MATHRUBHUMI RSS
Loading...
മനസ്സുണ്ടെങ്കില്‍ എന്തും...
എ.എസ്.ജിബിന

സര്‍വകലാവല്ലഭയെന്ന് തോപ്പുംപടിക്കാരി മാഗ്ലിന്‍ ജാക്‌സനെ കണ്ണും പൂട്ടി വിളിക്കാം... പന്ത്രണ്ടാം വയസ്സില്‍ എട്ട് കുട്ടികളെ നൃത്തം പഠിപ്പിച്ച് തട്ടില്‍ കയറ്റിയപ്പോള്‍ മാഗ്ലിന് ലഭിച്ചത് സ്റ്റീല്‍ ഗ്ലാസ്സും ട്രേയുമാണ്.. ആദ്യ സമ്മാനം മാഗ്ലിന്‍ ഇന്നും സൂക്ഷിക്കുന്നു. നൃത്തത്തിലും പാട്ടിലും മാത്രമല്ല... വലിയൊരു ഭാഷാ പരിജ്ഞാനി കൂടിയാണ് മാഗ്ലിന്‍. ഏഴ് ഭാഷകളറിയാം. ഹിന്ദി, മറാഠി, കൊങ്കണി, തമിഴ്, കന്നട, മലയാളം, ഇംഗ്ലീഷ് എന്നിവയാണവ. ഓരോ ഭാഷയുടേയും ഉച്ചാരണ രീതി പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് മാഗ്ലിന്‍ സംസാരിക്കുന്നത്. സംസാരം കേട്ടാല്‍ ആ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ പോലും പറയില്ല മാഗ്ലിന്‍ ആ നാട്ടുകാരിയല്ലയെന്ന്.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹം. ഭര്‍ത്താവ് ജാക്‌സന് കപ്പലിലായിരുന്നു ജോലി. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്ത് ഭര്‍ത്താവിനോടൊപ്പം താമസിക്കേണ്ടി വന്നു. ആ യാത്രകളിലൂടെയാണ് മറ്റു ഭാഷകള്‍ ഹൃദിസ്ഥമാക്കിയത്. ബോംബെയിലെത്തിയപ്പോള്‍ മലയാളം മാത്രം അറിയാമായിരുന്ന മാഗ്ലിന് വീര്‍പ്പുമുട്ടി. എവിടെയും ഹിന്ദിയും മറാഠിയും മാത്രം.

തനിക്ക് കൈകാര്യം ചെയ്യാനറിയില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടായിരുന്നിട്ടും മാഗ്ലിന്‍ സംസാരിക്കാന്‍ തുടങ്ങി. അത് കേട്ടവര്‍ ഭാഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്തുമ്പോള്‍ അപകര്‍ഷതാബോധമൊന്നും തോന്നിയില്ല... മറിച്ച് ഭാഷ വ്യക്തമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൂടി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറാഠിയും ഹിന്ദിയും തെറ്റുകൂടാതെ പറയാന്‍ തുടങ്ങി. ബാംഗ്ലൂരിലെത്തിയപ്പോള്‍ കന്നടയും ഗോവയിലെത്തിയപ്പോള്‍ കൊങ്കണിയും പഠിച്ചു. തമിഴും വേഗം പഠിച്ചു.

മാഗ്ലിന്‍ നേടിയെടുത്ത ഭാഷാപരിജ്ഞാനം അതേ വേഗത്തില്‍ നേടിയെടുക്കാന്‍ ജാക്‌സനായില്ല. കേട്ടാല്‍ മനസ്സിലാവുമെന്നല്ലാതെ തിരിച്ച് പറയാന്‍ ജാക്‌സനിന്നും അറിയില്ല. മാഗ്ലിനോട് ഇത്രയും വേഗത്തില്‍ ഭാഷ എങ്ങനെ പഠിച്ചെടുത്തുവെന്ന് ചോദിച്ചാല്‍... 'അത് എങ്ങനെയാണെന്ന് എനിക്കും അറിയില്ല.. ദൈവാനുഗ്രഹം കൊണ്ടാവും' എന്ന ഉത്തരമാണ് ലഭിക്കുക. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ ദമ്പതിമാരോട് സംസാരിച്ചപ്പോള്‍ അവര്‍ ചോദിച്ചത് ഇവിടെ താമസമാക്കിയിട്ട് എത്രനാളായി എന്നാണ്. മലയാളിയാണെന്ന് എത്ര പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.

കേരളത്തില്‍ ആദ്യമായി ഫാബ്രിക്ക് പെയിന്റ് ചെയ്തതിന്റെ ക്രെഡിറ്റും മാഗ്ലിനാണ്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പായിരുന്നു അത്. പങ്ക് മേക്കപ്പ് (ടാറ്റൂയിങ്) കേരളത്തെ പരിചയപ്പെടുത്തിയതും മാഗ്ലിനാണ്. മ്യൂറല്‍ പെയിന്റിങ് ഒഴിച്ച് ചിത്രകലയുടെ മറ്റുവഴികളിലൂടെയെല്ലാം മാഗ്ലിന്‍ സഞ്ചരിച്ചിട്ടുണ്ട്.

മ്യൂറല്‍ പെയിന്റിങ് സ്വന്തമായി പരീക്ഷിച്ച് നോക്കിയെങ്കിലും വരച്ച ചിത്രങ്ങള്‍ക്ക് പൂര്‍ണത ലഭിച്ചില്ല. അതുകൊണ്ടിത് നല്ലൊരു ഗുരുവിന് കീഴില്‍ അഭ്യസിക്കാനുള്ള ഒരുക്കത്തിലാണ്.

നമുക്ക് ആവശ്യമില്ലാത്ത എന്തെങ്കിലും മാഗ്ലിന്റെ കൈയിലേക്ക് കൊടുത്ത് നോക്കൂ... നിമിഷങ്ങള്‍ക്കുള്ളില്‍ അത് മനോഹരമായ വസ്തുവായി മാറും.

വസ്ത്രങ്ങള്‍ തയ്ച്ച ശേഷമുള്ള വെട്ടു കഷ്ണങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ മനോഹരമായ ഉടുപ്പ്, വൂളനില്‍ തീര്‍ത്ത വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഷോളുകള്‍, വിവിധയിനം പൂക്കള്‍, ബൊക്കെകള്‍, വയര്‍ കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം മാഗ്ലിന്റെ കരവിരുതില്‍ പിറന്നിട്ടുണ്ട്.

തോപ്പുംപടിയില്‍ 'ഹെര്‍ ചോയ്‌സ്' എന്ന ബ്യൂട്ടിപാര്‍ലര്‍ മാഗ്ലിന്‍ നടത്തുന്നുണ്ട്. സ്ത്രീകളെ മേക്കപ്പിലൂടെ സുന്ദരികളാക്കണം എന്ന ആഗ്രഹമാണിതിന് പ്രചോദനം.

ഇരുപത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ സുന്ദരികളെ മാത്രമല്ല സ്ത്രീകളെ സുന്ദരികളാക്കാന്‍ കൈവിരുതുള്ള നിരവധി ബ്യൂട്ടീഷനുകളേയും വാര്‍ത്തെടുത്തു. താന്‍ പഠിപ്പിച്ച വിദ്യാര്‍ഥികളെ ഒരുമിച്ചു കൂട്ടി വിദ്യാര്‍ഥിസംഗമം സംഘടിപ്പിക്കണമെന്ന പദ്ധതിയും മാഗ്ലിനുണ്ട്.

മുടിയുടെ ഭംഗി വര്‍ധിപ്പിക്കുന്നതിനുള്ള കോഴ്‌സ് മാഗ്ലിന്‍ പഠിച്ചത് ലണ്ടനില്‍ നിന്നാണ്.

വിവിധ ഡിസൈനുകളില്‍ മെഹന്തിയിടാനും കഴിയും. മെഹന്തിയിടാനായി വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും മാഗ്ലിനെ തേടി എത്താറുണ്ട്. വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് മാഗ്ലിനെ ക്ഷണിക്കുകയും ചെയ്തു. പേപ്പര്‍ ഉപയോഗിച്ച് ആഭരണങ്ങളുണ്ടാക്കുന്നതിലും വിദഗ്ധയാണ്.

വ്യാപാര വ്യവസായ സംഘടനയുടെ വനിതാവിങ് മേഖലാ ചെയര്‍പേഴ്‌സണ്‍, കൈപ്പുണ്യമുള്ള പാചകറാണി, പൂന്തോട്ട നിര്‍മാണ വിദഗ്ധ എന്നീ വിശേഷണങ്ങളും മാഗ്ലിന് സ്വന്തം. എനിക്കൊന്നിനും സമയമില്ല... ഞാന്‍ തിരക്കിലാണ്... എന്ന് പരിഭവിക്കാതെ സമയത്തെ പൂര്‍ണമായി വിനിയോഗിച്ച് മാഗ്ലിന്‍ മുന്നേറുന്നു. ഒപ്പം പിന്തുണയുമായി ഭര്‍ത്താവ് ജാക്‌സനും മക്കള്‍ നിഷ, നിമ്മി സ്റ്റെബി, നീല്‍ എന്നിവരുമുണ്ട്.