MATHRUBHUMI RSS
Loading...
കഠിനമായി ഭയന്ന് ജീവിക്കുന്നവര്‍
എസ്. സിതാരകഴിഞ്ഞ ആഴ്ചകളില്‍ കേരളത്തിലെ മാധ്യമങ്ങളിലാകെ സൗദിഅറേബ്യയിലെ 'നിതാഖാത്' പ്രശ്‌നങ്ങളുടെ ബഹളമായിരുന്നു. സ്വദേശിവത്കരണം ഒന്നുകൂടി കര്‍ശനമാക്കിയപ്പോഴുണ്ടായ റെയിഡുകളും പുറത്താക്കലുകളും ഒരു അപസര്‍പ്പകകഥയിലെന്നവണ്ണം ദൃശ്യങ്ങളിലും വാക്കുകളിലും നിറഞ്ഞു. രാഷ്ട്രീയക്കാര്‍, മന്ത്രിമാര്‍ ചിലപ്പോഴൊക്കെ അപഹാസ്യമെന്നു തോന്നിപ്പിച്ച പ്രസ്താവനകള്‍ നടത്തി. സൗദി അറേബ്യയിലെ പാവം മലയാളികളൊന്നടങ്കം നാട്ടില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയാലുണ്ടാകാവുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നു.

നിങ്ങള്‍ അവിടെ സുരക്ഷിതര്‍ തന്നെയല്ലേ എന്ന് നാട്ടില്‍ നിന്ന് പ്രിയപ്പെട്ടവരുടെ പരിഭ്രമത്തോടെയുള്ള ഫോണ്‍വിളികള്‍ വരാന്‍ തുടങ്ങി. അപ്പോഴാണ് മൂന്നുനാലു ദിവസങ്ങളിലെ ബഹളങ്ങള്‍ക്കിടയിലായി യാമിനി എന്ന സ്ത്രീയുടെ കണ്ണുനീര്‍, പ്രവാസിയുടെ പകച്ച മുഖങ്ങള്‍ക്കു മേലെ വീണത്. യാമിനി-ഗണേശന്‍ പ്രശ്‌നങ്ങളുടെ സെന്‍സേഷനലിസത്തിന്റെ തള്ളിത്തിരക്കില്‍, കത്തിമുനയില്‍, നില്‍ക്കുന്ന ആലംബഹീനരായി, തങ്ങള്‍ തന്നെ വരച്ചുണ്ടാക്കിയ സൗദിമലയാളികളുടെ ചിത്രത്തെ മാധ്യമങ്ങളും മറന്നു. അന്തഃപുരങ്ങളില്‍ നിന്നിറങ്ങി വന്ന ഒരു പെണ്ണിന്റെ കരച്ചിലിന് ഒരുപക്ഷേ, ഒരു രാജ്യത്തിന്റെതന്നെ നെടുവീര്‍പ്പുകളേക്കാള്‍ ശക്തിയുണ്ടായിരുന്നു. അതില്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ വേണ്ടത് എന്ന് എനിക്ക് ഇപ്പോഴും തീരുമാനിക്കാനായിട്ടില്ല.

എല്ലാ തൊഴിലിടങ്ങളിലും ഒരു നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്ക് വെക്കണം എന്ന സൗദി ഗവണ്‍മെന്റിന്റെ 'നിതാഖാത്' നിയമവും അതു ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികളും കാലങ്ങളായി ഇവിടെ നടന്നു പോരുന്നതാണ്. ഈയടുത്ത് അതു കുറച്ചുകൂടി കര്‍ശനമാക്കിയതാണ് ഇത്രയും ബഹളങ്ങള്‍ക്കു കാരണം. എന്തായാലും അകലെ കേരളത്തില്‍ നടത്തപ്പെട്ട ആശങ്കാ നാടകങ്ങളൊന്നും അറിയാതെ തന്നെ, രാജാവ് നിയമ നടപടികള്‍ അനിശ്ചിതകാലത്തേക്കു നിര്‍ത്തിവെച്ചിരിക്കുന്നു. അതും തങ്ങള്‍ പറഞ്ഞിട്ടാണെന്ന് ലജ്ജയില്ലാത്ത ചില നാടന്‍ രാഷ്ട്രീയക്കാര്‍ വാഴവെട്ടുകയും ചെയ്തിരിക്കുന്നു.

നാടുവിട്ടു പോകുന്നവരുടെ ത്രിശങ്കു സ്വര്‍ഗങ്ങള്‍ എല്ലായ്‌പ്പോഴും ഒരുപക്ഷേ, ഇങ്ങനെയാണ്. ആകാശങ്ങള്‍ക്കും മരുഭൂമികള്‍ക്കും കാറ്റുമരങ്ങള്‍ക്കും ഇടയില്‍, സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും ഇരുതലവാളുകള്‍ അവരെ എല്ലായ്‌പ്പോഴും മുട്ടിയുരുമ്മുന്നു. വിട്ടുപോന്ന മണ്ണിലേക്കുള്ള ആത്മാവിന്റെ വലിവ്, ചവിട്ടി നില്‍ക്കുന്ന മണ്ണിനോടുള്ള കൂറ്. അതിന്റെ ശ്വാസംമുട്ടലുകള്‍ക്കിടയിലും കാലിനടിയിലെ എല്ലാ ഭൂമികളുടെയും അവിശ്വസ്തത (disloyalty). എന്റെ പരിചയ വലയത്തില്‍, നിയമവിരുദ്ധമായി ഇവിടെ താമസിച്ചു ജോലി ചെയ്യുന്ന ഒരുപാടുപേരുണ്ട്. ഏതു നിമിഷവും റെയ്ഡുകള്‍ പേടിച്ച്, പോലീസുകാരെ കാണുമ്പോള്‍ പലയിടത്തായി ഒളിച്ചുനിന്ന്, ജോലിസ്ഥലങ്ങളില്‍ കഠിനമായ ജോലിക്കിടെയും ഭയന്നുഭയന്ന്, തുച്ഛമായ വേതനത്തിനുവേണ്ടി ജീവിതത്തെ ഒരു ടോം-ജെറി കഥയാക്കിയവര്‍. മനഃസംഘര്‍ഷത്തിനിടയിലും രണ്ടു നാടുകളെയും സ്‌നേഹിക്കുന്നവര്‍.

വിട്ടുപോകുവാനോ തുടരുവാനോ സ്വന്തമായ ആ രണ്ടുനാടുകളും അവരെ അനുവദിക്കാറില്ല എന്നുമാത്രം. പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കണ്ടുമുട്ടിയ തുളസി എന്ന ഇലക്ട്രീഷ്യന്‍, ഞങ്ങള്‍ പലചരക്കുകള്‍ വാങ്ങിച്ചിരുന്ന അമ്പുവിന്റെ കടയിലെ സഹായിയായ അഹമ്മദ് എന്ന ദരിദ്രനായ കവി, എന്റെ കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ വന്നുനിന്ന ഫാത്തിമത്താ എന്ന എന്റെ സൂതികര്‍മിണി- പേരുകളും മുഖങ്ങളും മറന്നുപോയ മറ്റനേകം പേര്‍.

കുറേയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജിദ്ദയിലെ ഷറഫിയ എന്ന മലയാളി ഗലിയിലൂടെ കാറില്‍ പോകുമ്പോള്‍ ഞാന്‍ മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധനെ കാണാറുണ്ടായിരുന്നു. ഉംറ വിസയില്‍ വന്ന് ഇവിടെ ജോലിക്കായി അലയുന്ന ഒരാളാവണം. കൈയിലെ സഞ്ചിയില്‍ കടലപ്പാക്കറ്റുകള്‍, അല്ലെങ്കില്‍ കറിവേപ്പില അതുമല്ലെങ്കില്‍ പപ്പടപ്പാക്കറ്റുകള്‍ ഉണ്ടാവും. അതും വീശി ധൃതിയില്‍ മുഖത്തൊരു വിളറിയ ചിരിയോടെ അയാള്‍ ഇടയ്ക്കും തലയ്ക്കും കാണുന്ന കുടുംബങ്ങള്‍ക്ക് നേര്‍ക്ക് നടക്കും. മിക്കവരും അയാളുടെ കൈയില്‍ നിന്ന് ഒന്നും വാങ്ങാറില്ല. എന്നാലും മുഖത്തെ ചിരി മങ്ങാതെ അയാള്‍ തിരിഞ്ഞു നടക്കും.

ഒരിക്കല്‍ എന്റെ ഭര്‍ത്താവ് ഫഹീം എന്തിനോ പുറത്തേക്കുപോയപ്പോള്‍ ഞാന്‍ നിര്‍ത്തിയിട്ട കാറില്‍ കുഞ്ഞുമായി തനിച്ചിരിക്കെ, മോളേ കടല വേണോ എന്ന് അയാള്‍ ചിരിയോടെ അടുത്തേക്കു വന്നു. കടല ഇഷ്ടമല്ലാതിരുന്നിട്ടും എനിക്ക് വാങ്ങണമെന്നു തോന്നി. ബാഗില്‍ കുഞ്ഞിന്റെ പാല്‍ക്കുപ്പികളും നാപ്കിനുകളുമല്ലാതെ ഒരു റിയാല്‍ പോലും ഇല്ലാതിരുന്നതിനാല്‍ വേണ്ട ഇക്ക എന്ന് ഞാന്‍ മടിയോടെ പറഞ്ഞു. ഓ, എന്ന് തലയാട്ടി, കുഞ്ഞിനെ വാത്സല്യത്തോടെ ഒന്നു നോക്കി അയാള്‍ പോയി. എന്റെ മനസ്സില്‍ എന്തിനോ കനിവിന്റെ സങ്കടക്കടലിരമ്പി. ഫഹീം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: എനിക്ക് കടല വേണം. വണ്ടി വിടൂ, ആ ഇക്കായെ നമുക്ക് കണ്ടുപിടിക്കാം. എന്നിലെ വാശിക്കാരിക്കുട്ടിയെ അറിയുന്നതുകൊണ്ടാവാം ദേഷ്യപ്പെട്ടിട്ടാണെങ്കിലും ഫഹീം അയാള്‍ പോയ വഴിയെ കാറെടുത്തു. പക്ഷേ, വഴിയരികിലെങ്ങും എന്റെ തിരയുന്ന കണ്ണുകള്‍ക്ക് അയാളെ കണ്ടെത്താനായതേയില്ല.

അടുത്ത ഓണത്തിനോ വിഷുവിനോ എന്നോര്‍ക്കുന്നില്ല, ഈ സദ്യക്കുള്ള പപ്പടം അയാളുടെ കൈയില്‍ നിന്നു മാത്രമേ വാങ്ങൂ എന്നു ഞാന്‍ ഫഹീമിനോടു പറഞ്ഞു. അവന്‍ ഷറഫിയയില്‍ പോയപ്പോഴൊക്കെ ഒന്നുകില്‍ അയാളെ മറന്നു. അല്ലെങ്കില്‍ അയാളെ കണ്ടതേയില്ല എന്നു പറഞ്ഞു തിരിച്ചെത്തി. നീ ശരിക്കു നോക്കാഞ്ഞിട്ടാണ് എന്നു ഞാന്‍ വഴക്കിട്ടു. അടുത്ത ഷറഫിയ യാത്രയില്‍ ഇടുങ്ങിയ തെരുവുകളിലൂടെ വണ്ടി നീങ്ങവെ, മെലിഞ്ഞു വിളറിയ ഒരു വയസ്സന്‍ ചിരിയെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അയാളെ പോലീസ് പിടിച്ച് എക്‌സിറ്റിലയച്ചുകാണും. നോക്കണ്ട; ഫഹീം പറഞ്ഞു. അല്ലെങ്കില്‍ അയാള് സ്വയം പിടികൊടുത്തുകാണും. എന്റെ കണ്ണുകള്‍ ഒരിക്കല്‍ക്കൂടി നാണമില്ലാതെ നനഞ്ഞു. ഫഹീം ഒരുപക്ഷേ, അതു കണ്ടില്ല എന്നു തോന്നുന്നു. അത്തവണ വിഷുസദ്യക്ക് ഞാന്‍ പപ്പടം കാച്ചിയില്ല.
കണ്‍മുന്നില്‍ ഉരുണ്ടുകൂടുന്ന ചില ജീവിതത്തുള്ളികള്‍; അവയെപ്പോള്‍ എവിടേക്ക് ചിതറിത്തെറിക്കുന്നു എന്ന് പറയാനാവാത്തതിന്റെ പകപ്പ്, പലപ്പോഴും പ്രവാസി ജീവിതം എനിക്ക് തന്നിട്ടുണ്ട്.

മറ്റൊരു അനധികൃത താമസക്കാരിയായിരുന്നു അസ്മ എന്ന എന്റെ ഇന്‍ഡൊനീഷ്യന്‍ കൂട്ടുകാരി. 'ഗദ്ദാമ' എന്ന സിനിമ കണ്ടപ്പോള്‍ എന്റെ മനസ്സു നിറയെ അവളായിരുന്നു. 'ഗദ്ദാമ'യില്‍ വരച്ചുകാട്ടപ്പെട്ട അതേ സങ്കടക്കടലിലൂടെയാണ് അവളും തുഴഞ്ഞുപോയത്. അവളെപ്പറ്റി ഒരു പുസ്തകം തന്നെ എഴുതിയാലും തീരില്ല. ഇന്‍ഡൊനീഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നും വേലക്കാരികളായി വന്ന്, വീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ ചാടിപ്പോകുന്ന അനേകം പെണ്‍കുട്ടികളുണ്ട്- അസ്മയെപ്പോലെ. അവര്‍ നിയമലംഘകരാകുന്നത്, പിടിക്കപ്പെടുന്നത്, നാട്ടിലെ ദുരിതങ്ങളിലേക്കു തിരിച്ചു കയറ്റി അയയ്ക്കപ്പെടുന്നത്.... ഒക്കെയും ഒരസംബന്ധനാടകത്തിലെ അസംബന്ധ വരികളാണല്ലോ എന്ന് കൂടുതലോര്‍ത്താല്‍ തോന്നും. രണ്ടു നാടുകള്‍ക്കിടയില്‍ കീറിമുറിക്കപ്പെടുന്നവരുടെ വിധി എന്ന് സഹതാപത്തുള്ളികള്‍ മനസ്സില്‍ കിനിയും. ജീവിതസമരങ്ങള്‍ക്കിടയിലും സ്വദേശി വത്കരണവും അനധികൃത സ്‌പോണ്‍സര്‍ഷിപ്പും അങ്ങനെ മറ്റനേകം സാങ്കേതിക പദങ്ങള്‍ മനസ്സിലാകായ്മയായി ഇവരുടെയൊക്കെ പകച്ച മുഖങ്ങളിലും മനസ്സുകളിലും നിഴലുകളാളുന്നുണ്ടാവുമല്ലോ എന്ന് നെടുവീര്‍പ്പിടും. പിന്നെ അതു മറക്കും. മറവി ഒരു സ്വയം മരുന്നാണ്. അവരും ഞാനും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല എന്ന കറുത്ത സത്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു കയ്പുള്ള മരുന്ന്. കാരണം, എന്റെ ആത്മാവും പകുതിയില്‍ മുറിയുന്നുണ്ട് ഈ ദ്വന്ദ്വജീവിതത്തിന്റെ വടംവലികളില്‍. ഞാനും അറിയുന്നുണ്ട് ആകാശത്തിനും മരുഭൂമികള്‍ക്കുമിടയില്‍ കരച്ചില്‍ നനവില്‍ നിറയുന്ന എന്റെ ഇല്ലായിടങ്ങളുടെ ശൂന്യത.