തോപ്പുംപടി: സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ മത്സ്യ സമ്പത്ത് പകുതിയായി കുറഞ്ഞതായി റിപ്പോർട്ട്. 
കഴിഞ്ഞ വർഷം മൊത്തം 4.82 ലക്ഷം ടൺ മീൻ മാത്രമാണ് ലഭിച്ചത്. 2014-ൽ 5.76 ലക്ഷം ടൺ മീൻ ലഭിച്ച സ്ഥാനത്താണിത്. മൂന്നു വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ 10,000 കോടി രൂപയുടെ നഷ്ടമാണ് മേഖലയിലുണ്ടായിട്ടുള്ളത്. കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ. യാണ് റിപ്പോർട്ട് തയ്യാറാക്കിയത്.   

 കഴിഞ്ഞ വർഷം 94,000 ടൺ മീനിന്റെ കുറവാണ് ഉണ്ടായത്. 2012-ൽ റെക്കോഡ്‌ ഉത്പാദനമുണ്ടായി  മൂന്ന് വർഷം പിന്നിടുമ്പോഴേക്കും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 

 ഇൗ വർഷം ജനവരി മുതൽ ഒക്ടോബർ വരെ കാര്യമായ മീൻ ലഭിച്ചിട്ടില്ല. ഒക്ടോബർ മാസത്തിൽ മാത്രമാണ് അല്പമെങ്കിലും പുരോഗതിയുണ്ടായത്.  
കാലവർഷം വേണ്ടത്ര ശക്തിപ്പെടാതെ പോയത് ഉപരിതല മീനുകളുടെ ലഭ്യതയെ ബാധിച്ചു.   തുലാവർഷവും ചതിച്ചാൽ പ്രതിസന്ധി കടുക്കും. ചാളയുടെ ലഭ്യതയാണ് ഏറ്റവും കുറഞ്ഞത് - ആറിലൊന്ന്.  മൂന്നു വർഷത്തിനിടെ 82 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട്. 

  ഒരു വർഷത്തിനിടെ തൊഴിൽദിനങ്ങളിൽ 28.2 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.
 നേരത്തെ പ്രതിവർഷം 165 തൊഴിൽ ദിനങ്ങൾ ലഭിച്ചിരുന്നത്  കഴിഞ്ഞ വർഷം 120 ആയി കുറഞ്ഞു. ഈ വർഷം 90 തൊഴിൽ ദിനങ്ങൾ പോലും ലഭിക്കാനിടയില്ലെന്ന് ശാസ്ത്രസമൂഹം തന്നെ ചൂണ്ടിക്കാട്ടുന്നു.  
  
  വൻ തുക ചെലവാക്കി കൂറ്റൻ വള്ളങ്ങൾ കടലിൽ ഇറക്കുന്ന പ്രവണത കൂടുന്നതിനാൽ, മീൻ കുറയുമ്പോഴുണ്ടാകുന്ന നഷ്ടവും കനത്തതാകും. വള്ളം, വല നിർമാണങ്ങൾക്ക്് മാത്രം 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ചെലവാകുന്നത്.  
വള്ളം പ്രവർത്തിച്ചാലും ഇല്ലെങ്കിലും പ്രതിവർഷം വായ്പാ തിരിച്ചടവ് ഇനത്തിൽ തന്നെ 15 - 20 ലക്ഷം രൂപ വേണ്ടി വരും. തീരദേശത്ത് കടക്കെണിയിലകപ്പെടുന്നവരുടെ എണ്ണവും കൂടി വരികയാണ്.  

 വൻതോതിലുള്ള ചെറുമീൻ പിടിത്തവും ഉത്പാദനത്തെ ബാധിച്ചതായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ചെറുമീൻ പിടിത്തം തടയാൻ സംസ്ഥാനത്ത് നിയമം ഉണ്ടെങ്കിലും ഫലപ്രദമല്ല.    കേരളത്തിൽ നിന്ന് ചെറുമീൻ പിടിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. 

 മത്സ്യ സമ്പത്ത് കുറയുന്നത് കേരളത്തിന്റെ  തൊഴിൽ സുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയെയൊക്കെ ബാധിക്കും.