MATHRUBHUMI RSS
Loading...
നൃത്തവേദിയില്‍ വേദനയുടെ പിടച്ചില്‍

സ്‌കൂള്‍ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കലാതിലക പട്ടം അണിഞ്ഞുനില്‍ക്കുമ്പോഴും ജീവിതത്തെ നോക്കി സങ്കടം കൊണ്ട ഒരു നര്‍ത്തകിയുടെ കഥ...


രാത്രി പന്ത്രണ്ട് മണി. സ്‌കൂള്‍ കലോത്സവ വേദിയില്‍ കേരളനടന മത്സരം മുറുകുന്നു. ഉറക്കം തൂങ്ങുന്ന കാഴ്ചക്കാര്‍, കോട്ടുവാ ഇടുന്ന വിധികര്‍ത്താക്കള്‍, മേക്കപ്പ് അണിഞ്ഞുകൊണ്ട് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാര്‍വതി അരങ്ങില്‍ ചുവടുവെയ്ക്കുകയാണ്.

ഇപ്പോള്‍ വെളുപ്പിന് നാലുമണി. അണിയറയില്‍ മേക്കപ്പ് തുടച്ചുമാറ്റുമ്പോള്‍ പുറത്ത് അനൗണ്‍സറുടെ മുഴക്കമുള്ള ശബ്ദം കേള്‍ക്കാം. 'കലാതിലകം പാര്‍വതിരാജ്.'

ഒരുപാടുവട്ടം സ്‌കൂള്‍ കലോത്സവ വേദികളില്‍ മുഴങ്ങിയ പേരുകളിലൊന്ന്. തുടര്‍ച്ചയായി കലാതിലകപട്ടമണിഞ്ഞ് പുഞ്ചിരിച്ചു നിന്നു വയനാടിന്റെ ഈ നര്‍ത്തകി. വേദികള്‍ പിന്നെയും മാറുകയാണ്. സ്ഥലം പാലക്കാട്. പാര്‍വതിയുടെ വീട് ജപ്തിയിലായി. നൃത്തം കളിച്ച് കടംകയറി അവള്‍ക്ക് വീട് നഷ്ടപ്പെടുകയാണ്.

അരങ്ങിന്റെ വെള്ളിവെളിച്ചങ്ങള്‍ക്കും ആരാധകരുടെ അഭിനന്ദനങ്ങള്‍ക്കും ഇടയില്‍നില്‍ക്കുമ്പോള്‍ ഒരു നര്‍ത്തകിയുടെ ആരും കാണാതെ പോയ വേദനകളുടെ ചിത്രമാണിത്. ജീവിതത്തില്‍ കുറെ സങ്കടങ്ങള്‍ വന്ന് നൃത്തം ചെയ്തു പോയ കഥ.

'മൂന്നുവയസ്സുമുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയതാണ്. പ്ലസ്ടുവരെ വയനാട് ജില്ലയില്‍ തുടര്‍ച്ചയായി കലാതിലകമായി. രണ്ടുവര്‍ഷം സംസ്ഥാനത്ത് ടോപ് സ്‌കോറര്‍. പിന്നെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മൂന്നുവട്ടം കലാതിലക പട്ടം. ഇതൊക്കെ നിങ്ങള്‍ കേട്ടറിഞ്ഞ അരങ്ങിലെ കഥകള്‍. പക്ഷേ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നും. ഇത്ര കാലം കൊണ്ട് എന്തൊക്കെ അനുഭവിച്ചു. ഗുരുക്കന്‍മാര്‍, വിധികര്‍ത്താക്കള്‍, സഹമത്സരാര്‍ത്ഥികള്‍...ഓരോ കാലത്തും പ്രശ്‌നങ്ങളുമായി ഓരോരുത്തരുണ്ടായിരുന്നു.

ചെറുപ്പത്തില്‍ പാലക്കാട്ടും വയനാട്ടിലുമൊക്കെ മാറിമാറിത്താമസിച്ചിട്ടുണ്ട് ഞാന്‍. അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊപ്പം. എന്നാലും നൃത്തപഠനം തുടര്‍ന്നു. അപ്പോഴേക്കും സാമ്പത്തികമായി ഞങ്ങള്‍ ശോഷിച്ച് വരികയായിരുന്നു.

പണ്ടൊക്കെ കലോത്സവം വന്നാല്‍ ഒരാള്‍ എട്ടിനങ്ങളിലൊക്കെ മത്സരിക്കും. കഥകളി, ഓട്ടംതുള്ളല്‍, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി. എല്ലാം ചെലവുള്ള ഇനങ്ങളാണ്. അന്ന് എല്ലാം ലൈവായി ചെയ്യണം. പാടാനും മ്യൂസിക്കിടാനുമൊക്കെയുള്ള ആര്‍ട്ടിസ്‌ററുകളെ നമ്മള്‍ തന്നെ കൊണ്ടുപോവും. ഒരുവര്‍ഷം സംസ്ഥാനതലത്തിലെത്തുമ്പോഴേക്കും രണ്ടുലക്ഷം രൂപയ്ക്കുമേല്‍ ചെലവായിട്ടുണ്ടാവും. അച്ഛന്റെ പെന്‍ഷനും പിഎഫുമൊക്കെ നൃത്തത്തിനുവേണ്ടി ചെലവായി. ഇതിനിടെ അച്ഛന്‍ ഞങ്ങളില്‍നിന്ന് വേര്‍പെട്ടുപോയി. പ്രയാസം ഇരട്ടിച്ചു. എത്ര ഞെരുക്കം വന്നാലും അമ്മ എങ്ങനെയെങ്കിലും പണം കണ്ടെത്തി. പണമില്ലാത്തതിന്റെ പേരില്‍ മകള്‍ പുറന്തള്ളപ്പെട്ടുപോവരുതെന്ന് നിര്‍ബന്ധമുള്ള പോലെ. മത്സരങ്ങള്‍ക്ക് പണം തികയാതെ വന്നപ്പോള്‍ ഞങ്ങള്‍ ബാങ്കില്‍നിന്ന് ലോണെടുക്കാന്‍ തുടങ്ങി. പാലക്കാട് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് വീട് പണയപ്പെടുത്തിയാണ് ഒരുതവണ അഞ്ചുലക്ഷം വായ്പയെടുത്തത്. തിരിച്ചടവ് എട്ടുലക്ഷത്തിനടുത്ത് വന്നപ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ബാങ്കുകാര്‍ വീട് ലേലം ചെയ്തു. കുറച്ചുപണം സംഘടിപ്പിച്ച് വയനാട് ഞങ്ങളൊരു വീട് വാങ്ങി. അതിന് മൂന്നരലക്ഷം രൂപ ലോണെടുത്തു. പക്ഷേ വീണ്ടും സാമ്പത്തികബാധ്യത വന്നപ്പോള്‍ വീടും അമ്മയുടെ നാല്‍പതുപവന്റെ ആഭരണങ്ങളും വില്‍ക്കേണ്ടി വന്നു.

എന്തെല്ലാം ഒളിച്ചുകളികള്‍

പുറത്തുകാണുന്നത്ര പകിട്ടുള്ളതല്ല കലോത്സവത്തിന്റെ അണിയറകള്‍. ഞാന്‍ തുടര്‍ച്ചയായി കലാതിലകമായപ്പോള്‍ കഴിവുകൊണ്ട് നേടിയതല്ല, കൈമണി അടിച്ച് സംഘടിപ്പിച്ചതാണെന്നൊക്കെ പറഞ്ഞ് അപമാനിക്കും. അതൊക്കെ സഹിക്കാം. ഗുരുക്കന്‍മാരുടെ ഭാഗത്തുനിന്നുള്ള ചതി കൂടിയാവുമ്പോഴോ. ആ വര്‍ഷം ഞാന്‍ ഇന്റര്‍സോണില്‍ മത്സരിക്കുകയാണ്. എന്നെ നൃത്തം പഠിപ്പിക്കുന്ന സാറിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയും മത്സരിക്കാനുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുട്ടിയാണ് അവള്‍. പക്ഷേ ഇടയ്ക്കുവെച്ച് സാറിന്റെ അടുത്ത് നിന്ന് പഠിത്തം നിര്‍ത്തിപ്പോവുകയായിരുന്നു. കലോത്സവം വന്നപ്പോള്‍ ഞാന്‍ ചോദിച്ചു 'സാര്‍, ആ കുട്ടിയെ പഠിപ്പിക്കുന്നുണ്ടോ'. ഏയ് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്റ്റേജില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് അവളുടെ നൃത്തം. ഒന്ന് കാണാമെന്ന് കരുതി കര്‍ട്ടനിടയിലൂടെ നോക്കി. അരങ്ങില്‍ എന്റെ ഗുരു. ഞാനാകെ തകര്‍ന്നുപോയി. എന്റെ അതേ ഐറ്റം തൊട്ടുമുമ്പ് വേറൊരു കുട്ടിയെക്കൊണ്ട് അവതരിപ്പിക്കുക. പക്ഷേ എന്തോ, ദൈവം ഇതൊക്കെ കണ്ടിട്ടുണ്ടാവും. ഇല്ലെങ്കില്‍ അത്തവണയും ഞാന്‍ തന്നെ ഒന്നാമതെത്തില്ലല്ലോ.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴുള്ള സംസ്ഥാന കലോത്സവം. ഏറ്റുവുമധികം പോയിന്റുനേടി ഞാന്‍ മുന്നിലെത്തിയിരിക്കുന്നു. ഞാന്‍ കലാതിലകമാവുമെന്ന് എല്ലാവരും ഉറപ്പിച്ചുകഴിഞ്ഞു. പ്രഖ്യാപനം വന്നാല്‍ മതി. അപ്പോഴേക്കും അണിയറയില്‍ അടുത്ത ചതിക്കുള്ള ഒരുക്കങ്ങളായിരുന്നു. രണ്ടാം സ്ഥാനത്തുള്ള കുട്ടിയുടെ അച്ഛനും അമ്മയും വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്നവരാണ്. അവരുടെ മകള്‍ക്ക് ഒരിനത്തില്‍ ഫസ്റ്റില്ല, പക്ഷേ അവര്‍ അപ്പീലിലൂടെ ഫസ്റ്റ് വാങ്ങിച്ചെടുത്തു. ഒരു പോയിന്റിന് എന്നേക്കാള്‍ മുന്നിലെത്തിയ അവള്‍ കലാതിലകമായി. ഇങ്ങനെ വഴി വിട്ട എന്തൊക്കെ കളികള്‍.

മറ്റൊരു വേദി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍സോണ്‍ കലോത്സവം നടക്കുന്നു. ആദ്യയിനം ഭരതനാട്യമാണ്. എനിക്ക് ഫസ്റ്റും സെക്കന്‍ഡും തേഡുമില്ല. അടുത്തയിനവും പൂര്‍ത്തിയായി. എനിക്കതിനും സമ്മാനമില്ല. അപകടം മനസ്സിലായി. അന്നത്തെ യൂണിവേഴ്‌സിറ്റി യൂണിയന്‍കാരുടെ ഒത്തുകളിയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം സപ്പോര്‍ട്ടുചെയ്യുന്ന ഒരു കുട്ടിയെ ജയിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇത്രയും കാലം ഏതെങ്കിലും ഒരു സ്ഥാനത്ത് വന്നിട്ട് ഇപ്പോള്‍ അതൊന്നുമില്ലാതെയാവുക. ഞാന്‍ കരഞ്ഞുകൊണ്ടാണ് ആ വേദിയില്‍നിന്ന് ഇറങ്ങിയത്. പി.ജി. എത്തിയപ്പോള്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനിയീ കിടമത്സരത്തിന്റെ വേദിയിലേക്കില്ല. ജീവിക്കാനുള്ള കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങണമല്ലോ.

വീടില്ലാതെ കുറെക്കാലം

അന്ന് കുറ്റിപ്പുറം കലോത്സവം നടക്കുകയാണ്. എം.എ.ബേബിയാണ് വിദ്യാഭ്യാസ മന്ത്രി. എന്റെ വീട് ജപ്തി ചെയ്ത് പോയതറിഞ്ഞപ്പോള്‍ അദ്ദേഹം വേദിയില്‍വെച്ച് പ്രഖ്യാപിച്ചു, പാര്‍വതി രാജിന് വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. അത് വലിയ വാര്‍ത്തയായി. ഞങ്ങള്‍ പ്രതീക്ഷിച്ചു. പിന്നെ ഒരു ചലനവുമില്ല. പുതിയ സര്‍ക്കാര്‍ വന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത് ഒരു സ്‌കോളര്‍ഷിപ്പിനുവേണ്ടി പോയപ്പോഴാണ് വീടിന്റെ കാര്യം വീണ്ടും ചര്‍ച്ചയാവുന്നത്. അദ്ദേഹം ഇടപെട്ട് കോഴിക്കോട് കക്കോടിയില്‍ ഒരു സ്ഥലം അനുവദിച്ചു. അതൊരു കുന്നിന്‍മുകളിലായിരുന്നു. ഇപ്പോള്‍ നീലേശ്വരത്ത് മറ്റൊരു സ്ഥലം തരുമെന്ന് പറയുന്നുണ്ട്.

നൃത്തത്തിനുവേണ്ടി നടന്നതുകൊണ്ട് ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാലും എനിക്ക് ഇത് മനസ്സില്‍നിന്ന് മായ്ച്ചുകളയാനാവില്ല. ഈ കലയുടെ പേരിലാണ് ഒരുപാട് നല്ല മനുഷ്യരെ ഞാന്‍ കണ്ടുമുട്ടിയത്. മൂന്നുവര്‍ഷം ബി.സോണില്‍ കലാതിലകപട്ടം നേടുമ്പോള്‍ എന്റെ പിന്നില്‍ ശക്തിയായി നിന്ന വയനാട് ഡബ്ല്യു എം ഒ കോളേജിലെ പ്രിന്‍സിപ്പലും മാനേജരും. അതേപോലെ എത്രയെത്ര നല്ല മനുഷ്യര്‍.

ഇപ്പോഴും അഞ്ചാറ് ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. അത് തീര്‍ക്കാനുള്ള യാത്രയിലാണ് ഞാന്‍. സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട്. ഇതിനൊപ്പം പി.ജി.ക്ക് പഠിക്കുന്നു. എന്തൊക്കെ വന്നാലും ഇനിയും എനിക്ക് നൃത്തത്തിനൊപ്പം ജീവിക്കണം.