MATHRUBHUMI RSS
Loading...
നാടകവേദിയിലെ ബിയാട്രീസ്‌

കൊയ്ത്തുകഴിഞ്ഞ പാടത്ത് തയ്യാറാക്കിയ ഒരു വേദിയായിരുന്നില്ല അത്. നാടകാസ്വാദകരായി മുന്നില്‍ ഇരിക്കുന്നത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും ഡോ.രാജേന്ദ്രപ്രസാദും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. കേരളത്തിലെ നിരവധി വേദികളില്‍ അഭിനയിച്ച നാടകമാണെങ്കിലും മുന്നിലിരിക്കുന്ന ആസ്വാദക സദസ്സ് മനസ്സിനെ അല്പം ഭയപ്പെടുത്തി. അതോടൊപ്പം ശരീരത്തില്‍ തെളിഞ്ഞുതുടങ്ങിയ ചിക്കന്‍പോക്‌സിന്റെ ലക്ഷണങ്ങളും. എന്നാല്‍ 'പുതിയ ആകാശം പുതിയ ഭൂമി'യിലെ കഥാപാത്രമായി വേദിയില്‍ എത്തിയപ്പോള്‍ ശരീരത്തെ നുറുക്കുന്ന വേദനയ്ക്കും കലശലായ പനിക്കും അല്പനേരത്തേക്ക് മാറിനില്‍ക്കേണ്ടി വന്നു. ആ നാടകത്തിലെ പൊന്നമ്മയെ പൂര്‍ണമായി ഉള്‍ക്കൊണ്ടപ്പോള്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കൊപ്പം ആസ്വാദകസദസ്സിനോടുള്ള ഭയവും മാറുകയായിരുന്നു... പ്രൊഫഷണല്‍ നാടകവേദികള്‍ വിട്ട് വിശ്രമജീവിതം നയിക്കുന്ന ബിയാട്രീസിന്റെ ഓര്‍മകള്‍ അരനൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പാഞ്ഞു.

എട്ടാം വയസ്സുമുതല്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ബിയാട്രീസ് എന്ന ഫോര്‍ട്ടുകൊച്ചിക്കാരി നാടകവേദികളില്‍ എത്തുന്നത്. കലയ്ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടാതിരുന്ന അന്നത്തെ കാലഘട്ടത്തില്‍ ബിയാട്രീസിന് അച്ഛന്റെയും സഹോദരന്‍മാരുടെയും പൂര്‍ണപിന്‍തുണ ലഭിച്ചിരുന്നു. കലാമണ്ഡലത്തില്‍ ഒരുവര്‍ഷം നൃത്ത പഠനം പൂര്‍ത്തിയാക്കിയ ബിയാട്രീസ് 1957ലാണ് കെ.പി.എ.സി.യില്‍ എത്തുന്നത്. 'സര്‍വേക്കല്ല്' ആയിരുന്നു ബിയാട്രീസിന്റെ ആദ്യ നാടകം. അഭിനയം മാത്രമുണ്ടായിരുന്ന നാടകവേദിയില്‍ ബിയാട്രീസിന്റെ വരവോടുകൂടി നൃത്തത്തിനും പ്രാധാന്യം വന്നുതുടങ്ങുകയായിരുന്നു. 'മുടിയനായ പുത്ര'നായിരുന്നു കെ.പി.എ.സി.യില്‍ ബിയാട്രീസ് നൃത്തം അവതരിപ്പിച്ച ആദ്യ നാടകം. പിന്നീട് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'എനിക്ക് മരണമില്ല', 'പുതിയ ആകാശം പുതിയ ഭൂമി' തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ബിയാട്രീസ് ജീവന്‍നല്‍കി. ഇതിനിടയിലാണ് നെഹ്രുവിന്റെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയില്‍ നാടകം അവതരിപ്പിക്കുവാന്‍ അവസരം കിട്ടുന്നത്.

1962-ലായിരുന്നു പത്തനംതിട്ട സ്വദേശി ജോസഫുമായുള്ള വിവാഹം. തുടര്‍ന്നുള്ള എട്ട് വര്‍ഷത്തേക്ക് നാടകവേദിയോട് അവധി പറഞ്ഞ് ബിയാട്രീസ് ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ താമസമാക്കുകയായിരുന്നു. എന്നാല്‍, വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഭര്‍ത്താവിന്റെ വേര്‍പാട്. മൂത്തമകള്‍ക്ക് അഞ്ച് വയസ്സും ഇളയമകള്‍ക്ക് ഒരുവയസ്സുമാത്രമുള്ളപ്പോഴായിരുന്നു ജോസഫിന്റെ മരണം. ജീവിതത്തിന്റെ കൈത്താങ്ങ് നഷ്ടമായ ബിയാട്രീസ് വീണ്ടും നാടകവേദികളില്‍ എത്തുകയായിരുന്നു. 1971 മുതല്‍ നാടകവേദികളില്‍ സജീവമായ ബിയാട്രീസ് 78-ല്‍ കെ.പി.എ.സി. വിട്ടു. പിന്നീട് കൊച്ചിന്‍ സംഘമിത്ര, സൂര്യസോമ, പൂഞ്ഞാര്‍ നവധാര, അങ്കമാലി പൂജ എന്നീ നാടക സമിതികളില്‍ അഭിനയിച്ചു. 1988-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും 1998-ല്‍ അങ്കമാലി പൂജയുടെ ദേശവിളക്കിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. പൂഞ്ഞാര്‍ നവധാരയുടെ 'അക്ഷയമാനസത്തിന്' പി.ഒ.സി.യുടെ അവാര്‍ഡും ബിയാട്രീസ് നേടിയിരുന്നു. തോപ്പുംപടി കൂവപ്പാടത്ത് മൂത്ത മകള്‍ ആഷയ്ക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന ബിയാട്രീസ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നാടകത്തിലായിരുന്നപ്പോള്‍ 'ഒരു സുന്ദരിയുടെ കഥ', 'ഏണിപ്പടികള്‍' എന്നിവയില്‍ ബിയാട്രീസ് അഭിനയിച്ചിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ ചിത്രീകരണം നടത്തിയ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലിലും ബിയാട്രീസ് ചെറിയ വേഷം ചെയ്തിരുന്നു. ബിന്ദുവാണ് ബിയാട്രീസിന്റെ ഇളയ മകള്‍.