MATHRUBHUMI RSS
Loading...
ജയിക്കാനായി ജനിച്ചവര്‍
സൗമ്യ ഭൂഷണ്‍


പഠനവഴികളും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാക്കള്‍ ഹരിതയും ശ്രീറാമും ആല്‍ബിയും

തിരുവനന്തപുരം നഗരത്തിലെ എല്ലാ വഴികളും ഇപ്പോള്‍ ചെന്നെത്തുന്നത് തൈക്കാട് 'സായ് സിന്ദൂരം'ത്തിലാണ്. സിവില്‍ സര്‍വീസസില്‍ ഒന്നാം റാങ്ക് നേടിയ ഹരിത.വി.കുമാറിനെ കാണാനും സന്തോഷം പങ്കുവെക്കാനും അഭിനന്ദിക്കാനും എത്തുന്നവരെ സ്വീകരിക്കുന്ന തിരക്കിലാണ് ഈ വീടും വീട്ടുകാരും. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിവില്‍ സര്‍വീസസില്‍ മലയാൡ ഒന്നാം റാങ്കു നേടുന്നത്. ഒപ്പം സിവില്‍ സര്‍വീസസില്‍ ഒന്നാംറാങ്ക് നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് ഹരിത. സന്തോഷത്തിന് ഇരട്ടിമധുരം...

മകളെ 'കലക്ടര്‍' ആക്കണമെന്നത് ഹരിതയുടെ അച്ഛന്‍ വിജയകുമാറിന്റെ ആഗ്രഹമായിരുന്നു. 'കലക്ടര്‍' ജോലി എന്താണെന്നു നിശ്ചയമൊന്നുമില്ലെങ്കിലും കുഞ്ഞുനാള്‍ മുതല്‍ തന്നെ ഹരിതയും അതു സ്വപ്‌നം കണ്ടു, ചോദിക്കുന്നവരോടൊക്കെ പറഞ്ഞു 'ഞാന്‍ കലക്ടര്‍ ആകും'എന്ന്. പഠനത്തില്‍ മിടുക്കിയായിരുന്ന ഹരിതയ്‌ക്കൊപ്പം തന്നെ ഐ.എ.എസ് മോഹവും വളര്‍ന്നു. ബാര്‍ട്ടണ്‍ ഹില്‍സ് എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദം നേടി. കാമ്പസ് സെലക്ഷനില്‍ എച്ച്.സി.എല്ലില്‍ ജോലി കിട്ടിയിട്ടും അതു വേണ്ടെന്നുവച്ച് സിവില്‍ സര്‍വീസസ് എന്ന സ്വപ്‌നത്തിലേക്ക് പതുക്കെ നടന്നു കയറുകയായിരുന്നു. ഇതിനുള്ള എല്ലാ പ്രചോദനവും അമ്മ ചിത്രയും അച്ഛന്‍ വിജയകുമാറും ഇരട്ടസഹോദരങ്ങളായ സതീര്‍ഥും സാദര്‍ശും ഹരിതയ്ക്ക് നല്‍കി.
തന്റെ നാലാമത്തേതും അവസാനത്തേതുമായ അവസരത്തിലാണ് ഹരിത ഒന്നാം റാങ്കോടെ വിജയിക്കുന്നത്. ''ആദ്യവട്ടം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിരുന്നപ്പോള്‍ മെയിന്‍സില്‍ 18 മാര്‍ക്കിന് പിന്നിലായി. എന്നാല്‍, ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ വീണ്ടും പരീക്ഷയ്ക്കായി തയ്യാറെടുത്തു. 2010ല്‍ 179ാം റാങ്ക് കിട്ടിയപ്പോള്‍ ഐ.പി.എസ്. വേണ്ടെന്നുവച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് തിരഞ്ഞെടുക്കുകയായിരുന്നു. റവന്യൂ സര്‍വീസിനിടെ അവധിയെടുത്താണ് ഇത്തവണ പരീക്ഷയെഴുതിയത്. ആദ്യ രണ്ടു തവണയും അഭിമുഖത്തിലാണ് പിന്‍തള്ളപ്പെട്ടത.് അതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കരുതലോടെയാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിഞ്ഞതുകൊണ്ട് അഭിമുഖം കഴിഞ്ഞ് പൂര്‍ണ്ണസംതൃപ്തയായിരുന്നു. പി.കെ.മിശ്രയുടെ നേതൃത്വത്തിലുള്ള അഭിമുഖ ബോര്‍ഡ് തീര്‍ത്തും സൗഹാര്‍ദപരമായി,''ഹരിത പുഞ്ചിരിയോടെ പറഞ്ഞു.
''അഭിമുഖത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും എന്റെ കൂട്ടുകാര്‍ക്കാണ്. 'റവന്യൂ സര്‍വീസില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമായി നിരന്തരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുമായിരുന്നു. അതും അഭിമുഖത്തില്‍ ഗുണം ചെയ്തു. അഭിമുഖ ബോര്‍ഡില്‍ നമ്മള്‍ സമര്‍പ്പിക്കുന്ന സമ്മറിഷീറ്റിന്റെ പകര്‍പ്പ് സുഹൃത്തുക്കള്‍ക്കു നല്‍കി അവരോട് അതില്‍ നിന്നും ചോദ്യങ്ങള്‍ ചോദിപ്പിക്കും. പലവിധത്തിലുള്ള ചോദ്യങ്ങളെയും നേരിടാന്‍ ഇതു സഹായിച്ചു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ മെയിന്‍ പരീക്ഷയ്ക്കായ് തയ്യാറെടുപ്പു തുടങ്ങണം. പ്രിലിമിനറി കിട്ടുമോ ഇല്ലയോ എന്നത് ചിന്തിക്കുകയേ വേണ്ട. അതില്‍ ജയിച്ചാലും ഇല്ലെങ്കിലും ഈ തയ്യാറെടുപ്പ് അടുത്തതവണത്തേക്ക് ഗുണം ചെയ്യും.
മെയിന്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനൊപ്പം അറിയാതെതന്നെ പ്രിലിമിനറിയ്ക്കും നമ്മള്‍ പാകപ്പെടുന്നുണ്ടാകും. പത്രം വായിച്ച് ഓരോ വിഭാഗത്തില്‍പ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും പ്രത്യേകം മുറിച്ചെടുത്തു ഫയല്‍ ചെയ്യുമായിരുന്നു. മെയിന്‍ പരീക്ഷയ്ക്കായി എഴുതി തന്നെയാണ് ശീലിച്ചത്. മെയിന്‍ പരീക്ഷ കഴിഞ്ഞ് ഒരു മാസം വിശ്രമിച്ച് പതുക്കെ അഭിമുഖത്തിന്നായി തയ്യാറെടുത്തു തുടങ്ങണം. മനസ്സിന്റെയും ശരീരത്തിന്റെ യും ആരോഗ്യം എപ്പോഴും ശ്രദ്ധിക്കണം. മനസ്സ് ആയാസപ്പെടുമ്പോഴൊക്കെ സുഹൃത്തുക്കളെ വിളിച്ച് സംസാരിക്കും, പിന്നെ ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കും.''
സാമ്പത്തികശാസ്ത്രവും മലയാളവുമാണ് ഹരിത ഐച്ഛിക വിഷയങ്ങളായി തിരഞ്ഞെടുത്തത്. കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. സി. നാരായണനാണ് സാമ്പത്തികശാസ്ത്രത്തില്‍ ഗുരു. പാലാ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു മലയാള പഠനം. അഭിമുഖത്തിനുള്ള പരിശീലനം നേടിയത് തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നാണ്.

സുഖമുള്ള െവല്ലുവിൡ

ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍, സിനിമാപ്രേമി, മമ്മുട്ടിഫാന്‍ ഇങ്ങനെ ഒരുപാടു വിശേഷണങ്ങളാകാം ഡോ.ശ്രീറാം വെങ്കിട്ടരാമനെപ്പറ്റി. എന്നാല്‍ 2013 മെയ് മൂന്നിനു ശേഷം ശ്രീറാമിന് ഒറ്റ് വിശേഷണമേയുള്ള, സിവില്‍ സര്‍വീസസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മിടുക്കന്‍. ഒഡീഷയിലെ കട്ടക്കിലെ ശ്രീറാം ചന്ദ്രബഞ്ച് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ഡി വിദ്യാര്‍ത്ഥിയായ ശ്രീറാം തന്റെ രണ്ടാമത്തെ പരിശ്രമത്തിലാണ് ഈ വിജയം കരസ്ഥമാക്കിയത്.

''സിവില്‍ സര്‍വീസസ് പരീക്ഷ സുഖമുള്ള വെല്ലുവിളിയാണ്. പരീക്ഷ എന്താണെന്നറിയാന്‍ വേണ്ടിയാണ് ആദ്യ തവണ എഴുതിയത്, മെയിന്‍ പരീക്ഷ വിജയിച്ച് അഭിമുഖം വരെ എത്തി. ഒരു തവണ പരീക്ഷ എഴുതിയതിന്റെ പാഠങ്ങള്‍ അടുത്ത തവണത്തെ പരിശ്രമത്തിന് ഏറെ സഹായിച്ചു.'' ശ്രീറാം താന്‍ പഠിച്ച പാഠങ്ങള്‍ പറഞ്ഞു തുടങ്ങി. ''സിവില്‍ സര്‍വീസസ് പോലുള്ള പരീക്ഷയില്‍ എന്തു പഠിക്കണം എന്നതിനേക്കാള്‍ പ്രധാനം എന്ത് പഠിക്കാതെ ഒഴിവാക്കാം എന്നുള്ള തിരിച്ചറിവാണ്. അതിന് ഏറെ സഹായിച്ചത് ഈ വഴിയില്‍ മുന്നേ നടന്നവരാണ്. അത്തരത്തിലുള്ള സുഹൃത്തുക്കള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പുസ്്തകങ്ങള്‍ക്കും പത്രങ്ങള്‍ക്കുമൊപ്പം ഇന്റര്‍നെറ്റും ഏറെ സഹായിച്ചു. റഫറന്‍സിനായി മൊബൈലിലൂടെ ഇന്റര്‍നെറ്റ് നോക്കുന്ന ശീലം എനിക്കുണ്ട്. അത് ഒരുപാട് ഗുണം ചെയ്തു.''

ആദ്യ അവസരത്തില്‍ അഭിമുഖത്തിലാണ് പിഴച്ചതെങ്കിലും രണ്ടാം തവണ അത് അനായാസം നേരിടുകയായിരുന്നു ശ്രീറാം. ''നമ്മുടെ കാഴ്ചപ്പാടും ആശയവിനിമയപാടവവുമാണ് അഭിമുഖത്തില്‍ പരീക്ഷിക്കുന്നത്. ചോദ്യങ്ങളെ നമ്മുടെ കംഫര്‍ട്ട് സോണിലേക്ക് നയിക്കുക എന്ന രീതിയോട് പക്ഷെ ഞാന്‍ യോജിക്കുന്നില്ല. ഏതു മേഖലയില്‍ നിന്നുമുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കണം. ഏതിലും നമ്മള്‍ കഫര്‍ട്ടബിളും ആയിരിക്കണം. ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുക, അടുത്തത് എന്താകുമെന്ന് ആകുലപ്പെടാതിരിക്കുക ഇതൊക്കെയാണ് അഭിമുഖത്തില്‍ ശ്രദ്ധിക്കേണ്ടത്''.
ശ്രീറാം ഒരുപാട് ഇഷ്ടപ്പെട്ടാണ് സിവില്‍ സര്‍വീസസ് തിരഞ്ഞെടുത്തത്. ''ഒരു സിവില്‍ സര്‍വന്റ് ആകുമ്പോള്‍ ഒരു പാട് പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനാകും, പരിഹാരം നിര്‍ദേശിക്കാനും സാധിക്കും. മെഡിസിനും സുവോളജിയുമായിരുന്നു എന്റെ ഐച്ഛിക വിഷയങ്ങള്‍. തിരുവനന്തപുരം സിവില്‍സര്‍വീസ് അക്കാദമിയിലാണ് പരിശീലനം നേടിയത്. അവിടത്തെ അധ്യാപകരും, അന്തരീക്ഷവും, ലൈബ്രറിയും, പഠനവും, സുഹൃത്തുക്കളും എല്ലാം തന്നെ ഈ വഴിയിലേക്ക് നയിച്ചു. വളരെ റിലാക്‌സ് ചെയ്ത് പഠിക്കുന്നതാണ് എന്റെ രീതി. ദിവസം അഞ്ച് മണിക്കൂറില്‍ അധികം പഠിക്കുന്ന ശീലമില്ല. പഠനം പോലെത്തന്നെ സിനിമയും, സംഗീതവും, യാത്രയും, ഫോട്ടോഗ്രാഫിയും, കളികളും, സുഹൃത്തുക്കളും, ഫെയ്‌സ്ബുക്കും എല്ലാം എനിക്ക് ഇഷ്ടമാണ്.''
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് റാങ്കിന്റെ വിവരം ശ്രീരാം അറിയുന്നത്. ''കേട്ടപ്പോള്‍ ആകെ മരവിച്ച അവസ്ഥയായിരുന്നു. വിവരം അച്ഛനെ വിളിച്ചറിയിച്ചു.'' സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ നിന്ന് വിരമിച്ച് ഇപ്പോള്‍ കരിയര്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ഡോ.പി.ആര്‍.വെങ്കിട്ടരാമന്റെയും എസ്.ബി.ഐ ഉദ്യോഗസ്ഥയായ ആര്‍.രാജത്തിന്റെയും മകനാണ് ശ്രീറാം. സഹോദരി ലക്ഷ്മി തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയാണ്.

സുഹൃത്തുക്കള്‍ തന്ന ്രപേചാദനം
സിവില്‍ സര്‍വീസസ് എന്ന കടമ്പ ആദ്യ അവസരത്തില്‍ തന്നെ ചാടിക്കടക്കുക ഒട്ടും എളുപ്പമല്ല. എന്നാല്‍ ആദ്യ അവസരത്തില്‍തന്നെ നാലാം റാങ്ക് നേടുന്നതോ? ഒന്നു മനസ്സുവച്ചാല്‍ അതും നേടാനാകും എന്ന് തെളിയിച്ചിരിക്കയാണ് പിറവം അഞ്ചല്‍പ്പെട്ടി സ്വദേശി ഡോ.ആല്‍ബി ജോണ്‍ വര്‍ഗ്ഗീസ്.
ആദ്യ നൂറു റാങ്കിന്റെയുള്ളില്‍ വരുമെന്നുറപ്പുണ്ടായിരുന്നെങ്കിലും നാലാം റാങ്ക് അപ്രതീക്ഷിതമാണ് ആല്‍ബിയ്ക്ക്. അതിന്റെ ആവേശത്തിലും ഞെട്ടലിലുമാണ് ഈ ഇരുപത്തഞ്ചുകാരന്‍. ''ഞാന്‍ തന്നെയാണ് പരീക്ഷാഫലം നോക്കിയത്. കണ്‍ട്രോള്‍ എഫ് അടിച്ചു കൊടുത്ത് പേരു സെര്‍ച്ച് ചെയ്തു. ആദ്യം 'നോ റിസള്‍ട്ട്' എന്ന് വന്നു, വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് പിന്നേം അടിച്ചുകൊടുത്തു. അപ്പോള്‍ ആല്‍ബി ജോണ്‍ വര്‍ഗ്ഗീസ് എന്ന് നാലാമത്തെതായി കണ്ടു. തൊട്ടു മുകളില്‍ ശ്രീറാമും ഹരിതചേച്ചിയും, ഇനി വല്ല സ്‌റ്റേറ്റ് വൈസ് ലിസ്റ്റാണോ എന്നു സംശയിച്ച് സുഹൃത്തിനെ വിളിച്ചു. ശരിയായ ലിസ്റ്റ് തന്നെയാണെന്നും നാലാം റാങ്കാണെന്നും അവന്‍ പറഞ്ഞു.'' ആ നിമിഷങ്ങളിലെ അവിശ്വസനീയത പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണെന്ന് ആല്‍ബി പറയുന്നു. ''എത്രയോ രാത്രികളില്‍ നൂറ്റിയഞ്ചാം റാങ്ക്, നൂറാം റാങ്ക് എന്നൊക്കെ കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ട്. എന്നാല്‍ ഫലം വന്ന ദിവസം ഉറങ്ങിയതേയില്ല.''
''സുഹൃത്തും സഹപാഠിയുമായ ഡോ.സരിന്റെ സിവില്‍ സര്‍വീസസ് പരീക്ഷാ വിജയമാണ് ഈ വഴി തിരഞ്ഞെടുക്കാനുള്ള പ്രചോദനമായത്. ഹൗസ് സര്‍ജന്‍സിക്കു പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസസിന് ശ്രമിച്ചു നോക്കാമെന്നു തോന്നുന്നത്. മെഡിസിനും മലയാളവും ഐച്ഛിക വിഷയങ്ങളായി തിരഞ്ഞെടുത്തു. മലയാളത്തിന് പാലാ അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്. അക്കാദമിയിലെ ഒരു മാസത്തെ പരിശീലനവും അവിടത്തെ സൗഹൃദങ്ങളുമാണ് പരീക്ഷാ തയ്യാറെടുപ്പിന് ദിശാബോധം നല്‍കിയത്,'' പഠനത്തിലുള്ള ശരിയായ വഴി കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആല്‍ബി വാചാലനായി.
''ഒരു ദിവസത്തെ പത്രം വായിച്ച് പ്രധാനസംഗതികള്‍ ഒരു പേജില്‍ കുറിച്ചു വെയ്ക്കുന്ന ശീലം നല്ലതാണ്. അഭിമുഖമാണ് പൊതുവെ എല്ലാവര്‍ക്കും പേടിയുള്ള ഘട്ടം. പക്ഷെ ഒരിക്കലും നമ്മുടെ അറിവില്ലായ്മ അല്ല അവിടെ പരീക്ഷിക്കുന്നത് മറിച്ച് അറിവാണ്. നമ്മുടെ കാഴ്ചപ്പാടും ആത്മവിശ്വാസവുമാണ് അവിടെ പരീക്ഷിക്കപ്പെടുന്നത്. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ നമ്മളെ കയറ്റി വിടാനാണ് അവര്‍ ശ്രമിക്കുക എന്നത് മനസ്സിലുറപ്പിക്കുക, അപ്പോള്‍ ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യം താനെ വരും. ചോദ്യം മനസ്സിലാക്കി പത്തു സെക്കന്റിനുള്ളില്‍ ഉത്തരം നല്‍കുന്നതാണ് നല്ല രീതി. വായന ഹോബിയായി എഴുതിയതുകൊണ്ട് എന്നോട് ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരെക്കുറിച്ചെല്ലാം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇംഗ്ലീഷില്‍ എഴുതുന്നവര്‍ക്ക് എന്തുകൊണ്ട് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു എന്ന ചോദ്യവുമുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ അംഗീകാരവും പാശ്ചാത്യര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള ശൈലിയുമാണ് ഇതിനു കാരണമെന്ന് മറുപടി നല്‍കി.''
അഞ്ചല്‍പ്പെട്ടി സെന്‍റ് മേരീസ് യു.പി. സ്‌കൂളിലും, പിറവം ഫാത്തിമയിലും പാലാ സെന്‍റ് തോമസിലുമായി പഠനം പൂര്‍ത്തിയാക്കി. അറുപത്തഞ്ച് ശതമാനം മാര്‍ക്കോടെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ആല്‍ബി പറവൂരിനടുത്തുള്ള കുന്നുകര െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറാണ്. അഞ്ചല്‍പ്പെട്ടിയില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന കുപ്പമലയില്‍ ജോണ്‍ വര്‍ഗീസിന്റെയും രാമമംഗലം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിംഗ് അസിസ്റ്റന്റായ ശലോമി വര്‍ഗീസിന്റെയും മൂത്ത മകനാണ് ആല്‍ബി. സഹോദരന്‍ അതുല്‍ വര്‍ഗീസ് എന്‍.ഐ.ഐ.ടിയില്‍ പഠിക്കുന്നു.വായന ഏറെ ഇഷ്ടപ്പെടുന്ന ആല്‍ബിയുടെ ഇഷ്ടപ്പെട്ടഎഴുത്തുകാര്‍ വി.കെ.എന്നും, ഒ.വി.വിജയനുമാണ്. സിനിമകളും ധാരാളം കാണാറുണ്ട്, ഹിറ്റ്ച്ച്‌കോക്ക് സിനിമകളുടെ ആരാധകന്‍ കൂടിയാണ് ആല്‍ബി.