ആലപ്പുഴ: അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സിമന്റിന് പായ്ക്കറ്റ് ഒന്നിന് നൂറു രൂപ കൂടുതൽ. കമ്പിയും മണലുമടക്കം നിർമാണസാമഗ്രികളുടെ വിലയും വർധിപ്പിച്ചതോടെ നിർമാണമേഖല പ്രതിസന്ധിയിലായി.

ചില്ലറ വിൽപനവില സിമന്റിന് 385-390 രൂപയായിരുന്നത് 430 രൂപയായി ഉയർത്താനാണ് നിർമാതാക്കളുടെ തീരുമാനം. തമിഴ്നാട്ടിൽ അമ്മ സിമന്റ് പായ്ക്കറ്റിന് 190 രൂപയാണ്. മറ്റുള്ളവയ്ക്ക് മുന്നൂറിൽത്താഴെയും. ആന്ധ്രയിലും സിമന്റുവില മുന്നൂറിൽ താഴെയാണ്.

കേരളത്തിൽ കമ്പിയുടെ വിലയും കിലോഗ്രാമിന് പത്തുരൂപ കൂട്ടി. മെറ്റൽവില ഒരടിക്ക് 30-35ൽനിന്ന്‌ 40-45ലേക്കെത്തി, എംസാൻഡ് (പാറമണൽ) ഒരടിക്ക് 12 രൂപ കൂട്ടി. ഇതോടെ ഒരടിയുടെ വില 55-60 രൂപയിലേക്കെത്തി.

കരിങ്കല്ല് ഒരു ലോഡിന് 600-1200 വരെ വർധിപ്പിച്ചു. മണൽ ഒരു ലോഡിന് 1000 രൂപ വരെയാണ് വർധിച്ചത്. സിമന്റ് ഇഷ്ടികയ്ക്കും ഒന്നിന് 20 രൂപവരെ കൂട്ടി.

പ്രധാന പ്രശ്നങ്ങൾ
* സിമന്റുവില മറ്റ് സംസ്ഥാനങ്ങളിൽ കുറവായിട്ടും ഇവിടെ വില നിയന്ത്രണത്തിന് സർക്കാർ ഇടപെടുന്നില്ല.
*ക്വാറികളുടെ എണ്ണം പരിമിതപ്പെട്ടപ്പോൾ നിലവിലുള്ളവർ തോന്നിയപോലെ വില വർധിപ്പിക്കുന്നു.
*സർക്കാർ സ്ഥാപനമായ മലബാർ സിമന്റ് ഉല്പാദനം കൂട്ടുന്നില്ല. ഇവർ ഇപ്പോൾ 334-342 രൂപയ്ക്കാണ് വില്ക്കുന്നത്.
* കൊച്ചിയിൽ കപ്പൽമാർഗം ചെലവുകുറഞ്ഞ സിമന്റ് എത്തുന്നുണ്ടെങ്കിലും വൻലോബി വില്പന തടസ്സപ്പെടുത്തുന്നു