ലണ്ടന്‍: പ്രതീക്ഷിച്ചതുപോലെ ബിറ്റ്‌കോയിന്റെ മൂല്യം 24 മണിക്കൂറിനുള്ളില്‍ താഴേയ്ക്കുപോയി.

ബുധനാഴ്ചയിലെ വ്യാപാരത്തില്‍ 11,395 ഡോളര്‍ നിലവാരത്തിലെത്തിയ മൂല്യം വ്യാഴാഴ്ച 9000 ഡോളറിലേയ്ക്കാണ് താഴ്ന്നത്. 

ലക്‌സംബര്‍ഗ് ആസ്ഥാനമായ ബിറ്റ് സ്റ്റാമ്പ് എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച എട്ടുശതമാനത്തോളം താഴ്ന്ന് 9000 ഡോളറിലെത്തി.  അതായത് 24 മണിക്കൂറിനുള്ളില്‍ നഷ്ടമായത് 2000 ഡോളര്‍. പിന്നീട് 9,400ലേയ്ക്ക് തിരിച്ചുകയറിയെങ്കിലും വീണ്ടും നാല് ശതമാനത്തോളം നഷ്ടത്തിലായി. 

നേരത്തെ നിക്ഷേപിച്ചവര്‍ ലാഭമെടുത്തപ്പോഴുണ്ടായ സ്വാഭാവിക തിരുത്തലാണിതെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. 

നിക്ഷേപ ലോകത്ത് വ്യാപകമായി പ്രചരിച്ചതോടെ ആവശ്യക്കാരേറിയതാണ് ബിറ്റ് കോയിന്റെ മൂല്യത്തില്‍ അടുത്തയിടെ വന്‍വളര്‍ച്ചയുണ്ടായത്. 

ഗൂഗിള്‍ സെര്‍ച്ചില്‍ ബിറ്റ്‌കോയിന്‍ ഇതാദ്യമായി ട്രംപിനെ കഴിഞ്ഞയാഴ്ച പിന്നിലാക്കി. ഈയാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുകൂടിയാണ് ട്രംപ് ബിറ്റ്‌കോയിന്റെ പിന്നിലായത്.