MATHRUBHUMI RSS
Loading...
ഭാഷകളുടെ സഹോദരി
ടി.പി.രാജീവന്‍

വത്തിക്കാനില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ബിഷപ്പുമാരുടെ സിനഡില്‍ മാര്‍പ്പാപ്പയുടെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത 11 കന്യാസ്ത്രീമാരില്‍ ഇന്ത്യയില്‍നിന്നുള്ള ഏകവ്യക്തി സിസ്റ്റര്‍ രേഖ ചേന്നാട്ട് ആയിരുന്നു. ലോകത്തെ പ്രധാന ഭാഷകളിലെല്ലാം അനായാസം സംസാരിക്കുവാനും എഴുതുവാനുമുള്ള സിസ്റ്ററുടെ കഴിവിനുള്ള അംഗീകാരം കൂടിയായിരുന്നു അത്. റിലീജ്യസ് ഓഫ് ദി അസംപ്ഷന്‍ എന്ന സംന്യാസിനി സഭയുടെ പ്രൊവിന്‍ഷ്യാളായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ 60ലേറെ അന്താരാഷ്ട്ര സെമിനാറുകളില്‍ വിവിധ ഭാഷകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഹംഗേറിയന്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പുസ്തകങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്.

ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഹംഗേറിയന്‍, ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിന്‍, സിറിയന്‍, ഹീബ്രു, അല്‍മായ ഭാഷയായ അറമേക്ക് എന്നീ ഭാഷകളില്‍ ബൈബിളിനെക്കുറിച്ച് നടത്തിയ നിരന്തര ഗവേഷണമാണ് ഭാഷകളെ നെഞ്ചോട് ചേര്‍ക്കാന്‍ സിസ്റ്റര്‍ രേഖയെ പ്രാപ്തയാക്കിയത്. മലയാളത്തിനു പുറമെ മറാഠി, ഹിന്ദി, മണിപ്പൂരി, അസമീസ് പോലുള്ള ഇന്ത്യന്‍ ഭാഷകളിലും സിസ്റ്റര്‍ക്ക് പ്രാവീണ്യമുണ്ട്. നെല്ലിക്കുറ്റിക്കടുത്ത കോട്ടക്കുന്നിലെ കുടിയേറ്റ കര്‍ഷകനായ ജോസഫ് ചേന്നാട്ടിന്റെയും മറിയത്തിന്റെയും മകളായ സിസ്റ്റര്‍ രേഖ നെല്ലിക്കുറ്റി ഗാന്ധിസ്മാരക യു.പി.യിലെയും ചെമ്പേരി നിര്‍മലാ ഹൈസ്‌കൂളിലെയും പഠനത്തിനുശേഷം പാലാ അല്‍ഫോന്‍സാ കോളേജില്‍നിന്ന് പ്രീഡിഗ്രി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ശേഷമാണ് വൈദികപഠനത്തിന് ചേര്‍ന്നത്. ബിരുദത്തിനുശേഷം റോമിലെ ബൈബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നാലുവര്‍ഷത്തെ പഠനം. തുടര്‍ന്ന് വാഷിങ്ടണിലെ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍നിന്ന് ബൈബിള്‍ പഠനത്തില്‍ പിഎച്ച്.ഡി. നേടുകയും ചെയ്തു.

ഇതിനകം അഞ്ചുഭൂഖണ്ഡങ്ങളിലായി 32ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള സിസ്റ്റര്‍ എല്ലാ രാജ്യങ്ങളിലും വൈദിക വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ദൈവശാസ്ത്രത്തിന്റെ അറിവുകള്‍ മാത്രമല്ല, ഓരോ വ്യക്തിയും വിശ്വാസത്തിനും ധാര്‍മികതയിലും അടിയുറച്ച ജീവിതത്തിലൂടെ ലോകത്തിന്റെ ഉത്തമ പൗരന്മാരായി മാറേണ്ടത് എങ്ങനെയാണെന്നും പഠിപ്പിക്കുന്നു.

തിരക്കുകള്‍ക്കിടയിലും പുണെയിലെ ജ്ഞാന-ദീപ വിദ്യാപീഠത്തില്‍ തിയോളജിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരുന്ന സിസ്റ്റര്‍ രേഖ ലോകത്തെ പല പ്രധാനപ്പെട്ട ആധ്യാത്മിക-ബൈബിള്‍ സംഘടനകളുടെയും സജീവ ഭാരവാഹി കൂടിയാണ്. അമേരിക്കയിലെ കാത്തലിക് ബൈബ്ലിക്കല്‍ അസോസിയേഷന്‍ (സി.ബി.എ.), സൊസൈറ്റി ഓഫ് ബൈബ്ലിക്കല്‍ ലിറ്ററേച്ചര്‍ (എസ്.ബി.എല്‍.-യു.എസ്.എ.), ബൈബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോമിലെ പൂര്‍വവിദ്യാര്‍ഥി സംഘടന ജപ്പാനിലെ ഏഷ്യന്‍ ക്രിസ്ത്യന്‍ റിവ്യൂവിന്റെ പത്രാധിപസമിതി, ഇന്ത്യന്‍ വുമണ്‍ തിയോളോജീയന്‍സ് ഫോറം, എക്ലേഷ്യാ ഓഫ് വുമണ്‍ ഏഷ്യ, ഇന്ത്യയിലെ സൊസൈറ്റി ഓഫ് ബൈബ്ലിക്കന്‍ സ്റ്റഡീസ്, എന്നിവയിലെ ഭാരവാഹിത്വത്തിന് പുറമെ ക്രിസ്ത്യന്‍ ആഗോള പ്രസിദ്ധീകരണമായ വേഡ് ഓഫ് ഗോഡിന്റെ സീനിയര്‍ എഡിറ്ററുമാണ്.

'Johannie Discipleship as a Convent relationship' എന്ന അമേരിക്കന്‍ പുസ്തകമാണ് സിസ്റ്ററുടെ ആദ്യകൃതി. ഹംഗേറിയന്‍ ഭാഷയില്‍ 'A Bibilica as az Indiai Exeqezis' എന്ന പുസ്തകവും എഴുതി. 'Biblical women as agents of a Social Changes', 'A new Commentary on Johns Gospal' എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പുതിയ നിയമത്തെക്കുറിച്ചുള്ള സമകാലിക വായന, സെന്റ് പോളിന്റെ എഴുത്തുകള്‍ എന്നീ പുസ്തകങ്ങളുടെ സഹ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിലീജ്യസ് ഓഫ് അസംപ്ഷന്‍ സംന്യാസിനി സമൂഹത്തിന്റെ പുണെയിലെ ആസ്ഥാനത്തിന് കീഴില്‍ കേരളത്തില്‍ പ്രധാനമായും നാലു കേന്ദ്രങ്ങളാണുള്ളത്. പാല, കോഴിക്കോട്, മലാപ്പറമ്പ്, ശ്രീകണ്ഠപുരത്തെ ചേപ്പറമ്പ്, നിലമ്പൂരിലെ തേള്‍പ്പാറ എന്നിവിടങ്ങളില്‍ മഠങ്ങളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന സിസ്റ്റര്‍ രേഖയുടെ പ്രധാന പ്രവര്‍ത്തനം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗ്രാമീണ ജനങ്ങളുടെ ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയിലാണ്. ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 32 രാജ്യങ്ങള്‍ പിന്നിട്ട സിസ്റ്ററിന്റെ ലോകസഞ്ചാരത്തിന്റെ പട്ടികയില്‍ ഈ വര്‍ഷം എത്യോപ്യ ഉള്‍പ്പെടെ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടിയുണ്ടാകും.

സിസ്റ്റര്‍ രേഖയുടെ അഞ്ച് സഹോദരങ്ങളില്‍ മൂന്നുപേര്‍ കൂടി വൈദിക-സന്യാസി സഭകളിലാണ്. മൂത്ത സഹോദരി സിസ്റ്റര്‍ ഗീത മധ്യപ്രദേശിലാണ്. എയ്ഡ്‌സ് ബോധവത്കരണം, പുനരധിവാസം എന്നീ മേഖലകളിലെ സേവനത്തിന് കഴിഞ്ഞവര്‍ഷം മധ്യപ്രദേശ് സര്‍ക്കാറിന്റെ അവാര്‍ഡും സിസ്റ്റര്‍ ഗീതക്ക് ലഭിച്ചു. ഇളയ സഹോദരി നല്‍ക്കിലക്കാട് സലേഷ്യന്‍ സഭാ മഠത്തിലെ സിസ്റ്റര്‍ ആനിയും സാമൂഹികസേവനരംഗത്ത് സജീവം. മലയോരത്തെ വിവിധ ഇടവകകളില്‍ വൈദികനായിരുന്ന സഹോദരന്‍ ഫാ.ബിജു ചേന്നാട്ട് ഇപ്പോള്‍ ബെല്‍ജിയത്തിലാണ്. അമേരിക്കയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറായ സേവി, ആസ്‌ത്രേലിയയില്‍ നഴ്‌സായ ദീപ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞദിവസം മൂന്നുദിവസത്തെ അവധിയില്‍ വീട്ടിലെത്തിയ സിസ്റ്റര്‍ ചെമ്പേരി നിര്‍മലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിമല്‍ ജ്യോതി എന്‍ജിനിയറിങ്ങ് കോളേജിലെയും വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വവികസനത്തിന്റെ ക്ലാസെടുക്കുന്നതിനും സമയം കണ്ടെത്തി. റിലീജ്യസ് ഓഫ് അസംപ്ഷന്‍ ശ്രീകണ്ഠപുരത്ത് ചേപ്പറമ്പില്‍ ആരംഭിക്കുന്ന മഠത്തിന് കീഴില്‍ ഉത്തരമലബാറിലെ അവികസിത ഗ്രാമങ്ങളില്‍ സേവനപദ്ധതി ആംരഭിക്കുവാനുള്ള ശ്രമത്തിലുമാണ് അവര്‍. ഭാഷകളെയും അറിവുകളെയും കീഴടക്കുമ്പോഴും കൂടുതല്‍ വിനയാന്വിതയാകുന്നു മലയാളത്തിന്റെ ഈ അഭിമാനം. പ്രയാസകരമായ എന്തിനെയും കീഴടക്കാന്‍ സാധ്യമാണെന്ന സന്ദേശമാണ് ക്ലാസുകളിലെല്ലാം സിസ്റ്റര്‍ രേഖ നല്‍കുന്നത്.

സാധ്യമാണ് പക്ഷേ പ്രയാസകരം എന്ന അലസമനോഭാവം പുതിയ തലമുറ ഉപേക്ഷിക്കണമെന്ന് സിസ്റ്റര്‍ പറയുന്നു.