MATHRUBHUMI RSS
Loading...

പരീക്ഷപ്പനിക്ക് സ്വയം ചികിത്സ

പുതിയ സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍, ശ്രദ്ധാപൂര്‍വ്വം എന്തെങ്കിലും ചെയ്യേണ്ടിവരുമ്പോള്‍ ഒക്കെ ചിലര്‍ വയര്‍ക്കുകയും നേരിയതോതില്‍ വിറയ്ക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? ഇവര്‍ വെപ്രാളക്കാരാണെന്ന് ചിലര്‍ പറയും. ഉല്‍ക്കണ്ഠയാണ് ഇവരുടെ പ്രശ്‌നം.

എന്താണ് ഉല്‍ക്കണ്ഠ? ഏതു വികാരത്തിന്റെയും വേലിയേറ്റം ഉല്‍ക്കണ്ഠയാണ്. അനന്തര ഫലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള ഭീതിദമായ ചിന്തയാണ് ഉല്‍ക്കണ്ഠ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ഒരു പ്രവൃത്തി ചെയ്യാനാരംഭിക്കുമ്പോള്‍ അതിനോട് ബന്ധപ്പെട്ട് ഉല്‍ക്കണ്ഠയുടെ ഒരു വ്യൂഹം പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രവൃത്തിയെ പൂര്‍ണതയിലെത്തിക്കാനുള്ള വൈകാരികോര്‍ജ്ജം സംഭാവന ചെയ്യുന്നത് മിതമായ ഉല്‍ക്കണ്ഠതന്നെ. എന്നാല്‍ ഇത് സൃഷ്ടിപരമാണ്. പ്രവൃത്തി പൂര്‍ണമാവുന്നതോടെ ഉല്‍ക്കണ്ഠയും അസ്തമിക്കും. പ്രവൃത്തികള്‍ അപൂര്‍ണ്ണമായി നിര്‍ത്തേിവരുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠ നീണ്ടുനില്‍ക്കും. വ്യക്തിയെ അസ്വസ്ഥനാക്കും. നന്നായി ഉത്തരമെഴുതാന്‍ കഴിയാതിരുന്ന ചോദ്യങ്ങള്‍ പരീക്ഷ കഴിഞ്ഞ് വളരെ നാളേക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കുന്നത് ഈ പ്രതിഭാസത്താലാണ്.

ഉല്‍ക്കണ്ഠ പ്രശ്‌നമാവുന്നതെപ്പോഴാണ് ? ഓരോരുത്തര്‍ക്കും താങ്ങാനാവുന്ന പരിധിക്ക് മുകളിലാവുമ്പോഴാണ് ഇത് വ്യക്തിയെ അസ്വസ്ഥനാക്കുന്നത്. മത്സരത്തിനും വിജയത്തിനും മുന്‍തൂക്കമുള്ള ഈ കാലഘട്ടത്തില്‍ വൈകാരിക സംഘര്‍ഷവും പിരിമുറുക്കവും മനുഷ്യന്റെ സന്തത സഹചാരിയായി മാറിയിരിക്കുന്നു. കളികളും കായികവിനോദങ്ങളും സുകുമാരകലകളുമൊക്കെ ഉല്‍ക്കണ്ഠയും പിരിമുറുക്കവും അകറ്റാന്‍ പര്യാപ്തങ്ങളാണ്.

എന്നാല്‍, രോഗത്തിന്റെ അവസ്ഥയിലുള്ള ഉല്‍ക്കണ്ഠ ഇതുകൊണ്ട് മാറണമെന്നില്ല. വ്യക്തി സ്വന്തം അനുഭവങ്ങളില്‍നിന്ന് പഠിച്ചെടുക്കുന്ന അനാരോഗ്യകരമായ സ്വഭാവമാണ് ഉല്‍ക്കണ്ഠ. ഇതിന്റെ വിപരീതാവസ്ഥയാണ് പ്രശാന്തി അഥവാ റിലാക്‌സേഷന്‍. പ്രശാന്തി ശീലി ക്കുന്നതോടെ ഉല്‍ക്കണ്ഠ പമ്പകടക്കും. ഇത് സ്വയം ശീലമാക്കാവുന്നതേയുള്ളൂ.

ഈ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉല്‍ക്കണ്ഠയും പിരിമുറുക്കവും അനുഭവനപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം പ്രശാന്തി കൈവരിക്കാനുള്ള പരിശീലനം ആരംഭിക്കാം. ധ്യാനവും യോഗയും അതിനുള്ള മാര്‍ഗങ്ങളാണ്. മനഃശാസ്ത്രജ്ഞര്‍ സാധാരണയായി ഉപദേശിക്കാറുള്ള റിലാക്‌സേഷന്‍ മാര്‍ഗങ്ങളും പ്രയോജനപ്രദമാണ്. ഇതൊന്നുമല്ലെങ്കില്‍ സ്വസ്ഥമായി ഒരിടത്തിരുന്ന് 10 മിനിട്ടോളം ശ്വാസോച്ഛ്വാസം ശ്രദ്ധിച്ചാലും മതി. ഒരാഴ്ചത്തെ പരിശീലനത്തിലൂടെ പ്രശാന്തി ശീലമാക്കാം.

പിരിമുറുക്കം ഉണ്ടാവുന്ന രംഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ എഴുതിവെക്കുക. ഏറ്റവും കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കുന്ന രംഗം ഏറ്റവും ഒടുവില്‍ - ഉദാഹരണമായി പരീക്ഷയെ ഭയക്കുന്ന വിദ്യാര്‍ത്ഥി എഴുതിയേക്കാവുന്ന ലിസ്റ്റ് താഴെക്കൊടുക്കുന്നു:

1 സ്‌ക്കൂള്‍ തുറക്കുന്ന ദിവസം (ഉല്‍ക്കണ്ഠ ഏറ്റവും കുറവ്);
2 പരീക്ഷയെപ്പറ്റി അധ്യാപകന്‍ പറയുന്നു;
3 ടൈംടേബിള്‍ കിട്ടുന്നു;
4 പരീക്ഷാ ദിവസം രാവിലെ ഉണരുന്നു;
5 പരീക്ഷയ്ക്കുപോകാന്‍ തയ്യാറെടുക്കുന്നു;
6 പരീക്ഷ തുടങ്ങുന്നു. (ഏറ്റവും കൂടുതല്‍ ഉല്‍ക്കണ്ഠ).

സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് പ്രശാന്തി കൈവരിക്കുക. ഒന്നു മുതല്‍ ആറുവരെയുള്ള രംഗങ്ങള്‍ എല്ലാ വിശദാംശങ്ങളോടും കൂടി മനസ്സില്‍ കൊ ണ്ടുവരിക. രണ്ടാമത്തെ രംഗത്ത് എത്തുമ്പോള്‍ ഉല്‍ക്കണ്ഠ ഉണ്ടാവുന്ന പക്ഷം, ആ രംഗം വിഭാവനം ചെയ്യുന്നതു നിര്‍ത്തി, പ്രശാന്തി കൈവരിക്കുക. വീണ്ടും ആദ്യരംഗംമുതല്‍ വിഭാവനംചെയ്തു തുടങ്ങുക. ഇങ്ങനെ ഏതാനും ആഴ്ചകള്‍ കൊണ്ട് ഒടുവിലത്തെ രംഗവും ഉല്‍ക്കണ്ഠകൂടാതെ വിഭാവനം ചെയ്യാനാവും.

മുന്‍പ് ഏറെ പിരിമുറുക്കം ഉണ്ടാക്കിയിരുന്ന രംഗം ശാന്തമായി മനസ്സില്‍ നേരിടാനുള്ള കഴിവു നേടുന്നതോടെ സ്വയം ചികിത്സയുടെ പ്രധാനഘട്ടം കഴിഞ്ഞു. ഇങ്ങനെ തുടര്‍ന്നാല്‍ ഭാവനയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും പ്രശ്‌നങ്ങളെ നെഞ്ചിടിപ്പും വിറയലും കൂടാതെ നേരിടാനാവും..പരീക്ഷപ്പനി അനുഭവപ്പെടുന്നവര്‍ക്ക് ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

drhari7@hotmail.com