MATHRUBHUMI RSS
Loading...

നിദ്രയും സ്വപ്നങ്ങളും


കിടക്കയിലേക്കു ചരിയുമ്പോള്‍ തുടങ്ങി കോഴി കൂവും വരെ തുടരുന്ന ഒരു തുടര്‍ക്കഥയല്ല ഉറക്കം എന്നത്. ആവര്‍ത്തിച്ചു വരുന്ന ഒരു ചക്രത്തിലൂടെയാണ് നിദ്ര മുന്നോട്ടുപോവുന്നത്. മയക്കം കണ്ണുകളിലേക്കു ബാധിക്കുന്ന അവസ്ഥയാണ് ആദ്യത്തേത്, ഈ മയക്കത്തില്‍ നിന്നു വ്യക്തി; ഗാഢനിദ്രയിലേക്കു പോകുന്നു. ഗാഢനിദ്ര കഴിയുന്ന നേരത്താണ് സ്വപ്ന നിദ്ര എത്തിച്ചേരുന്നത്: വീണ്ടും മയക്കത്തിലേക്ക്, അങ്ങനെ ഈ ചക്രം പുലരുന്നതു വരെ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഇനി സ്വപ്നനിദ്ര എന്താണെന്നു പറയാം. മനഃശാസ്ത്രജ്ഞന്മാര്‍ ഇതിനെ REM എന്നു വിളിക്കുന്നു. അടഞ്ഞു കിടക്കുന്ന കണ്‍പോളകള്‍ക്കുള്ളില്‍ കണ്ണുകള്‍ അതിദ്രുതം ചലിക്കുന്നതിനാലാണ് ഇതിനെ Rapid Eye Movement എന്നതിന്റെ ചുരുക്കപ്പേരായ REM എന്നു വിളിക്കുന്നത്.

ഉറങ്ങിക്കിടക്കുന്ന ഒരാളിന്റെ കണ്ണുകള്‍ പോളകള്‍ക്കുള്ളില്‍ ചലിക്കുന്നതായി കണ്ടാല്‍ അയാള്‍ സ്വപ്നം കാണുകയാണെന്നു മനസിലാക്കണം. സംശയം തോന്നുന്നുവെങ്കില്‍ ധൈര്യമായി വിളിച്ചുണര്‍ത്തി ചോദിക്കാം. ആധുനിക സമ്പ്രദായങ്ങള്‍ നിലവില്‍ വന്നതോടെ കണ്ണുകളുടെ ചലനം നോക്കിയിരുന്ന് സ്വപ്നനിദ്ര കണ്ടെത്തേണ്ട ആവശ്യം ഇല്ലാതെവന്നു. തലച്ചോറിന്റെ വൈദ്യുത പ്രതിഭാസങ്ങള്‍ രേഖപ്പെടുത്തുന്ന EEG (Electro Encephalogram) എന്ന് ഉപകരണത്തിന്റെ സഹായത്തോടെ ഇതു പഠിക്കാന്‍ കഴിയും.

വ്യക്തി മയങ്ങാന്‍ തുടങ്ങുന്നതോടെ ഗ്രാഫിലെ സങ്കീര്‍ണതകള്‍ കുറയുന്നു. ഗാഢനിദ്രയില്‍ ഇത് ഏറ്റവും ലളിതമായി ചെറിയ വളവുകളോടെ മുന്നോട്ടു പോവുന്നു. പെട്ടെന്ന് ഒരു നിമിഷം ഗ്രാഫ് വല്ലാതെ സങ്കീര്‍ണമാവുന്നു. ഉണര്‍ന്നിരിക്കുമ്പോഴത്തേതിനോടു സാദൃശ്യമുള്ള വരകള്‍ ഗ്രാഫില്‍ പ്രതൃക്ഷപ്പെട്ടു തുടങ്ങുന്നു, വ്യക്തിയാവട്ടെ അപ്പോഴും നല്ല ഉറക്കത്തില്‍ തന്നെ ഈ അവസ്ഥയാണ് മുമ്പു പറഞ്ഞ REM അവസ്ഥ.

സ്വപ്ന നിദ്രയില്‍ ഒരാള്‍ വിളിച്ചുണര്‍ത്തപ്പെട്ടാലോ? അയാള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങുന്നതോടെ നിദ്രാചക്രം വേഗത്തില്‍ കറങ്ങുന്നു. മയക്കം, ഗാഢനിദ്ര എന്നീയവസ്ഥകള്‍ വേഗത്തില്‍ കടന്ന് സ്വപ്ന നിദ്രയിലെത്തി കറക്കം മന്ദഗതിയിലാവും. അതായത് കഴിഞ്ഞുപോയ ചക്രത്തില്‍ നഷ്ടമായ സ്വപ്നങ്ങള്‍ കൂടി അടുത്ത ചക്രത്തില്‍ ലഭ്യമാവുന്നു.

ഈ നിരീക്ഷണം ശാസ്ത്രജ്ഞരില്‍ കൗതുകം ഉണര്‍ത്തി. ഒരാളുടെ സ്വപ്നനിദ്ര ആവര്‍ത്തിച്ചു തടസപ്പെടുത്തിയാല്‍ എന്തു സംഭവിക്കും എന്നറിയാനായി അടുത്ത ശ്രമം. പരീക്ഷണ വേളയില്‍ വ്യക്തി കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനായികൊണ്ടിരുന്നു. സ്വപ്നനിദ്ര ആവര്‍ത്തിച്ചു തടയപ്പെട്ടപ്പോള്‍ മാസിക വിഭ്രാന്തി പ്രകടപ്പിക്കുകയും ഉണ്ടായി സ്വപ്നങ്ങള്‍ മാനസിക സംതുലനത്തെ വളറെയേറെ സഹായിക്കുന്നു എന്ന് ശാസ്ത്രലോകം മനസിലാക്കിയത് ഈ പരീക്ഷണത്തിലൂടെയാണ്.

സ്വപ്നം കാണുന്നതുപോലെ തന്നെ രസകരമാണ് സ്വപ്ന വ്യാഖ്യാനങ്ങള്‍ കേള്‍ക്കാനും. മനഃശാസ്ത്രത്തിന്റെ തലതൊട്ടപ്പനായ സീഗ്മണ്ട് ഫ്രോയിഡ് ആണ് സ്വപ്നങ്ങടെ അനന്തസാദ്ധ്യതകളെപ്പറ്റി ആദ്യം ബോധവാനായത്. സ്വപ്നങ്ങളെ അബോധമനസിന്റെ രാജരഥ്യമായി അദ്ദേഹം കണക്കാക്കി. സ്വപ്ന വ്യാഖ്യാനം എന്ന പേരില്‍ ഒരു പുസ്തകവും ഫ്രോയിഡ് എഴുതുകയുണ്ടായി. മനോരോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും അദ്ദേഹം സ്വപ്ന വ്യാഖ്യാനം ഉപയോഗപ്പെടുത്തിയിരുന്നു. മനോരോഗ ശാസ്ത്രത്തില്‍ ഇന്നും സ്വപ്നങ്ങളുടെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍, സ്വപ്നം വ്യാഖ്യാനിക്കുക ഒട്ടും എളുപ്പമല്ല. നിത്യജീവിത്തിലെ പ്രശ്‌നങ്ങള്‍തന്നെയാവണം. സ്വപ്നങ്ങളുടെ ഇതിവൃത്തം എന്നില്ല. വായിച്ചതും കേട്ടറിഞ്ഞതുമായ എന്നതും കടന്നുവരാം. നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍തന്നെ വ്യക്തിയുടെ പ്രതീക്ഷകളും സങ്കല്പനങ്ങളുമായി കൂടിക്കലര്‍ന്ന് പ്രതീകവത്കരിക്കപ്പെട്ടാവാം പുറത്തുവരിക.

വേണ്ടത്ര പരിശീലനം ഇല്ലാത്ത ഒരാള്‍ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ വ്യാഖ്യാനം നടത്തുന്നയാളിന്റെ അന്തഃസംഘര്‍ഷങ്ങളാവാം പുറത്തുവരുക. ചില വാരികകളില്‍ കാണുന്ന സ്വപ്നവ്യാഖ്യാനങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഈയിടെ ഒരു പംക്തിയില്‍ വായിച്ച വ്യാഖ്യാനം പറയാം. 'പന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റു' എന്നതാണ് സ്വപ്നം. സ്വപ്നം കണ്ടയാള്‍ കാലതാമസം വിനാ അമേരിക്കയ്ക്കു പോകുമെന്ന് വ്യാഖ്യാനക്കാരന്‍ വിധിച്ചിരിക്കുന്നു! എന്താണാവോ ഇതിലെ യുക്തി.?

സ്വപ്നങ്ങളെപ്പറ്റിയുള്ള മറ്റൊരു പ്രധാന വിശ്വാസം ഇവ സാധിത പ്രായമാവും എന്നതാണ്. ചിലപ്പോള്‍ ശരിയായേക്കാം. പക്ഷേ, ഫലിച്ച സ്വപ്നങ്ങളേക്കാള്‍ എത്രയോ അധികമാണ് ഫലിക്കാതെപോയവ. സ്വപ്നത്തിലെ ദൂരുഹതകള്‍ കൂടുതല്‍ അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണു പാരാ സൈക്കോളജിസ്റ്റുകള്‍.

പ്രായത്തിനും വിദ്യാഭ്യാസ നിലവാരത്തിനും അനുസൃതമായി സ്വപ്നത്തിന്റെ സ്വഭാവത്തിനും മാറ്റം വരുന്നു. സ്വപ്നം ഏതായാലും ജീവശാസ്ത്രപരമായും മനഃശാസ്ത്രപരമായും ഒരു അനിവാര്യത തന്നെയാണ്.

drhari7@hotmail.com