിന്നുള്ള കളിപ്പാട്ടത്തിന്റെ ഇറക്കുമതി പകുതിയായി കുറഞ്ഞു. കടുത്ത ഗുണമേന്മ പരിശോധനയും അംഗീകൃത ഏജന്‍സികള്‍വഴി വേണം ഇറക്കുമതിയെന്ന നിബന്ധനയുമാണ് പുതിയതായി കൊണ്ടുവന്നത്. 

ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേഴ്‌സിന്റെ മാനദണ്ഡപ്രകാരം ഗുണമേന്മയുള്ള കളിപ്പാട്ടങ്ങള്‍മാത്രമാണ് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക. കളിപ്പാട്ടങ്ങളിലെ രാസവസ്തുക്കള്‍ പരിശോധിക്കുന്നതോടൊപ്പം തീപ്പിടുത്തസാധ്യതയും വിലയിരുത്തും.

രാജ്യത്തെ 5000 കോടിയോളം മൂല്യമുള്ള കളിപ്പാട്ടവിപണിയില്‍ 70 ശതമാനവും ചൈനയുടെ വിഹിതമാണ്.  

ബലപ്പെടുത്തിയ ഗ്ലാസ്
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതിനാല്‍ ബലപ്പെടുത്തിയ ഗ്ലാസിന് ആന്റി ഡമ്പിങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ പോലുള്ളവയുടെ സംരക്ഷണത്തിനാണ് പ്രധാനമായും ബലപ്പെടുത്തിയ ഗ്ലാസ് ഉപയോഗിക്കുന്നത്. 

രാജ്യത്തെ വ്യവസായം സംരക്ഷിക്കുന്നതിനുകൂടിയാണ് അഞ്ചുവര്‍ഷത്തേയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ടയര്‍
രാജ്യത്തെ ടയര്‍ നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും ഉപയോഗിക്കുന്ന റേഡിയല്‍ ടയറുകള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. 

ചൈനയില്‍നിന്ന് ടയര്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ടയര്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ വ്യവസായത്തെ ബാധിക്കുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

ഊര്‍ജം
ഊര്‍ജ വിതരണ മേഖലയിലെ ചെറുകിട-വന്‍കിട പദ്ധതികളുടെ കരാറുകള്‍ക്കായി കാത്തിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. ഹര്‍ബിന്‍ ഇലക്ട്രിക്, ഡോങ്ഫാങ് ഇലക്ട്രോണിക്‌സ്, ഷാങ്ഹായ് ഇലക്ട്രിക്, സിഫാങ് ഓട്ടോമേഷന്‍ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കാണ് ഈമേഖലയില്‍ പ്രധാനമായും ആധിപത്യം.

വിദേശ രാജ്യങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യത്തെ വേദ്യുതി വിതരണമേഖലയിലെ സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി സമഗ്ര പരിശോധന നടത്താന്‍ ഉന്നത സമിതിയെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്തെ കിഴക്കന്‍ ഗ്രിഡില്‍ ചൈനീസ് മാല്‍വെയര്‍ ആക്രമണം ഉണ്ടായതിനെതുടര്‍ന്നാണ് സമിതിയെ നിയോഗിച്ചത്. 

പവര്‍ പ്ലാന്റുകളില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ സ്ഥാപനങ്ങള്‍ കണ്ണുംനട്ടിരിക്കുകയാണ്. സുരക്ഷാ പരിശോധനകള്‍ക്കുപുറമെ, പ്ലാന്റുകളില്‍ ഉയര്‍ന്ന ജോലി ഉള്‍പ്പടെയുള്ളവയില്‍ ഭൂരിഭാഗവും ഇന്ത്യക്കാരെ നിയമിക്കണമെന്ന നിബന്ധനയും വെച്ചട്ടുണ്ട്. 

ടെലികോം
വിവരങ്ങള്‍ ചോര്‍ത്തല്‍, മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം 21 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവയിലേറെയും ചൈനീസ് കമ്പനികളാണ്. 

രാജ്യത്തെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ടെലികോം ഉപകരണങ്ങള്‍ വഴി കഴിയുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.