ബെംഗളൂരു: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഐ ഫോണുകൾ അടുത്ത മാസം മുതൽ ബെംഗളൂരുവിൽ നിർമിച്ചു തുടങ്ങും. ബെംഗളൂരുവിലെ പ്ലാന്റിൽ ആപ്പിളിനു വേണ്ടി തയ് വാൻ കമ്പനി വിസ്‌ട്രോണാണ് ഇവിടെ ഐ ഫോണകളും മറ്റ് ഗാഡ്ജറ്റുകളും നിർമിക്കുക.
ഇന്ത്യ, അതിവേഗം വളരുന്ന ഐ ഫോൺ വിപണിയായി വളരുന്ന പശ്ചാത്തലത്തിലാണ് ഇവിടെ പ്ലാന്റ് തുറക്കാൻ ആപ്പിൾ ഒരുങ്ങിയത്. ഇതിനു മുന്നോടിയായി കേന്ദ്രത്തിനു മുന്നിൽ ചില ഇളവുകൾ കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനം വരുന്നതിനു മുമ്പുതന്നെയാണ്‌ ട്രയൽ അസംബ്ലി തുടങ്ങുന്നതെന്ന് കർണാടക സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.
നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടേയും ഉപകരണങ്ങളുടേയും ഇറക്കുമതിയിൽ 15 വർഷം നികുതി ഈടാക്കരുതെന്ന്‌ ആവശ്യപ്പെട്ടു. ഡിവൈസുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതിയിളവും കമ്പനി തേടിയിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിട്ടില്ല.
    വിദേശ നിക്ഷേപ നയത്തിനും കൂടുതൽ ആനുകൂല്യങ്ങൾ കമ്പനി തേടിയിരുന്നു. വാണിജ്യ, ധനകാര്യ, സാങ്കേതികവിദ്യ മന്ത്രാലയങ്ങൾക്ക് ആപ്പിൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. 
നിർദിഷ്ട ചരക്ക്-സേവന നികുതി ജൂലൈ മുതൽ നടപ്പിലാകുമ്പോൾ നികുതി ഘടനയിൽ മാറ്റം വരുമെന്നതിനാലാകാം കേന്ദ്രം ഇപ്പോൾ പ്രതികരിക്കാത്തതെന്നും പറയുന്നു.

ബെംഗളൂരു യൂണിറ്റിൽ നിന്ന് കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. യൂണിറ്റ് ബെംഗളൂരുവിൽ സ്ഥാപിക്കുമെന്നും ഇവിടെ നിന്ന് ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നുമാണ് കരുതുന്നുത്. ബെംഗളൂരുവിനെ ഒരു ഉത്‌പാദന ഹബ്ബാക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ഇവിടെ  അസംബ്ലി ആരംഭിക്കുന്നതോടെ ഇവിടെ ഉത്‌പാദിപ്പിക്കുന്ന മോഡലുകളുടെ വില ആഭ്യന്തര വിപണിയിൽ കുറയുമെന്ന പ്രത്യേകതയുമുണ്ട്.